തിരുവോണം ബമ്പർ  ഒന്നാം സമ്മാനം 30 കോടി
 TL 360615 ടിക്കറ്റിന് 

 തിരുവനന്തപുരം :  കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ   (BR-111) നറുക്കെടുത്തു   കണ്ണൂർ ജില്ലാ ലോട്ടറി ഓഫീസിൽ നിന്നും  അനീഷ് എം.വി എന്ന അംഗീകൃത ഏജൻ്റ് (ഏജൻസി കോഡ് C 3789) വാങ്ങി വില്പന നടത്തിയ TL 360 615
എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.
30 കോടി രൂപയാണ് ഒന്നാം സമ്മാനം

രണ്ടാം സമ്മാനമായി 1 കോടി വീതം 20 പേർക്കാണ് ലഭിക്കുക. സമ്മാനാർഹമായ 20 നമ്പറുകൾ ചുവടെ.

ഒരുകോടി ലഭിച്ച ടിക്കറ്റുകൾ: TA 957486, TB 642974, TC 810428, TD 305900, TE 328611, TG 805847, TH 902375, TJ 150990, TK 375661, TL 888018, TA 300530, TB 439962, TC 952340, TD 279706, TE 970611, TG 355002, TH 192282, TJ 978616, TK 976006, TL 792519.

മൂന്നാം സമ്മാനം 25 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷവും അഞ്ചാം സമ്മാനം 2 ലക്ഷവും 5000, 2000, 1000, 500,രൂപ വരെയുള്ള മറ്റ് നിരവധി സമ്മാനങ്ങളും ഈ ലോട്ടറിയിലുണ്ട്. ടിക്കറ്റ് വില 500 രൂപ ആയിരുന്നു. സംസ്ഥാനത്തൊട്ടാകെ 90 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിരുന്നു

വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് ഉദ്ഘാടനം 30ന്

യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സർവീസ്

തിരുവനന്തപുരം: തലസ്ഥാനത്തെ വിനോദസഞ്ചാര മേഖലയ്ക്ക് കുതിപ്പേകി വേളി – കഠിനംകുളം സോളാർ ബോട്ട് സർവീസ് ഈ മാസം 30ന് ​ഗതാഗത മന്ത്രി സി.പി ജോൺ ഉദ്ഘാടനം ചെയ്യും. യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. സാധാരണ യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും പ്രത്യേക നിരക്കുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

വേളി ടൂറിസം വില്ലേജിലെ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കഠിനംകുളം കായൽ ചുറ്റി നാല് മണിക്കൂർ കൊണ്ട് തിരികെ വേളിയിൽ എത്തുന്നതാണ് യാത്ര. ദിവസത്തിൽ രണ്ട് സർവീസുകൾ നടത്താനാണ് ലക്ഷ്യമിടുന്നതെങ്കിലും തുടക്കത്തിൽ ഒരു സർവീസ് മാത്രമായിരിക്കും ഉണ്ടാവുക. സിയാലിന്റെ സോളാർ ബോട്ട് വാടകയ്ക്കെടുത്താണ് ആദ്യഘട്ട സർവീസ്. ഒരേസമയം 24 യാത്രക്കാർക്ക് സഞ്ചാരത്തിന് സൗകര്യമുണ്ടാകും.

ഒരു വശത്തേക്ക് 14 കിലോമീറ്റർ ദൂരമുള്ള യാത്രയ്ക്ക് രണ്ട് മണിക്കൂറാണ് സമയമെടുക്കുക. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ടര മുതൽ വൈകിട്ട് ആറര വരെയുമാണ് രണ്ട് സർവീസുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. ടൂറിസം സർവീസിന്റെ ഭാഗമായി ബോട്ട് കഠിനംകുളം ജെട്ടിയിൽ യാത്രക്കാരെ ഇറക്കിയ ശേഷം വിനോദസഞ്ചാരികൾക്കായി അര മണിക്കൂർ നേരം കായൽ കാഴ്ചകൾ കാണാനായി സഞ്ചരിക്കും. തിരികെ ബോട്ട് കഠിനംകുളം ജെട്ടിയിൽ എത്തുമ്പോൾ ടൂറിസ്റ്റ് പാക്കേജിലെ യാത്രക്കാർക്ക് കുടുംബശ്രീയുമായി സഹകരിച്ച് ചായയും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നുണ്ട്.

