നെയ്ത്തുകാരെയും കരകൗശലകലാകാരരെയും സഹായിക്കാനുള്ള പദ്ധതിക്ക് കൈത്തറിയിൽ നെയ്ത് ഉദ്ഘാടനം. കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ ‘ഗിഫ്റ്റ് എ ട്രഡിഷൻ 2026’ൻ്റെ ഉദ്ഘാടനമാണ് ടൂറിസം, സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് നെയ്ത് നിർവ്വഹിച്ചത്. കൈത്തറി, കരകൗശല കലാകാരുടെ ജീവിതത്തിനു സന്തോഷത്തിൻ്റെ വർണ്ണങ്ങൾ നെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം അങ്ങനെ പ്രതീകാത്മകമായി.
ഈ വർഷത്തെ ഗിഫ്റ്റ് ബോക്സിൻ്റെ വിതരണോദ്ഘാടനം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കോവളം എംഎൽഎ എം. വിൻസെൻ്റിനു ബോക്സ് കൈമാറി മന്ത്രി നിർവ്വഹിച്ചു.
ഉത്സവകാലങ്ങളിൽ വിപണി വിപുലീകരണത്തിലൂടെ കൈത്തറിനെയ്ത്തുകാർക്കും കരകൗശലവിദഗ്ദ്ധർക്കും ആശ്വാസം പകരാൻ നടപ്പാക്കിവരുന്ന പദ്ധതിയാണ് ‘ഗിഫ്റ്റ് എ ട്രഡിഷൻ’. ഓണത്തിനു വീട്ടിൽ എത്താൻ കഴിയാത്തവർക്ക് കേരളത്തനിമയാർന്ന കൈത്തറി ഓണക്കോടിയും സമ്മാനവും സ്വന്തം ആശംസയോടെ ഉറ്റവർക്ക് എത്തിച്ചുനല്കുന്ന പദ്ധയാണിത്.