മൂന്ന് ദിവസമായി തിരുവനന്തപുരത്ത് നടന്ന ‘റീ ഇമാജിനിങ്ങ് കേരളം’ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്. ബജറ്റില്‍ പ്രഖ്യാപിച്ച വികസന പദ്ധതികള്‍ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രുപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച കോണ്‍ഫറന്‍സിന്റെ സമാപനച്ചടങ്ങ് ഹോട്ടല്‍ ലെമണ്‍ ട്രീയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യം, ടൂറിസം, വ്യവസായം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ക്രിയാത്മക ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്ന തെറ്റായ ധാരണ മാറി. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ പല വ്യവസായികളും തയ്യാറാകുന്നു. വ്യവസായ സംരംഭങ്ങളും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. കേരളത്തിന്റെ സമഗ്ര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം.ആരോഗ്യരംഗത്തടക്കം മാറ്റം വന്നു. ടൂറിസം മേഖലയില്‍ ഉള്‍പ്പെടെ കൂടുതല്‍ നിക്ഷേപങ്ങളും വികസനങ്ങളും എത്തിക്കാനാകും. അനന്തസാധ്യതകളുള്ള മേഖലയാണ് ടൂറിസം. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് വയനാട്ടിലും ഇടുക്കിയിലും ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ട്. ടൂറിസം വികസന സാധ്യതകള്‍ പ്രയോജനപ്പെടുത്തും. സംസ്ഥാന പുനര്‍നിര്‍മാണത്തിന് റീ ഇമാജിനിങ്ങ് കേരളത്തിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ സമ്പദ് വ്യവസ്ഥകളിലൊന്നായ കേരളം നിക്ഷേപസൗഹൃദസംസ്ഥാനമായി മാറിയതായി ചടങ്ങില്‍ സംസാരിച്ച സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. നിക്ഷേപകരുടെ അപേക്ഷകളില്‍ കാലതാമസമില്ലാതെ തീരുമാനമെടുക്കും. സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, വ്യവസായ വകുപ്പ് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എന്നിവര്‍ പങ്കെടുത്തു.

മിഷന് സമുദ്ര സാമ്പത്തിക വളര്‍ച്ചയുടെ പുതിയ ശക്തിയാകും : മുഖ്യമന്ത്രി
ചരക്കുനീക്കം മുതല്‍ ടൂറിസവും സീഫുഡ് കയറ്റുമതിയും വരെ സമുദ്രസാധ്യതകളെ പ്രയോജനപ്പെടുത്തുന്ന മിഷന് സമുദ്ര സാമ്പത്തിക വളര്‍ച്ചയുടെ പുതിയ ശക്തിയാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിനുണ്ടായിരുന്ന സമുദ്രവ്യാപാര പാരമ്പര്യത്തെ പുതിയ സാധ്യതകളുമായി കൂട്ടിയിണക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടക്കുന്ന ‘റീഇമാജിനിങ് കേരളം’ ത്രിദിന റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സിന്റെ ആദ്യ ദിനത്തില്‍ മിഷന് സമുദ്രയെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ 600 കിലോമീറ്റര്‍ തീരപ്രദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങള്‍, ഒരു കണ്ടെയ്നര്‍ ടെര്‍മിനല്‍, 18 ചെറുകിട തുറമുഖങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിച്ച് സംസ്ഥാനത്തെയാകെ ഒരു പോര്‍ട്ട് ശൃംഖലയാക്കി മാറ്റും. റോഡുകളിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചരക്കുനീക്കത്തിന്റെ 50 ശതമാനം ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റും. ആദ്യഘട്ടത്തില്‍ എണ്ണ, ഗ്യാസ് തുടങ്ങിയ അപകടകരമായ വസ്തുക്കളുടെ നീക്കവും രണ്ടാംഘട്ടത്തില്‍ മറ്റ് ചരക്കുകളുടെ നീക്കവും ജലപാതകളിലേക്കും തീരദേശ പാതകളിലേക്കും മാറ്റാനാണ് തീരുമാനം.
പദ്ധതികള്‍ക്ക് ആവശ്യമായ സ്ഥലം പരമാവധി ഏറ്റെടുക്കാന്‍ വ്യവസായ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിക്ഷേപം നടത്താന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ് സര്‍ക്കാര്‍ നയം. ഭൂമി ഏറ്റെടുക്കലിനും നിക്ഷേപങ്ങള്‍ക്കുമുള്ള വായ്പകള്‍ ലഭ്യമാക്കാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ബാങ്കുകളും സന്നദ്ധമാണ്.
ടൂറിസ്റ്റ് ടെര്‍മിനലുകള്‍ ആരംഭിച്ച് ചെറുകിട തുറമുഖങ്ങളുമായും 44 നദികളുമായും ബന്ധിപ്പിക്കും. ഇതോടൊപ്പം മാരിടൈം, ലോജിസ്റ്റിക്സ്, മാരിടൈം നിയമങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അക്കാദമിക് കോഴ്സുകളും ആരംഭിക്കും. പത്ത് വര്‍ഷം മുമ്പ് സീഫുഡ് കയറ്റുമതിയില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സ്ഥാനം കേരളം തിരിച്ചുപിടിക്കും. അക്വാകള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തും. മിഷന് സമുദ്രയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ പരിസ്ഥിതി സൗഹൃദമായിരിക്കും. തീരദേശത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം പുനരധിവാസവും ഉറപ്പാക്കും.