വേളിയിൽ നിന്നും ചാന്നാങ്കരയിലേക്ക് 50 രൂപയും ചാന്നാങ്കരയിൽ നിന്നും കഠിനംകുളത്തേക്ക് 30 രൂപയും വേളിയിൽ നിന്നും കഠിനംകുളത്തേക്ക് 80 രൂപയുമാണ് സാധാരണ യാത്രക്കാരുടെ നിരക്ക്. എന്നാൽ വിനോദസഞ്ചാരികൾക്ക് വേളിയിൽ നിന്നും കഠിനംകുളത്ത് പോയി തിരികെ വരുന്നതിന് 400 രൂപയാണ് ഈടാക്കുക. 11 വയസിന് മുകളിലുള്ളവർക്കാണ് ഈ നിരക്കുകൾ മുഴുവനായും ബാധകമാവുക. അഞ്ച് മുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് യഥാർത്ഥ നിരക്കിന്റെ 50 ശതമാനം നൽകിയാൽ മതിയാകും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര പൂർണമായും സൗജന്യമായിരിക്കും.

പുറത്തുവന്ന ഗുരുതര സ്വഭാവമുള്ള ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ്കുമാറിനെ പുറത്താക്കുകയാണ് വേണ്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശ്വാസ്യത ഇത്രയും ചോർന്നുപോയ ഒരു കാലം മുൻപ് ഉണ്ടായിട്ടില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ ഏകപക്ഷീയവും രാഷ്ട്രീയാടിമത്തം പേറുന്നതുമായ നിലപാടുകളാണ് ഇപ്പോൾ വീണ്ടും ചോദ്യം ചെയ്യപ്പെടുന്നത്.

പുറത്തുവന്ന ഗുരുതര സ്വഭാവമുള്ള ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ്കുമാറിനെ പുറത്താക്കുകയാണ് വേണ്ടത്. 13 കോടിയിലേറെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് വെട്ടിമാറ്റിയതിൽ ഗ്യാനേഷ് കുമാറിൻ്റെ ഏകാധിപത്യപരവും നിയമവിരുദ്ധവുമായ ഇടപെടലാണ് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്. മറ്റ് രണ്ട് കമ്മീഷണർമാരും നിരന്തരം വിയോജിച്ചിട്ടും ഏകപക്ഷീയമായി മുന്നോട്ടുപോവുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള എസ്.ഐ.ആർ നടപടികളാകെ ഇതോടെ സംശയാസ്പദമായി മാറി. രാജ്യത്തെ ഏറ്റവും സ്വതന്ത്ര സ്വഭാവം കാത്തുസൂക്ഷിക്കേണ്ട ഒരു പദവിയെ റാൻമൂളിയുടെ നിലവാരത്തിലേക്ക് അധപതിപ്പിച്ചു എന്നതാണ് അദ്ദേഹത്തിൻ്റെ സംഭാവന. വോട്ടർപട്ടികയുടെ നിയന്ത്രണം ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരേക്കാൾ കേന്ദ്ര കമ്മീഷനിലെ ഏതാനും ആജ്ഞാനുവർത്തികൾക്കായിരുന്നു എന്നത് അംഗീകരിക്കാനാവില്ല. പക്ഷപാതപരമായ നിലപാടുകൾ കൊണ്ട് പലവട്ടം ഇതിനു മുൻപും ഗ്യാനേഷ് കുമാർ വിവാദത്തിലായിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷനേയും സുപ്രധാന സ്ഥാപനങ്ങളേയും വരുതിയിൽ നിർത്താനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ഇപ്പോൾ പുറത്തുവന്നത്. ഇടതുപക്ഷം ഇപ്പോൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭം അതിനാൽ തന്നെ അതിപ്രധാനമായി മാറിയിരിക്കുന്നു.

സ. പി രാജീവ്

സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ട കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർത്ത്, ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ അങ്ങേയറ്റം ആശങ്കാജനകമാണ്.

