Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • വിൻഡീസിനെതിരെ എട്ട് വിക്കറ്റിൻ്റെ തക‍ർപ്പൻ വിജയം, സെഞ്ച്വറികളുമായി കോഹ്ലിയും ​ഗില്ലും…
  • KERALA NEWS
  • LATEST NEWS

വിൻഡീസിനെതിരെ എട്ട് വിക്കറ്റിൻ്റെ തക‍ർപ്പൻ വിജയം, സെഞ്ച്വറികളുമായി കോഹ്ലിയും ​ഗില്ലും…

EN24 Television September 28, 2026 1 minute read

വിൻഡീസിനെതിരെ എട്ട് വിക്കറ്റിൻ്റെ തക‍ർപ്പൻ വിജയം, സെഞ്ച്വറികളുമായി കോഹ്ലിയും ​ഗില്ലും

വെസ്റ്റിൻഡീസിനെതിരെ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയവുമായി ഏകദിന പരമ്പരയ്ക്ക് ആവേശത്തുടക്കമിട്ട് ഇന്ത്യ. വെസ്റ്റിൻഡീസ് ഉയർത്തിയ 296 റൺസിന്റെ വിജയലക്ഷ്യം 50 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ അനായാസം മറികടന്നു. സെഞ്ചുറികളുമായി അനന്തപുരിയിലെ ക്രിക്കറ്റ് ആരാധകർക്ക് അവിസ്മരണീയ ബാറ്റിങ് വിരുന്നൊരുക്കിയ വിരാട് കോഹ്ലിയും ശുഭ്മാൻ ഗില്ലുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പ്ലെയർ ഓഫ് ദി മാച്ച്.

വെസ്റ്റിൻഡീസ് – 50 ഓവറിൽ 295/7, ഇന്ത്യ 41.4 ഓവറിൽ 300/2

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിന് ഓപ്പണർമാർ സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. നിതീഷ് റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിൽ 18 റൺസ് പിറന്നു. നിതീഷിനെതിരെ ജസ്റ്റിൻ ഗ്രീവ്സ് നാല് ബൗണ്ടറികളാണ് നേടിയത്. നിതീഷിന് പകരം ഗുർനൂർ ബ്രാറിനെ പന്തേൽപ്പിച്ചിട്ടും വിൻഡീസിന്റെ റണ്ണൊഴുക്കിന് തടയിടാനായില്ല. ഗ്രീവ്സും ജോൺ ക്യാമ്പെല്ലും ചേർന്ന് ഏഴാം ഓവറിൽ തന്നെ വിൻഡീസ് സ്കോർ അൻപത് കടത്തി. പവർപ്ലേ അവസാനിക്കും മുൻപേ രവീന്ദ്ര ജഡേജയെ കളത്തിലിറക്കിയ ക്യാപ്റ്റന്റെ തന്ത്രവും ഫലം കണ്ടില്ല. ജഡേജയുടെ ആദ്യ ഓവറിൽ രണ്ട് സിക്സും ഒരു ബൗണ്ടറിയുമടക്കം 16 റൺസാണ് ജോൺ ക്യാമ്പെൽ നേടിയത്. 14-ആം ഓവറിൽ വിൻഡീസിന്റെ സ്കോർ നൂറിലെത്തി.

ഇന്ത്യൻ ബൗളിങ്ങിനെ തച്ചുടച്ച് മുന്നേറിയ കൂട്ടുകെട്ടിന് അവസാനമിട്ടത് കുൽദീപ് യാദവാണ്. ഇരുപതാം ഓവറിൽ ജോൺ ക്യാമ്പെല്ലിനെ പുറത്താക്കി കുൽദീപ് ഇന്ത്യക്ക് ആദ്യ വഴിത്തിരിവ് സമ്മാനിച്ചു. പതിയെ താളം വീണ്ടെടുത്ത ഇന്ത്യൻ ബൗളർമാർ വിൻഡീസിന്റെ സ്കോറിങ് ദുഷ്കരമാക്കി. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കേസി കാർട്ടി (13) പ്രസിദ്ധ് കൃഷ്ണയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. 12 റൺസെടുത്ത ഷായ് ഹോപ്പ് കുൽദീപ് യാദവിന്റെ പന്തിൽ പുറത്തായി. മറുവശത്ത് മനോഹരമായി ബാറ്റിങ് തുടർന്ന ജസ്റ്റിൻ ഗ്രീവ്സ് ഏകദിനത്തിലെ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കി. 108 പന്തുകളിൽ 12 ബൗണ്ടറികളടക്കം 101 റൺസാണ് ഗ്രീവ്സ് നേടിയത്.

