വിജിലന്‍സ് അന്വേഷണത്തില്‍ നേരിട്ടുകൊണ്ടിരിക്കുന്ന കാലതാമസത്തിന് ഒരു പരിധിവരെ പരിഹാരമാകുന്നു. അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കേസുകളുടെയും അവയിന്‍മേലുള്ള അന്വേഷണങ്ങളുടേയും വിവരങ്ങള്‍ ഇനിമുതല്‍ ഡിജിറ്റല്‍ ഡേറ്റാ രൂപത്തില്‍ ലഭിക്കും.
വിജിലന്‍സ് ആന്‍റ് ആന്‍റികറപ്ഷന്‍ ബ്യൂറോയുടെ നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ വിഎസിബി സ്യൂട്ട് 3.0 ആണ് സംസ്ഥാന വിജിലന്‍സിനെ ഹൈടെക് ആക്കി മാറ്റിയിരിക്കുന്നത്.
വിഎസിബി സ്യൂട്ട് 3.0 യുടെ ഉദ്ഘാടനം ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.

വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിനും ഏകോപനത്തിനും വേണ്ടിയുള്ള ഒരു സംയോജിത ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് വിഎസിബി സ്യൂട്ട് 3.0 എന്ന് മന്ത്രി അറിയിച്ചു. രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവയാണ് പുതിയ സംവിധാനത്തിന്‍റെ സവിശേഷതകള്‍. പൂര്‍ണ്ണമായും ബ്യൂറോയിലെ തന്നെ സാങ്കേതിക വിദഗ്ദ്ധരാണ് ഇത് വികസിപ്പിച്ചെടുത്തത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
കേസന്വേഷണം സംബന്ധിച്ച എല്ലാ വിവരങ്ങളും ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാകുന്നത് അഴിമതിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനും വകുപ്പിനും കൃത്യവും സമയബന്ധിതവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും.യൂണിറ്റ് മേധാവികള്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അന്വേഷണത്തിന് ഫലപ്രദമായി മേല്‍നോട്ടം വഹിക്കുന്നതിനുള്ള നിരവധി സൗകര്യങ്ങള്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ അന്വേഷണ ഉദ്യോഗസ്ഥനും അന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം എടുക്കുന്നു, ഓരോ കേസും എത്ര ദിവസമായി തീര്‍പ്പാക്കാതെ കിടക്കുന്നു എന്നിവ കൃത്യമായി മനസ്സിലാക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സാധിക്കും. ഇതിലൂടെ, ശരിയായ അന്വേഷണ നടപടികള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കൃത്യസമയത്ത് നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.