മറ്റ് കമ്മീഷണർമാരുടെ അഭിപ്രായങ്ങൾ തള്ളി വോട്ടർപട്ടിക പരിഷ്കരണത്തിലടക്കം ഭരണകക്ഷിക്ക് അനുകൂലമായി നിലകൊള്ളുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകാധിപത്യ ഇടപെടലുകൾ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

സാധാരണക്കാരുടെ വോട്ടവകാശം കവർന്നെടുക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ ഗൂഢാലോചനകൾക്കെതിരെ മൗനം പാലിക്കുന്നത് രാജ്യത്തോട് ചെയ്യുന്ന വലിയ അപരാധമാകും.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഉടനടി നീക്കം ചെയ്യണമെന്നും സുതാര്യമല്ലാത്ത വോട്ടർപട്ടിക തിരുത്തലുകൾ റദ്ദാക്കി യഥാർത്ഥ വോട്ടവകാശം പുനഃസ്ഥാപിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നു.

ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധ പരിപാടികളിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പങ്കുചേരുക!

സ. വി ശിവൻകുട്ടി.

ചാവക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു

ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങൾ ആധുനികവത്കരിക്കും -മന്ത്രി എൻ. ഷംസുദ്ദീൻ

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നിർമ്മിച്ച ചാവക്കാട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിന്റെ (സി.സി.എം.വൈ) ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു. എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നതെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. നിലവിലുള്ള 24 പരിശീലന കേന്ദ്രങ്ങളും 17 സബ് സെന്ററുകളും വഴി ഇതുവരെ 4,000-ത്തിലധികം പേർക്ക് വിവിധ മേഖലകളിൽ ജോലി ലഭിച്ചിട്ടുണ്ട്. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സി.സി.ടി.വി, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തി പരിശീലന കേന്ദ്രങ്ങൾ നവീകരിച്ചു.

ദേശീയ-അന്തർദേശീയ തലങ്ങളിൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മാറ്റങ്ങൾ ഉൾക്കൊണ്ട് പുതിയ പഠനപദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്. പരീക്ഷകളിലോ അഭിമുഖങ്ങളിലോ കേരളത്തിലെ കുട്ടികൾ ഒരിക്കലും പിന്നിലായിപ്പോകരുത് എന്ന ലക്ഷ്യത്തോടെയാണ് കമ്പ്യൂട്ടർ പഠനവും സാങ്കേതികവിദ്യയും പ്രോത്സാഹിപ്പിക്കുന്നത്. 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി എൽ.പി, യു.പി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ പദ്ധതിയും, ഹൈസ്കൂളുകളിൽ എ.ഐ, റോബോട്ടിക്സ് സയൻസ് എന്നിവയും ഉൾപ്പെടുത്തി. ആഗോളതലത്തിൽ മത്സരക്ഷമതയുള്ളവരായി കുട്ടികളെ പ്രാപ്തരാക്കുകയാണ് പൊതുവിദ്യാഭ്യാസത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷിബു കെ.കെ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീഷ്മ ബാബുരാജ്, അഡ്വ. ഷംസീർ അഷറഫ്, പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസ്സൻ തളിക്കുളശ്ശേരി, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേവ്യർ പി.കെ, ഒരുമനയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. താഹിർ, പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹിം, കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. മനാഫ് , ന്യൂനപക്ഷക്ഷേമ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പ്രിൻസിപ്പൽ ശരത്ചന്ദ്രബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രതിനിധികൾ, തുടങ്ങിയവർ സംസാരിച്ചു.

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്, ഡി.പി.ആർ തയ്യാറാക്കാൻ ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു.

വിശദമായ റിപ്പോർട്ട് നാല് മാസത്തിനകം സമർപ്പിക്കണം

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ ഡി.പി.ആർ (വിശദമായ പദ്ധതി രേഖ) തയ്യാറാക്കുന്നതിനായി ഇൻഷുറൻസ് രംഗത്തെ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിച്ചതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറും സംസ്ഥാന മുൻ ഇൻഷുറൻസ് ഓംബുഡ്സ്മാനുമായ ഗിരീഷ് രാധാകൃഷ്ണൻ, ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ മുൻ അംഗം പി.ജെ.ജോസഫ്, നാഷണൽ ഇൻഷുറൻസ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.സനത് കുമാർ എന്നിവരാണ് സമിതിയിലെ വിദഗ്ദ്ധർ. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ സമിതിയിൽ ധനകാര്യ, ആസൂത്രണ സെക്രട്ടറിമാർ, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരും അംഗങ്ങളായിരിക്കും.