കേരളത്തിലെ ടൂറിസം വികസനത്തിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനുമായി ഓഷ്യനേറിയവും മാരിടൈം മ്യൂസിയവും പ്രധാന പദ്ധതിയായി നടപ്പിലാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മുഖ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ആധുനിക മാതൃകകളും പ്രയോജനപ്പെടുത്തും.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരി കുറഞ്ഞത് നാല് മുതല്‍ ഏഴ് ദിവസം വരെ കേരളത്തില്‍ ചെലവഴിക്കുന്ന സാഹചര്യം ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന് സഹായകമാകുന്ന തരത്തിലാണ് ഓഷ്യനേറിയം, മാരിടൈം മ്യൂസിയം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
മിഷന് സമുദ്രയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ തുറമുഖ വകുപ്പ് സെക്രട്ടറി രത്തന്‍ യു ഖേല്‍ക്കര്‍, വിഴിഞ്ഞം സീപോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, മേഖലയിലെ വിദഗ്ധര്‍, പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ട്.
ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. അതേസമയം കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലുണ്ടായ മഴവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും പെട്ട് 9 പേരാണ് മരിച്ചത്. കാണാതായ ഒരാൾക്കായുള്ള തിരച്ചില്‍ തുടരുകയാണ്. കേന്ദ്രകാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച പുലര്‍ച്ചെ പുറത്തുവിട്ട മുന്നറിയിപ്പ് പ്രകാരം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

ഇന്നലെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര് മരിച്ച ഇടുക്കി ജില്ലയില്‍ ഇടവിട്ട് മഴ ശക്തമായി തുടരുകയാണ്. ദേശീയപാതയില്‍ അഞ്ചിടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. പഴംപള്ളിചാലിലെ ഉരുള്‍പൊട്ടലില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. അഞ്ച് കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ദേവിയാര്‍ പുഴ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇരുമ്പ്പാലംപഴംപള്ളിചാല് റോഡില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. വട്ടവടയില്‍ മണ്ണിടിച്ചിലില്‍ മരിച്ച ബാലകൃഷ്ണന്, ചിന്നു എന്നിവരുടെ സംസ്കാരം ഇന്ന് നടക്കും. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മ ചികിത്സയിലാണ്.

IDSFFK ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് പുനഃപരിശോധിക്കണം: മന്ത്രി പി. സി. വിഷ്ണുനാഥ്
തിരുവനന്തപുരം: കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയായ IDSFFK-യിൽ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്ത ചിത്രങ്ങളിൽ ചിലതിന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്ന് ടൂറിസം, സാംസ്കാരിക, സിനിമാ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു.
ഒരു രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതികളാണ്. അത്തരത്തിൽ സമഗ്രമായ പ്രക്രിയയിലൂടെ തെരഞ്ഞെടുത്ത ചിത്രങ്ങൾക്ക് മേളയുടെ വേദിയിൽ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിക്കുന്നത് ചലച്ചിത്രമേളകളുടെ ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നടപടിയാണ്.

ഡോക്യുമെന്ററി സിനിമയും ഹ്രസ്വചിത്രങ്ങളും സമൂഹത്തിലെ വിവിധ യാഥാർഥ്യങ്ങളും കാഴ്ചപ്പാടുകളും രേഖപ്പെടുത്തുന്ന പ്രധാന കലാരൂപങ്ങളാണ്. വ്യത്യസ്ത ആശയങ്ങൾക്കും ചോദ്യങ്ങൾക്കും സംവാദങ്ങൾക്കും ഇടം നൽകുക എന്നതാണ് ഒരു രാജ്യാന്തര ചലച്ചിത്രമേളയുടെ അടിസ്ഥാന സ്വഭാവം. പ്രേക്ഷകർക്ക് സിനിമ കാണാനും അതിനെ സ്വതന്ത്രമായി വിലയിരുത്താനും വിമർശിക്കാനുമുള്ള അവസരം ഉണ്ടാകണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

18ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നൽകിയില്ല. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സെപ്റ്റംബര്‍ 25 മുതല്‍ 30 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട 18 ചിത്രങ്ങള്‍, ഇന്റര്‍നാഷണല്‍ നോണ്‍ ഫിക്ഷന്‍ വിഭാഗത്തിലെ 9 ചിത്രങ്ങള്‍, ഫെസ്റ്റിവല്‍ വിന്നേഴ്സ് വിഭാഗത്തിലെ മൂന്ന് ചിത്രങ്ങള്‍, നേപ്പാള്‍ പാക്കേജിലെ ഒരു ചിത്രം എന്നിവയ്ക്കാണ് പ്രദര്‍ശനാനുമതി കിട്ടാതെ പോയത്. ഒരു മലയാള ചിത്രവും ഇതില്‍ ഉള്‍പ്പെടുന്നു.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റില്ലാത്ത സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ചിത്രങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതനുസരിച്ച് 347 സിനിമകളുടെ പട്ടികയാണ് സെന്‍സര്‍ ഇളവിനായി ചലച്ചിത്ര അക്കാദമി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തില്‍ സമര്‍പ്പിച്ചിരുന്നത്. ചിത്രങ്ങളുടെ പ്രമേയത്തിന്റെ സാരാംശം സഹിതമുള്ള അപേക്ഷയാണ് നല്‍കിയത്. തുടര്‍ന്ന് മന്ത്രാലയം ആവശ്യപ്പെട്ടതനുസരിച്ച് 40 ചിത്രങ്ങളുടെ വിശദമായ സിനോപ്സിസും ചിത്രങ്ങള്‍ കാണാനുള്ള സ്ക്രീനറുകളും നല്‍കിയിരുന്നു.
