തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ വഴി ഇന്നലെ ഒറ്റ ദിവസം കൊണ്ട് ലഹരി പരിശോധന നടന്നത് 428 കേന്ദ്രങ്ങളിൽ. 3297 വാഹനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. സംസ്ഥാന വ്യാപകമായി ഇന്നലെ രജിസ്റ്റർ ചെയ്തത് 341 കേസുകളാണ്. 48 പേരെ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്തു.

രജിസ്റ്റർ ചെയ്ത 37 കേസുകൾ അബ്കാരി നിയമപ്രകാരവും 20 കേസുകൾ NDPS പ്രകാരവും 284 കേസുകൾ കോട്പ പ്രകാരവുമുള്ളതാണ്. നാല് അബ്കാരി മേജർ കേസുകളും രജിസ്റ്റർ ചെയ്തു. 32 പേരെ അബ്കാരി കേസുകളിലും 16 പേരെ NDPS കേസുകളിലുമാണ് അറസ്റ്റ് ചെയ്തത്. കോട്പ പ്രകാരം 56,800 രൂപ പിഴയും ഈടാക്കി.

160 ഗ്രാം കഞ്ചാവ്, 204 മില്ലിഗ്രാം ഹെറോയിൻ, 116 മില്ലിഗ്രാം എംഡിഎംഎ, 84.1 ലിറ്റർ ഐഎംഎഫ്എൽ, 435 ലിറ്റർ വാഷ്, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന 7.92 ലിറ്റർ മദ്യം, 24.316 കിലോ പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. എൻഡിപിഎസ് കേസിൽ ഒരു വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.