സൗദി അറേബ്യയിലെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി താന്‍ സംസാരിച്ചെന്നും ട്രംപ് വ്യക്തമാക്കി. പിന്നാലെ ബ്രന്‍ഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 107 ഡോളര്‍ കടന്നു. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് ഇറാനും രംഗത്തെത്തി. പൊള്ളത്തരങ്ങള്‍ സൃഷ്ടിച്ച് പ്രാദേശിക രാജ്യങ്ങള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ആക്രമണത്തിന് പിന്നാലെ ആഴ്ചകളോളം ഇവ പ്രവര്‍ത്തനരഹിതമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. സമാധാന കരാറില്‍ എത്രയും വേഗം എത്താന്‍ ഇറാന്‍ വളരെയേറെ താത്പര്യപ്പെടുന്നുവെന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനത്ത സാഹചര്യത്തിൽ ഇറാനുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ കരാറില്‍ അന്തിമ തീരുമാനം തന്റേതായിരിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

നിയമവിദ്യാഭ്യാസം പുതിയ സാങ്കേതികവിദ്യകൾക്കൊപ്പം മാറണം: മുഖ്യമന്ത്രി വി.ഡി. സതീശൻ

#ഗവ.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു#

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വളർച്ചയ്ക്കൊപ്പം ഉയർന്നുവരുന്ന പുതിയ നിയമപ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ പുതിയ തലമുറയിലെ നിയമവിദഗ്ധർ തയാറാകണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചാലും അതിനൊപ്പം പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഉയർന്നുവരും. അവ തിരിച്ചറിയാനും നിയമപരമായി കൈകാര്യം ചെയ്യാനും കഴിയുന്ന തരത്തിൽ നിയമവിദ്യാഭ്യാസം കാലാനുസൃതമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിലെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളിലെ വളർച്ച നിയമരംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗം വർധിച്ചതോടെ പകർപ്പവകാശം, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളിൽ പുതിയ നിയമപ്രശ്‌നങ്ങൾ ഉയർന്നുവരുന്നുണ്ട്. സിനിമാ മേഖലയിലെ പൈറസിയുൾപ്പെടെയുള്ള വിഷയങ്ങളിലും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിയമപരമായ വെല്ലുവിളികൾ വർധിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമബിരുദധാരികൾ അഭിഭാഷകവൃത്തിയിൽ മാത്രം ഒതുങ്ങേണ്ടതില്ല. സർക്കാർ സ്ഥാപനങ്ങൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലകളിലും നിയമപരിശോധനയും നിയമവിദഗ്ധരുടെ സേവനവും ആവശ്യമാണ്. മാറിവരുന്ന സാങ്കേതിക, സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ നിയമമേഖലകളിലേക്ക് നിയമവിദഗ്ധർ കടന്നുവരണം. ഇതിലൂടെ നിയമബിരുദധാരികൾക്ക് വിപുലമായ തൊഴിൽസാധ്യതകൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ പ്രധാന തുറമുഖ നഗരമാക്കി മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്കൊപ്പം മാരിടൈം ലോ പഠനത്തിനുള്ള സംവിധാനവും ഒരുക്കണം. മാരിടൈം നിയമരംഗത്ത് കേരളത്തിന് വലിയ സാധ്യതകളുണ്ട്. ബോംബെയിൽ നിലവിലുള്ളതുപോലെ അഡ്മിറൽറ്റി ജൂറിസ്ഡിക്ഷനുള്ള കോടതി കേരളത്തിലും സ്ഥാപിക്കുന്നതിനുള്ള സാധ്യതകൾ പരിഗണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമം ഒരു ‘ലിവിംഗ് ലോ’ ആണ്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ നിയമങ്ങളിലും ചട്ടങ്ങളിലും ഉണ്ടാകണം. ഭരണഘടനയിലും നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ട്. മാറുന്ന സാമൂഹിക,സാമ്പത്തിക സാഹചര്യങ്ങൾക്ക് അനുസരിച്ച് കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌കരിക്കുകയും പുതിയ നിയമനിർമാണങ്ങൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമവിദ്യാർത്ഥികൾക്ക് ശക്തമായ ഭരണഘടനാപരമായ ബോധം ഉണ്ടായിരിക്കണമെന്നും സംസാരിക്കുമ്പോഴും ചിന്തിക്കുമ്പോഴും പ്രവർത്തിക്കുമ്പോഴും നിയമപരവും ഭരണഘടനാപരവുമായ ചട്ടക്കൂട് മനസിൽ സൂക്ഷിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിന്റെ പാരമ്പര്യവും പ്രമുഖ പൂർവവിദ്യാർത്ഥികളെയും അനുസ്മരിച്ച മുഖ്യമന്ത്രി, താനും ഈ കലാലയത്തിലെ വിദ്യാർത്ഥിയായിരുന്നതിൽ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.

സാധാരണക്കാരന് നീതി എന്നത് ഭരണഘടനാപരമായ അവകാശമാണെന്നും അത് വേഗത്തിൽ ഉറപ്പാക്കാൻ പുതിയ തലമുറയിലെ അഭിഭാഷകരും നിയമവിദഗ്ധരും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവെക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ പറഞ്ഞു.