എന്നാൽ അടുത്ത ഓവറിൽ ഗ്രീവ്സിനെയും ജുവൽ ആൻഡ്രുവിനെയും തുടരെയുള്ള പന്തുകളിൽ പുറത്താക്കി കുൽദീപ് യാദവ് വിൻഡീസിന് ഇരട്ട പ്രഹരമേൽപ്പിച്ചു. 22 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടപ്പെട്ടത് വിൻഡീസിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച അമിർ ജംഗുവിന്റെ ഇന്നിങ്സാണ് വിൻഡീസിന്റെ സ്കോർ 295-ൽ എത്തിച്ചത്. ജംഗൂ 43 പന്തുകളിൽ 58 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് പത്ത് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് തകർപ്പൻ തുടക്കം നൽകി. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. 32 റൺസെടുത്ത രോഹിത്, അൾസാരി ജോസഫിന്റെ പന്തിൽ പുറത്തായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഗില്ലും കോഹ്ലിയും ചേർന്ന് കളി പൂർണ്ണമായും ഇന്ത്യയുടെ വരുതിയിലാക്കി. നേരിട്ട നാലാം പന്തിൽ തന്നെ അൾസാരി ജോസഫിനെ സിക്സർ പറത്തിയ കോഹ്ലി താൻ തകർപ്പൻ ഫോമിലാണെന്ന് വ്യക്തമാക്കി. അൾസാരിയെ വീണ്ടും സിക്സറടിച്ച് അർദ്ധസെഞ്ചുറി തികച്ച കോഹ്ലി, വൈകാതെ ഏകദിനത്തിൽ 15,000 റൺസെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. 18,426 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഏകദിന റൺവേട്ടയിൽ ഇനി കോഹ്ലിക്ക് മുന്നിലുള്ളത്.

മറുവശത്ത് ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ തകർത്തടിച്ച ശുഭ്മാൻ ഗിൽ 96 പന്തിൽ സെഞ്ചുറി തികച്ചു. 110 റൺസെടുത്ത ഗിൽ റോസ്റ്റൺ ചേസിന്റെ പന്തിനാണ് പുറത്തായത്. 108 പന്തുകളിൽ 13 ബൗണ്ടറികളും ഒരു സിക്സുമടക്കം 110 റൺസാണ് ഗിൽ നേടിയത്. ഗില്ലിന്റെ പത്താം ഏകദിന സെഞ്ചുറിയാണിത്. തുടർന്നെത്തിയ ഋതുരാജ് ഗെയ്ക്വാദിനെ വെറും കാഴ്ചക്കാരനാക്കി ബാറ്റിങ് തുടർന്ന കോഹ്ലി 74 പന്തുകളിൽ തന്റെ സെഞ്ചുറി പൂർത്തിയാക്കി. സെഞ്ചുറിക്ക് ശേഷവും അനായാസം കൂറ്റൻ ഷോട്ടുകൾ പായിച്ച കോഹ്ലി 50 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 88 പന്തുകളിൽ 139 റൺസുമായി കോഹ്ലിയും 13 റൺസുമായി ഋതുരാജ് ഗെയ്ക്വാദും പുറത്താകാതെ നിന്നു. പത്ത് ഫോറുകളും ഒൻപത് സിക്സുമടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്.

4KG കഞ്ചാവ് RPF പിടികൂടി.

Tr No.22504 Vivek Exp Thrissur stationil എത്തിയപ്പോള്‍ നടത്തിയ പരിശോധനയില്‍ 26.09.2026 ഇല്‍ ആളില്ലാത്ത നിലയില്‍ ഉദേശം 24 KGKG
കഞ്ചാവ് RPF പിടികൂടി. RPF Senior Divisional Security commisioner Sri മുഹമ്മദ് Haneef ന്റെ നിര്‍ദേശാനുസരണം Sri Jipin A J, Inspector/RPF Crime intelligence Branch/Trivandrum team ന്റെ സംഘം ആണ് തിരച്ചില്‍ നടത്തിയത്. RPF Crime Intelligence/Trivandrum, ASI Vijayakumar, Head Constable VIPIN, Nikhil, എന്നിവരുടെ സംഘം ആണ് കഞ്ചാവു കണ്ടെടുത്തത്. തുടര്‍ന്ന് Excise/Thrissur ന് തുടര്‍ നടപടികള്‍ക്ക കൈമാറി .