പദ്ധതിയുടെ വിശദമായ റിപ്പോർട്ട് നാല് മാസത്തിനകം സമർപ്പിക്കാനാണ് സാങ്കേതിക സമിതിക്ക് സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.
വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ പരമാവധി കുറച്ച് സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ ലഭ്യമാക്കുന്ന രീതിയിൽ കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.ച്ച്.എ) മുഖേന പദ്ധതി നടപ്പാക്കുന്നതും പരിഗണനയിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് പ്രഖ്യാപിച്ച ഇന്ദിരാഗ്യാരന്റിയിൽ ഒന്നായിരുന്നു ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്.

2026–27ലെ സംസ്ഥാന ബഡ്ജറ്റിൽ സാർവത്രിക ആരോഗ്യ പരിരക്ഷ പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള ആരോഗ്യ ഇൻഷുറൻസ്, പൊതുജനാരോഗ്യ ധനസഹായ പദ്ധതികളുമായി പുതിയ പദ്ധതിയെ എങ്ങനെ ഏകോപിപ്പിക്കാമെന്നും സമിതി പരിശോധിക്കും. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും വിപുലമായ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ, പദ്ധതിയുടെ ധനകാര്യ മാതൃക, ആശുപത്രികളുടെ എംപാനൽമെന്റ്, ക്ലെയിം മാനേജ്മെന്റ്, ഗുണനിലവാര ഉറപ്പ്, പരാതിപരിഹാരം എന്നിവയും സമിതിയുടെ വിശദമായി പരിശോധിക്കും. ജനലക്ഷങ്ങൾക്ക് ഗുണകരമാകുന്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിലൂടെ യു.ഡി.എഫ് സർക്കാർ മറ്റൊരു തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടി നടപ്പിലാക്കുകയാണെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

മരുന്ന് പ്രതിസന്ധി ഒഴിവാക്കി, നിലവാരം ഉറപ്പാക്കാൻ മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ; ടെണ്ടറിൽ ഇടനിലക്കാരെ ഒഴിവാക്കും, അടുത്ത വർഷത്തെ പർച്ചേസ് നടപടികൾ അടുത്തമാസം മുതൽ

തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) മുഖേനയുള്ള ആരോഗ്യവകുപ്പിന്റെ മരുന്ന് സംഭരണ നടപടികൾ സുതാര്യമാക്കാനും ജനങ്ങൾക്ക് നിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ഇടപെടൽ. ടെണ്ടറിൽ ഇടനിലക്കാരെ പൂർണമായി ഒഴിവാക്കാനും കമ്പനികൾ നേരിട്ട് പങ്കെടുക്കുന്നതിനുള്ള അവസരമൊരുക്കാനും മന്ത്രിയുടെ നിർദ്ദേശം. ഇറക്കുമതി മരുന്നുകളാണെങ്കിൽ നേരിട്ടുള്ള ഏജൻസികൾക്കും ടെണ്ടറിൽ പങ്കെടുക്കാം. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ അടുത്തമാസം (ഒക്ടോബർ) ആരംഭിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ മരുന്ന് ക്ഷാമമുണ്ടെന്ന മാദ്ധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് കെ.എം.എസ്.സി.എല്ലിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ മന്ത്രി കെ.മുരളീധരൻ നൽകിയത്. കുറഞ്ഞത് രണ്ട് സംസ്ഥാനങ്ങളിലെങ്കിലും സർക്കാർമേഖലയിൽ വിതരണം ചെയ്യുന്ന മരുന്നുകൾ മാത്രമേ കേരളത്തിനും ലഭ്യമാക്കാവൂ. ഈ വർഷം ഫെബ്രുവരിയിൽ പർച്ചേസ് ഓർഡർ നൽകിയ കമ്പനികൾ പലതും കെ.എം.എസ്.സി.എല്ലിന് മാത്രമായി പ്രത്യേകം മരുന്ന് നിർമ്മിച്ചു നൽകുന്നവയാണെന്ന് കണ്ടെത്തി.

