അപകടസാധ്യതയുള്ള കുട്ടികളെ കണ്ടെത്താൻ സംസ്ഥാനവ്യാപകമായി Vulnerability Mapping സർവേയും സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനായി സംസ്ഥാനവ്യാപക കർമ്മപദ്ധതി ആവിഷ്കരിച്ച് വനിതാ ശിശു വികസന വകുപ്പ്. അടുത്തിടെ ആലപ്പുഴ കാർത്തികപ്പള്ളിയിൽ ഉണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ജില്ലയിലെ കുട്ടികളുടെ സുരക്ഷ, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുള്ള പൂർണ ഉത്തരവാദിത്തം ജില്ലാ വനിതാ ശിശു വികസന ഓഫീസർമാർക്കായിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി സംസ്ഥാനവ്യാപകമായി Vulnerability Mapping സർവേ നടത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉത്തരവാദിത്ത നിർവഹണവും ശക്തിപ്പെടുത്തും.
ജില്ലാതലം മുതൽ വില്ലേജ് തലം വരെയുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ കമ്മിറ്റികൾ കൃത്യമായി യോഗം ചേരുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസർ മൂന്ന് മാസത്തിലൊരിക്കലും വകുപ്പ് ഡയറക്ടർ ആറു മാസത്തിലൊരിക്കലും പ്രവർത്തനങ്ങൾ അവലോകനം ചെയ്യും. അപകടസാധ്യതയുള്ള കുട്ടികളെ കണ്ടെത്തിയാൽ തദ്ദേശസ്വയംഭരണം, ആരോഗ്യം, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ സുരക്ഷാ നടപടികളും പുനരധിവാസവും ഉറപ്പാക്കും.

കുട്ടികളെ രക്ഷപ്പെടുത്തുന്നതുൾപ്പെടെയുള്ള ഗൗരവമുള്ള വിഷയങ്ങളിൽ നടപടികൾക്ക് തടസ്സം നേരിട്ടാൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഉന്നതതല ഇടപെടൽ ഉറപ്പാക്കണം. രക്ഷിതാക്കളുടെ നിസ്സഹകരണം കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നടപടികൾ അവസാനിപ്പിക്കുന്നതിന് കാരണമാകരുത്. ഇത്തരം സാഹചര്യങ്ങളിൽ ഉന്നതതല ഇടപെടലും ആവശ്യമായ ബദൽ സംരക്ഷണവും ഉറപ്പാക്കണം.
സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടുകൾ സമയബന്ധിതമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് സമർപ്പിക്കും. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികൾക്കും വ്യക്തിഗത ശ്രദ്ധാ പദ്ധതി (Individual Care Plan) തയ്യാറാക്കും. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലൂടെ ബോധ്യപ്പെട്ടാൽ മാത്രമേ കുട്ടിയെ കുടുംബത്തിലേക്ക് തിരികെ അയക്കാവൂ. പുനരധിവാസത്തിനു ശേഷവും അങ്കണവാടി വർക്കർ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ, സൈക്കോ-സോഷ്യൽ കൗൺസിലർ എന്നിവർ മുഖേന നിർബന്ധിത തുടർനിരീക്ഷണം ഉറപ്പാക്കും.
കുട്ടികളുടെ വളർച്ചയും പോഷകനിലയും നിരന്തരം നിരീക്ഷിക്കും. പോഷകാഹാരക്കുറവോ അവഗണനയോ കണ്ടെത്തുന്ന സാഹചര്യങ്ങളിൽ അടിയന്തര ഇടപെടൽ നടത്തും. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥർ വഴി കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ മാധ്യമങ്ങളിൽ എത്തുന്നത് തടയാൻ കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന ഒരു കുട്ടിയുടെ കാര്യത്തിൽ മറ്റൊരു വകുപ്പിന്റെ ചുമതലയാണെന്ന് പറഞ്ഞ് ഒരു ഉദ്യോഗസ്ഥനും ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിൽക്കരുതെന്ന് മന്ത്രി ബിന്ദു കൃഷ്ണ നിർദ്ദേശിച്ചു. കുട്ടിയുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്. ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് സമയബന്ധിതമായി ഇടപെടുകയും കുട്ടിയുടെ സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയും വേണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കൃത്യമായ നിരീക്ഷണവും ഉത്തരവാദിത്തത്തോടെയുള്ള പ്രവർത്തനവും ഉറപ്പാക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.