ചലച്ചിത്രങ്ങൾ സമൂഹത്തെ സംരക്ഷിക്കുന്ന ‘ഹ്യൂമൻ ആർക്കൈവ്’ ആയി നിലകൊള്ളണം : സംവിധായകൻ കൃഷ്ണകാന്ത് മിശ്ര

സമൂഹത്തെ രേഖപ്പെടുത്തുന്നതിലും വിവിധ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്നതിലും സിനിമാപ്രവർത്തകരുടെ പങ്കിനെക്കുറിച്ച് ചർച്ചയായി 18-ാമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയുടെ ഭാഗമായി നടന്ന ‘ഫേസ് ടു ഫേസ്’ (Face to Face) സംവാദ സദസ്.

ചലച്ചിത്രങ്ങൾ സമൂഹത്തെ സംരക്ഷിക്കുന്ന ഒരു “ഹ്യൂമൻ ആർക്കൈവ്” ആയി നിലകൊള്ളണമെന്ന് കൃഷ്ണകാന്ത് മിശ്ര അഭിപ്രായപ്പെട്ടു. ദശാബ്ദങ്ങൾക്കുശേഷവും ആളുകൾക്ക് ഈ സിനിമകളിലൂടെ തങ്ങൾ ജീവിച്ച കാലഘട്ടത്തെയും അതിന്റെ യാഥാർത്ഥ്യങ്ങളെയും കുറിച്ച് മനസ്സിലാക്കാൻ സാധിക്കണം. പ്രേക്ഷകർക്ക് അവരുടെ രീതിയിൽ സിനിമകളെ വ്യാഖ്യാനിക്കാൻ സ്വാതന്ത്ര്യം നൽകുന്നതോടൊപ്പം, തങ്ങൾ സ്ക്രീനിൽ കാണിക്കുന്ന വിഷയങ്ങളിൽ ചലച്ചിത്രപ്രവർത്തകർക്ക് പൂർണ്ണ ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിൽ കൊങ്കണി ഭാഷാസമൂഹത്തിന്റെ പ്രാതിനിധ്യം വളരെ പരിമിതമാണെന്ന് ചൂണ്ടിക്കാട്ടിയ ആയുഷ്ക ചുരി, വീട് എന്ന സങ്കൽപ്പത്തെക്കുറിച്ചുള്ള ഫോർ സെയിൽ എന്ന തന്റെ സിനിമയുടെ അന്വേഷണം കൊങ്കണി ഭാഷയിൽ നിന്നും സംസ്കാരത്തിൽ നിന്നും വേർപെടുത്തി കാണാനാകില്ലെന്ന് അഭിപ്രായപ്പെട്ടു.

പുതുതായി പ്രദർശനാനുമതി ലഭിച്ചതിനെ തുടർന്ന് നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം ഗ്ലോബിന്റെ സംവിധായകൻ ഷിജിൻ ഗോവിന്ദ് തന്റെ സിനിമ പ്രദേശികമായ ഒരു ജനവിഭാഗത്തിൽ വേരൂന്നിയതാണെങ്കിലും ആ കഥയ്ക്ക് വിശാലമായ മാനവികതയും ആഗോള തലമുണ്ടെന്നും അഭിപ്രായപ്പെട്ടു.

ഡോ. രാജേഷ് ജെയിംസ് മോഡറേറ്റ് ചെയ്ത പരിപാടിയിൽ സംവിധായകരായ സിദ്ധാർഥ മൊറെ, സമുജ്ജൽ കശ്യപ്, രമിത് കുഞ്ഞിമംഗലം, വിപിൻ വർഗ്ഗീസ്, ജീവൻ ഷാജി, ഷാനിബ് ബക്ഷി, ശ്രീഹരി രാജേഷ്, മുഹമ്മദ്‌ ജസീൽ, ശ്യാം മഹേശ്വരി, സന്ധ്യ രാജു എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു.

ലഹരിക്കെതിരെ ജനസേന; ‘തൂഫാൻ തദ്ദേശം’ ഇന്ന് (28 തിങ്കൾ) തുടക്കമാകും

തിരുവനന്തപുരം: കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാന്റെ’ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന്‌ മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘തൂഫാൻ തദ്ദേശം: ലഹരിക്ക് എതിരെ ജനസേന’യുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ്‌ മന്ത്രി കെ.എം. ഷാജി, റവന്യൂമന്ത്രി എ.പി അനില്‍കുമാര്‍, പൊതുമരാമത്ത് മന്ത്രി പി.കെ ബഷീര്‍, എ.ഡി.ജി.പി (ക്രമസാമാധാനം) പി. വിജയൻ, എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. അബ്ദുള്‍ സമദ്സമദാനി, പി.വി അബ്ദുള്‍ വഹാബ്, തദ്ദേശ സ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ ദിവ്യ എസ്. അയ്യര്‍ തുടങ്ങിയവർ പങ്കെടുക്കും.

