മൂന്ന് പതിറ്റാണ്ടിന് ശേഷം നെല്ലിക്കോണം പാടശേഖരത്തിൽ വീണ്ടും നെൽകൃഷി; അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ‘കതിര്‍’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കും

തിരുവനന്തപുരം: മൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം നെല്ലിക്കോണം പാടശേഖരത്തിൽ വീണ്ടും നെൽകൃഷി പുനരാരംഭിച്ച് നടത്തിയ കൊയ്ത്തുത്സവം നാടിന്റെ കാർഷിക പൈതൃകത്തിന്റെ വീണ്ടെടുപ്പിനൊപ്പം കൂട്ടായ്മയുടെ വിജയവും വിളംബരം ചെയ്യുന്ന ആഘോഷമായി മാറിയെന്ന് കൃഷി വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് പറഞ്ഞു. തരിശായി കിടന്നിരുന്ന ഭൂമിയെ കൃഷിയോഗ്യമാക്കി മാറ്റി കുട്ടികളെയും കുടുംബശ്രീ പ്രവർത്തകരെയും കർഷകരെയും നാട്ടുകാരെയും ഒരുമിപ്പിച്ച് കൊയ്ത്തുത്സവത്തെ നാടിന്റെ ഉത്സവമാക്കി മാറ്റിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു. നെല്ലിക്കോണം പാടശേഖരത്തിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
“നെല്ലിക്കോണം പാടശേഖരം വീണ്ടും പൂത്തുലഞ്ഞുനിൽക്കുമ്പോൾ ഇതാണ് കൃഷി, ഇതാണ് അനുഭവം” മന്ത്രി പറഞ്ഞു. ദീർഘകാലമായി തരിശായി കിടന്ന ഭൂമിയെ കൃഷിക്ക് അനുയോജ്യമാക്കി മാറ്റുകയും കർഷകരെ വീണ്ടും കൃഷിയിലേക്ക് കൊണ്ടുവരികയും ചെയ്ത പാടശേഖര സമിതിയുടെയും ഭൂവുടമകളുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ പ്രവർത്തനത്തെ മന്ത്രി മുക്തകണ്ഠം അഭിനന്ദിച്ചു. കുട്ടികളുടെ പങ്കാളിത്തവും കുടുംബശ്രീയുടെ സഹകരണവും ഉൾപ്പെടെ നാടാകെ ഏറ്റെടുത്ത പ്രവർത്തനമാണ് നെല്ലിക്കോണം പാടശേഖരത്തിന്റെ പുനരുജ്ജീവനത്തെ വേറിട്ടതാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃഷിയെ പുതിയ തലമുറയുമായി കൂടുതൽ ശക്തമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സർക്കാർ നടപ്പാക്കിവരികയാണെന്ന് മന്ത്രി പറഞ്ഞു. ഈ വർഷം 500 സ്കൂളുകളിൽ ‘കതിര്‍’ കാർഷിക ക്ലബ്ബുകൾ ആരംഭിക്കുകയും അടുത്ത അധ്യയനവർഷം സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയും ചെയ്യും. സ്കൂളിലെ കൃഷിയിൽ മാത്രം ഒതുങ്ങാതെ കുട്ടികളുടെ വീടുകളിലേക്കും കൃഷിയെ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കാർഷിക മേഖലയിൽ കുട്ടികളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് വെയിറ്റേജ് മാർക്ക് നൽകുന്ന സംവിധാനം കേരളത്തിൽ നടപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ‘കതിര്‍’ കാർഷിക ക്ലബ്ബിനും കൃഷി നടത്തുന്നതിനായി ₹10,000 വീതം നൽകുന്ന പദ്ധതിയും കൃഷിവകുപ്പ് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. കുട്ടികൾക്ക് കാർഷിക മേഖലയുമായി നേരിട്ട് പരിചയപ്പെടുന്നതിനായി ‘കതിര്‍ സഞ്ചാരം’, കാർഷിക സ്ഥാപനങ്ങളുമായുള്ള ബന്ധം, ‘കതിര്‍ മാർക്കറ്റ്’, ഉച്ചഭക്ഷണ പദ്ധതിയുമായുള്ള ഏകോപനം തുടങ്ങിയ പ്രവർത്തനങ്ങളും ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃഷിയെ പഠനത്തിന്റെ ഭാഗമാക്കുന്നതിനൊപ്പം കുട്ടികളുടെ വീടുകളിലും കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കുന്ന തരത്തിൽ ഒരു പുതിയ കാർഷിക സംസ്കാരം വളർത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം, വിപണിയിലെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, ആവശ്യമായ സബ്സിഡി ലഭിക്കാത്ത സാഹചര്യം, വളം ഉൾപ്പെടെയുള്ള കാർഷിക സാമഗ്രികളുടെ വിലവർധന തുടങ്ങിയ നിരവധി വെല്ലുവിളികൾ കർഷകർ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രതിസന്ധികൾക്കിടയിലും മണ്ണിൽ ഉറച്ചുനിന്ന് കൃഷിയെ ചേർത്തുപിടിക്കുന്ന കർഷകർക്ക് എല്ലാ തലങ്ങളിലുമുള്ള പിന്തുണയും പിൻബലവും നൽകിയാണ് കൃഷിവകുപ്പ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിടുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള നടപടികളും കൃഷിവകുപ്പ് സ്വീകരിച്ചുവരികയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
കർഷകർക്ക് വിപണിയിൽ പിന്തുണ ഉറപ്പാക്കുന്നതിനായി ഓണക്കാലത്ത് സംസ്ഥാനത്ത് 2,000 പച്ചക്കറി വിപണികൾ കൃഷിവകുപ്പ് സംഘടിപ്പിച്ചതായും മന്ത്രി പറഞ്ഞു. വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സവാളയുടെ വില 82 രൂപ വരെ ഉയർന്നപ്പോൾ നാസിക്കിൽ നിന്ന് 100 ടൺ സവാള എത്തിച്ച് വിപണി ഇടപെടൽ നടത്തിയതായും, തുടർന്ന് വില 60 രൂപ നിരക്കിലേക്ക് താഴ്ത്താൻ സാധിച്ചതായും മന്ത്രി പറഞ്ഞു.

