കേരളത്തിന്റെ ഐടി വികസനത്തിന് കുതിപ്പേകാൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയായ ‘യൂ ഹബ്ബ് തിരുവനന്തപുരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം ടെക്നോപാർക്കിൽ വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി മറ്റ് വിശിഷ്ടാതിഥികളോടൊപ്പം നിർവ്വഹിച്ചു. കേരളത്തിലുടനീളം ഹൈലൈറ്റ് ഗ്രൂപ്പ് നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ തുടർച്ചയായി, 300 കോടി രൂപ ചെലവിൽ ടെക്നോപാർക്ക് ഫേസ് IIIയിൽ ഒരുങ്ങുന്ന ഈ പദ്ധതി സംസ്ഥാനത്തെ ഐടി അടിസ്ഥാന സൗകര്യ വികസന മേഖലയെ പാടെ മാറ്റിമറിക്കുന്നതാണ്. അയ്യായിരത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് വൻ കുതിപ്പേകും.
ടെക്നോളജിയുടെയും നവീകരണത്തിന്റെയും പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള കേരളത്തിന്റെ യാത്രയിൽ സുപ്രധാന നാഴികക്കല്ലാണ് ഹൈലൈറ്റ് ഗ്രൂപ്പിന്റെ ‘യൂ ഹബ്ബ് തിരുവനന്തപുരത്തിൻ്റെ നിർമ്മാണ ഉദ്ഘാടനമെന്ന് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നമ്മുടെ സംസ്ഥാനത്തിലുള്ള ആഗോള ബ്രാൻഡുകളുടെ ആത്മവിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്ന പദ്ധതി കേരളത്തിന്റെ ഐടി, എഐ ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1.88 ഏക്കർ ഭൂമിയിൽ ഏകദേശം 5.37 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ഈ പ്രൊജക്റ്റിൽ ബേസ്മെന്റ്, ഗ്രൗണ്ട് ഫ്ലോർ, രണ്ട് നിലകളിലായുള്ള പാർക്കിംഗ് ഏരിയ, 15 പ്രീമിയം ഓഫീസ് നിലകൾ എന്നിവ ഉണ്ടായിരിക്കും. ആഗോള കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, ഡിജിറ്റൽ സംരംഭങ്ങൾ തുടങ്ങിയവരെ ആകർഷിക്കുന്ന രൂപകൽപ്പനയിലാണ് ഈ ലോകോത്തര കൊമേഴ്സ്യൽ ഇക്കോസിസ്റ്റം. അന്താരാഷ്ട്ര കമ്പനികൾ ആഗ്രഹിക്കുന്ന നിലവാരത്തിലുള്ള ഗ്രേഡ്-എ സ്പേസുകളുടെ കുറവ് പരിഹരിക്കുകയും അവർക്ക് ആവശ്യമുള്ളത് കൃത്യമായി ഒരുക്കുകയുമാണ് ഹൈലൈറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് ചടങ്ങിൽ ഹൈലൈറ്റ് ഗ്രൂപ്പ് സിഇഒ അജിൽ മുഹമ്മദ് വ്യക്തമാക്കി.
മന്ത്രിയോടൊപ്പം, തിരൂരങ്ങാടി എം.എൽ.എ പി. എം. എ. സമീർ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ്, ടെക്നോപാർക്ക് സി.ഇ.ഒ സന്ദീപ് കുമാർ ഐഎഎസ്, കെ.എസ്.ഐ.ടി.ഐ.എൽ മാനേജിങ് ഡയറക്ടർ സന്തോഷ് ബാബു ഐഎഎസ്, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി, മുൻ ടെക്നോപാർക്ക് സി.ഇ.ഒ കേണൽ സഞ്ജീവ് നായർ (റിട്ട.), ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ, ഹൈലൈറ്റ് ഗ്രൂപ്പ് സി.ഇ.ഒ അജിൽ മുഹമ്മദ്, ഹൈലൈറ്റ് പ്രോപ്പർട്ടീസ് സി.ഇ.ഒ ഷഫീഖ് പി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.