ഒരു ഔദ്യോഗിക പൊലീസ് ദൗത്യത്തിനപ്പുറം കേരള സമൂഹം ഒന്നാകെ നെഞ്ചിലേറ്റിയ വൻ ജനകീയ മുന്നേറ്റമായി മാറുകയാണ്‌, തൂ ഫാൻ. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പൂർണ്ണ സഹകരണത്തോടെ, ലഹരിവിരുദ്ധ പോരാട്ടം ഓരോ വീടുകളിലേക്കും നാടിന്റെ ഓരോ മുക്കിലും മൂലയിലേക്കും വ്യാപിപ്പിക്കുകയാണ് തൂഫാൻ തദ്ദേശത്തിന്റെ ലക്ഷ്യം. ഞാൻ എൻ്റെ നാടിൻ്റെ കാവലാൾ എന്ന സന്ദേശം ഓരോ ജനങ്ങളും ഏറ്റെടുക്കും.

നാടിന്റെ നാനാതുറകളിലുള്ള ജനങ്ങളെ അണിനിരത്തി ലഹരിക്കെതിരെ തീർത്ത ശക്തമായ പ്രതിരോധമാണ് തൂഫാൻ ഒന്നാം ഘട്ടത്തെ അഭൂതപൂർവമായ വിജയത്തിലെത്തിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതൽ വിപുലമായ പ്രവർത്തനങ്ങളോടെ രണ്ടാം ഘട്ടത്തിലേക്ക് പദ്ധതി കടക്കുന്നത്. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധ പോരാട്ടം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂർണ്ണ സഹകരണത്തോടെ താഴെത്തട്ടിലുള്ള ഓരോ വാർഡിലേക്കും വ്യാപിപ്പിക്കും. പൊതുജനങ്ങളെയും പ്രാദേശിക കൂട്ടായ്മകളെയും ഉൾപ്പെടുത്തി എല്ലാ വാർഡുകളിലും പ്രത്യേക ‘തൂഫാൻ സമിതികൾ’ രൂപീകരിക്കും. നാട്ടിൽ ലഹരി വിൽപ്പനയും ഉപയോഗവും തടയുന്നതിന് ഈ ജനകീയ സമിതികൾ മുന്നണിപ്പോരാളികളായി പ്രവർത്തിക്കും.
സംസ്ഥാന തല ഉദ്ഘാടനത്തോടൊപ്പം കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ആസ്ഥാനങ്ങളിലും അതാത് പ്രസിഡന്റുമാരും ചെയർപേഴ്‌സൺമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ‘തൂഫാൻ പതാക’ ഉയർത്തും.

ലഹരി വേട്ടയ്ക്കും കർശന നിയമനടപടികൾക്കുമൊപ്പം ഇരകളാകുന്നവരെ സംരക്ഷിക്കാനും തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാനുമുള്ള ജനകീയ ഉത്തരവാദിത്തവും രണ്ടാം ഘട്ടം ഏറ്റെടുക്കുന്നു. ഹരിതകർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, റസിഡൻസ്‌ അസോസിയേഷനുകൾ തുടങ്ങി നിരവധി സംഘടനകളും സംവിധാനങ്ങളും തൂഫാന്റെ ഭാഗമാകും.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് 117 ദിവസം പിന്നിട്ടപ്പോൾ 11677 കേസുകളും 12584 അറസ്റ്റുകളും നടന്നു.

എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ സ്ലീബാപെരുന്നാളിൽ മുഖ്യ അതിഥിയായി മലങ്കരസഭാധ്യക്ഷൻ