ഓണക്കാലത്ത് നെൽകർഷകർക്ക് നൽകാനുള്ള തുക മുഴുവൻ നൽകാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് സംഭരിച്ച പച്ചക്കറികളുടെ വില കർഷകരുടെ അക്കൗണ്ടുകളിലേക്ക് അന്നുരാത്രിയും പിറ്റേന്ന് രാവിലെയുമായി ഡിജിറ്റൽ സംവിധാനത്തിലൂടെ കൈമാറാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി. കർഷകരെ ആശ്വസിപ്പിക്കുകയും ചേർത്തുനിർത്തുകയും ചെയ്യുന്ന ഇടപെടലുകൾ എല്ലാ തലങ്ങളിലും തുടരുകയാണ്. ഇതിന് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള കഠിനാധ്വാനത്തിനും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു.
നെല്ലിക്കോണം പാടശേഖരത്തിന്റെ പുനരുജ്ജീവനം ഒരു കൂട്ടായ്മയുടെ കാർഷിക വിജയഗാഥയുടെ മികച്ച ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ഇത്തരം പദ്ധതികളെ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളുമായി ബന്ധിപ്പിച്ച് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പാടശേഖരം കൃഷിയോഗ്യമാക്കുന്നതിനായി കർഷകരോടൊപ്പം ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും വിദ്യാർഥികളെ കാർഷിക പ്രവർത്തനങ്ങളുടെ ഭാഗമാക്കുന്നതിൽ സജീവമായി ഇടപെടുകയും ചെയ്ത കൃഷി അസിസ്റ്റന്റ് സുനിൽ കുമാറിന് പാടശേഖര സമിതി നൽകിയ ആദരം കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് വേദിയിൽ സമ്മാനിച്ചു.