സംസ്ഥാനത്ത് ഏറ്റവും വിലകുറച്ച് ബ്രാൻഡഡ് മരുന്ന് ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് പർച്ചേസ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കണം കെ.എം.എസ്.സി.എൽ മരുന്ന് സംഭരിക്കേണ്ടത്. ഓരോ വർഷവും മരുന്നുകൾ വാങ്ങുന്ന വില വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇടനിലക്കാരെ കെ.എം.എസ്.സി.എല്ലിൽ പ്രവേശിപ്പിക്കുകയോ ഇവരിൽ നിന്ന് പാരിതോഷികം വാങ്ങുകയോ ചെയ്യരുത്. കെ.എം.എസ്.സി. എല്ലിന് വിതരണം ചെയ്യുന്ന മരുന്നിന്റെ ഏതെങ്കിലും ബാച്ച് നിലവാരമില്ലെന്ന് കണ്ടെത്തിയാൽ ആ കമ്പനിയെ സ്ഥിരമായി കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വളരെ ഉയർന്നനിരക്കിലാണ് കെ.എം.എസ്.സി.എൽ നിലവിൽ മരുന്ന് സംഭരിച്ചുകൊണ്ടിരിക്കുന്നത്.

നിലവിൽ കൊള്ളവില ഈടാക്കുന്ന കമ്പനികളെ ടെണ്ടറിൽ നിന്ന് ഒഴിവാക്കും. അടുത്തമാസം (ഒക്ടോബർ) ആരംഭിക്കുന്ന അടുത്ത സാമ്പത്തികവർഷത്തേക്കുള്ള ടെണ്ടർ നടപടികൾ ഡിസംബറിൽ പൂർത്തീകരിച്ച് ഫെബ്രുവരിയോടെ മരുന്ന് ലഭ്യമാക്കാനാണ് തീരുമാനം.

നിലവിൽ പനിയ്ക്കുള്ളതും ആന്റിബയോട്ടിക്കുകളും ഉൾപ്പെടെ അവശ്യമരുന്നുകൾ ആശുപത്രികളിൽ സ്റ്റോക്കുണ്ടെന്ന് കെ.എം.എസ്.സി.എൽ ജനറൽ മാനേജർ കണക്കുകൾ സഹിതം വിശദീകരിച്ചു. ഈ ആഴ്ചയോടെ നിലവിൽ പർച്ചേസ് ഓർഡർ നൽകിയ മരുന്നുകൾ എത്തുമെന്നും ജനറൽ മാനേജർ വ്യക്തമാക്കി. ജനങ്ങൾക്ക് നിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള സമഗ്രമായ പൊളിച്ചെഴുത്താണ് കെ.എം.എസ്.സി.എല്ലിൽ നടക്കുന്നതെന്നും അതിന്റെ മാറ്റം വരും നാളുകളിൽ പ്രകടമാകുമെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

ശബരിമല തീർത്ഥാടന വുമായി ബന്ധപ്പെട്ട് കടകൾ നടത്തുന്നതിനുള്ള അവകാശത്തിനായി നിശ്ചയിച്ചിരുന്ന ഇ- ലേലം റദ്ദാക്കി. ടെൻഡർ നടപടികൾ പുരോഗമിക്കുന്നതിനിടെ രേഖകളുടെ രഹസ്യ സ്വഭാവം നഷ്ടമായി എന്ന കണ്ടെത്തലിനെ തുടർന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടി. സെപ്തംബർ 29 നാണ് ഇ – ലേലം നടത്താൻ നിശ്ചയിച്ചിരുന്നത്.
ഓരോ കടയിലേക്കും ടെൻഡറിൽ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. ഇതേത്തുടർന്ന് ഇനി ഇ- ലേലം നടത്തിയാൽ ഫലപ്രദമായിരിക്കില്ല എന്നതിനാലാണ് ഇ- ലേലവും ടെൻഡറും റദ്ദാക്കുന്നത്.
പ്രസ്തുത 110 കടകൾക്കായി റീ ടെൻഡർ നടത്തും. ടെൻഡർ നടപടികളുടെ രഹസ്യ സ്വഭാവം നഷ്ടപ്പെട്ടതിനെ കുറിച്ച് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസർ അന്വേഷണം നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും
.