മെസ്ക്കൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് വിശ്വാസികൾ

അഡിസ് അബാബ : എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭയുടെ ചരിത്രപ്രസിദ്ധമായ സ്ലീബാപെരുന്നാളിൽ (മെസ്ക്കൽ ഫെസ്റ്റിവൽ) മുഖ്യ അതിഥിയായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ അബൂനാ മത്ഥ്യാസ് പാത്രിയർക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. ഇരുസഭാതലവൻമാരും ചേർന്ന് സ്ലീബാപെരുന്നാളിന്റെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഇന്ത്യയും എത്യോപ്യയും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും ഇരു സഭകളും തമ്മിൽ ആത്മീയമായി വളരെ അടുപ്പമുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ മുഖ്യസന്ദേശത്തിൽ പറഞ്ഞു. ഓറിയന്റൽ ഓർത്തഡോക്സ് സഭാ കുടുംബത്തിലെ സഹോദരി സഭകളായ എത്യോപ്യൻ – ഇന്ത്യൻ ഓർത്തഡോക്സ് സഭകൾ അപ്പോസ്തോലിക വിശ്വാസത്തിലും, പ്രാർത്ഥനയിലും, ക്രിസ്തുവിന്റെ ക്രൂശിലും അധിഷ്ഠിതമായ ആത്മീയ പൈതൃകം പങ്കിടുന്ന സഭകളാണ്. 1965-ൽ അഡിസ് അബാബയിൽ നടന്ന ഓറിയന്റൽ ഓർത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനം ഇരു സഭകളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.

എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയിലെ മെസ്ക്കൽ സ്ക്വയറിൽ നടന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ, മെത്രാപ്പോലീത്താമാർ, വൈദികർ, സന്യസ്തർ എന്നിവർക്ക് പുറമേ ലക്ഷക്കണക്കിന് വിശ്വാസികളും പങ്കെടുത്തു. മലങ്കരസഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, നാ​ഗ്പൂർ
വൈ​ദിക സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ജോസി ജേക്കബ്, എക്യൂമെനിക്കൽ റിലേഷൻസ് സെക്രട്ടറി ഫാ.അശ്വിൻ ഫെർണാണ്ടസ്, പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.​ഗീവർ​ഗീസ് ജോൺസൺ, സഭാ വർക്കിം​ഗ് കമ്മിറ്റി അം​ഗം ജേക്കബ് മാത്യു, ജോജോ പി ജോൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ആത്മീയ ആരാധനയ്ക്കൊപ്പം എത്യോപ്യയുടെ സാസ്ക്കാരിക തനിമയും വിളിച്ചോതുന്ന സ്ലീബാപെരുന്നാൾ ( മെസ്ക്കൽ) യുനെസ്ക്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ആഘോഷമാണ്. നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മാതാവായ ഹെലനി രാജ്ഞി യേശുക്രിസ്തുവിനെ ക്രൂശിച്ച കുരിശ് കണ്ടെത്തിയതിന്റെ ഓർമ്മയാണ് സ്ലീബാ പെരുന്നാളായി ആഘോഷിക്കുന്നത്. പെരുന്നാളിനെ തുടർന്ന് ബോലെ മെദ്ഹാനയാലേം കത്തീഡ്രലിൽ നടന്ന വിശുദ്ധ കുർബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ സംബന്ധിച്ചു. 4 ദിവസത്തെ ശ്ലൈഹിക സന്ദർശനത്തിന് പൂർത്തിയാക്കി മലങ്കരസഭാധ്യക്ഷൻ ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും

വിദ്യാർഥിനിയെ അപമാനിച്ചെന്ന് പരാതി: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. യാത്രാമധ്യേ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കർശന അച്ചടക്ക നടപടി. കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടക്ടറുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്ന് സിഎംഡിയുടെ നിർദേശപ്രകാരമാണ് സസ്പെൻഷൻ.

ശനിയാഴ്ച ഗുരുവായൂർ – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 പ്രിയദർശിനി ബസിലാണ് സംഭവം നടന്നത്. ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഈ പരാതി ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചത്.

യാത്രക്കാരുടെ അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് കെഎസ്ആർടിസി സിഎംഡി ഡോ. പി. എസ് പ്രമോജ് ശങ്കർ വ്യക്തമാക്കി. ബസിൽ യാത്ര ചെയ്യുന്നവരോട് മാന്യമായും സൗഹാർദപരമായും പെരുമാറേണ്ടത് എല്ലാ ജീവനക്കാരുടെയും ഉത്തരവാദിത്തമാണ്. യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന ഇത്തരം പരാതികൾ ഗൗരവമായി പരിശോധിച്ച് കുറ്റക്കാർക്കെതിരെ നിയമാനുസൃതമായ നടപടികൾ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: തിരുവോണം ബമ്പർ നറുക്കെടുപ്പ് ഉദ്ഘാടനം ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവ്വഹിക്കുന്നു…
Next: *കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ പ്രസ്താവന *

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.