ചടങ്ങിൽ കുളത്തൂർ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. പുഷ്പാസനൻ നായർ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജിനേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പ്രാണകുമാർ, ഫ്രീഡ സൈമൺ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫ്രിജിനി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ. രാധാകൃഷ്ണൻ, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രജി ഗ്ലിംസൺ എന്നിവർ പങ്കെടുത്തു. ജനപ്രതിനിധികൾ, വാർഡ് മെമ്പർമാർ, പാടശേഖര സമിതി ഭാരവാഹികൾ, കർഷകർ, എ.ഡി.എസ്. അംഗങ്ങൾ, കുടുംബശ്രീ ചെയർപേഴ്‌സൺ, കുളത്തൂർ സ്കൂൾ ഹെഡ്മാസ്റ്റർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കുളത്തൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷിബികുമാർ നന്ദി പ്രകാശിപ്പിച്ചു.

അമൃതകീർത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക്…

അമൃതപുരി (കൊല്ലം): മാതാ അമൃതാനന്ദമയി മഠത്തിന്‍റെ ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരത്തിന് മുൻ ഗവർണ്ണർറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ പി എസ് ശ്രീധരൻ പിള്ള അർഹനായി. 1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
മാതാ അമൃതാനന്ദമയി മഠത്തിന്‍റെ വിശ്വസേവാ ദിനാഘോഷങ്ങളുടെ ഭാഗമായി സെപ്തംബർ 26ന് വൈകീട്ട് കൊല്ലം അമൃതപുരി അമൃതവിശ്വവിദ്യാപീഠം ക്യാംപസിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും ആദ്ധ്യാത്മിക, വൈജ്ഞാനിക, ശാസ്ത്ര രംഗങ്ങളിലെ പ്രഗത്ഭർക്ക് 2001 മുതൽ അമൃതകീർത്തി പുരസ്‌ക്കാരം നൽകിവരുന്നു. സ്വാമി അമൃതസ്വരൂപാനന്ദ പുരി അദ്ധ്യക്ഷനും ഡോ. കെ. എസ്. രാധാകൃഷ്ണൻ, ഡോ. എം. ലക്ഷ്മീകുമാരി, സ്വാമി തുരീയാമൃതാനന്ദ പുരി എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് പുരസ്‌ക്കാര നിർണ്ണയം നടത്തിയത്.

ഭാരതീയ തത്ത്വചിന്തയിലും ആദ്ധ്യാത്മികതയിലും അഗാധമായ ജ്ഞാനമുള്ള വ്യക്തിയാണ് ശ്രീധരൻ പിള്ള. ഈശ്വരനും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പരസ്പര ബന്ധമാണ് ആദ്ധ്യാത്മികതയുടെ കാതൽ എന്ന വീക്ഷണം അദ്ദേഹത്തിന്‍റെ ജീവിതത്തിലും എഴുത്തുകളിലും പ്രസംഗങ്ങളിലുമെല്ലാം തെളിഞ്ഞു കാണാം എന്ന് സ്വാമി തുരീയാമൃതാനന്ദപുരി പറഞ്ഞു. നിയമ-രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഭരണഘടന പദവി വഹിക്കുമ്പോഴും സാഹിത്യ- വൈജ്ഞാനിക മേഖലകളില്‍ അഡ്വ ശ്രീധരന്‍പിള്ള നടത്തിയ ഇടപെടലുകള്‍ ഏറെ പ്രസംശനീയമാണ്. കവിത, പ്രബന്ധങ്ങൾ, നിയമവിഷയങ്ങൾ, യാത്ര വിവരണങ്ങൾ, രാഷ്ട്രീയ വിശകലനങ്ങൾ, ആദ്ധ്യാത്മിക ദാര്‍ശിനിക കാഴ്ചപ്പാടുകള്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ സമസ്ത മേഖലകളെയും പരാമര്‍ശിക്കുന്ന 270 പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് അഡ്വ. ശ്രീധരന്‍പിള്ള.

നിലമ്പൂർ പൂക്കോട്ടുംപാടം ടി കെ കോളനിയിൽ കോട്ടപുഴയിൽ അപകടത്തിൽ പെട്ടു മരിച്ചവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മഞ്ചേരി മെഡിക്കൽ കോളെജ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ സന്ദർശിക്കുന്നു.