വാർഡ് കൗൺസിലർ മേരി പുഷ്പം, മുൻ കേരള ഹൈക്കോടതി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ, കേരള സർവകലാശാല ലോ ഡീൻ പ്രൊഫ ഡോ സിന്ധു തുളസീധരൻ, അഡ്വ എ.സമ്പത്ത്, ലോ കോളേജ് പ്രിൻസിപ്പാൾ ഇൻ ചാർജ് ഹമീമ.എം തുടങ്ങിയവർ പങ്കെടുത്തു.

81-മതു ഗ്രന്ഥശാലാദിനാഘോഷങ്ങളുടെ ഭാഗമായി P N പണിക്കർ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കനകക്കുന്ന് കൊട്ടാരത്തിൽ നടന്ന ദേശീയ സമ്മേളനം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു . മന്ത്രി കെ. എം. ഷാജിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി മുഖ്യ പ്രഭാഷണം നടത്തി. Community led Knowledge Centres for Transformation : From Library to Lifeline
എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ:
. പി.ജെ കുര്യൻ, പന്ന്യൻ രവീന്ദ്രൻ ,പാലോട് രവി , ഡോ. ബി. ഷാദ്രാച്ച് (Director commonwealth Educational Media Centre for Asia)
N ബാലഗോപാൽ ,
തോമസ്സ് ലാറൻസ് എന്നിവർ സംസാരിച്ചു.

മത്സരപരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് അവസരസമത്വം ഉറപ്പാക്കും : മന്ത്രി എൻ. ഷംസുദീൻ

#ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എഐ അധിഷ്ഠിത പരിശീലനം നൽകുന്ന മുകുളം പോർട്ടൽ ഉദ്ഘാടനം ചെയ്തു#

മത്സരപരീക്ഷകളിൽ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് നിർമ്മിത ബുദ്ധിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി അവസരസമത്വം ഉറപ്പാക്കുകയാണ് മുകുളം പോർട്ടലിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കൈറ്റിന്റെ ആഭിമുഖ്യത്തിൽ ആവിഷ്‌കരിച്ച ‘മുകുളം’ എ.ഐ അധിഷ്ഠിത പോർട്ടൽ ജവഹർ സഹകരണ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹയർസെക്കൻഡറി മേഖലയെ മികവിന്റെ കേന്ദ്രമാക്കാൻ മുകുളം പോലെയുള്ള നവീന ആശയങ്ങൾ സഹായിക്കുമെന്നും ഇത്തരം പദ്ധതികൾ ഫലപ്രദമായി സ്‌കൂളുകളിൽ നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

നീറ്റ്, ജെ.ഇ.ഇ, സി.യു.ഇ.ടി, ഐ.ഐ.എസ്.ഇ.ആർ, കെ.വി.പി.വൈ തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് സൗജന്യ എ.ഐ അധിഷ്ഠിത പരിശീലനം നൽകുന്നതിനാണ് മുകുളം പോർട്ടൽ ഒരുക്കിയിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി കാരണം സ്വകാര്യ കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നേടാൻ കഴിയാത്ത സാധാരണക്കാരായ കുട്ടികൾക്കും മികച്ച വിജയം നേടുന്നതിനുള്ള അവസരം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരഞ്ഞെടുത്ത 25 സ്‌കൂളുകളിൽ പൈലറ്റ് പ്രോജക്റ്റായി, പദ്ധതി വിജയകരമായി പൂർത്തിയാക്കിയിരുന്നു. സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്‌സ് വിഭാഗങ്ങളിലെ പത്തോളം വിഷയങ്ങൾക്കുള്ള ഡിജിറ്റൽ പഠന സാമഗ്രികൾ എഐ സങ്കേതങ്ങൾ ഉപയോഗിച്ച് പുതിയ കൈറ്റ് വെബ്സൈറ്റിൽ തയാറാക്കിയിട്ടുണ്ട്.

കൈറ്റിന്റെ നേതൃത്വത്തിൽ വിഎച്ച്എസ്ഇ പ്രിൻസിപ്പാൾമാർക്കുള്ള ഏകദിന ശില്പശാലയും ജവഹർ സഹകരണ ഭവനിൽ മന്ത്രി ഉദ്ഘാടനം ചെയ്തു. വിഎച്ച്എസ്ഇ തലത്തിലും കാലാനുസൃത മാറ്റങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ തൊഴിൽ സാധ്യതകൾക്ക് പ്രാധാന്യം നൽകി കൃഷി, വ്യവസായം തുടങ്ങിയ മേഖലകളെയും എ.ഐ ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളെയും സംയോജിപ്പിച്ച് വി.എച്ച്.എസ്.ഇയെ പുനഃസംവിധാനം ചെയ്യും. ഇതിനായി പുതിയ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നതായി മന്ത്രി അറിയിച്ചു. വ്യത്യസ്ഥ ഉത്തരവാദിത്വങ്ങൾ മികച്ച ഏകോപനത്തോടെ നിർവഹിക്കപ്പെടുമ്പോഴാണ് പൊതുവിദ്യാഭ്യാസ മേഖലയെ വിജയകരമായി മുന്നോട്ട് നയിക്കാൻ കഴിയുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ക്ലർക്ക്, പ്യൂൺ സേവനത്തിന്റെ ആവശ്യകതയെ കുറിച്ച് വകുപ്പ് ഗൗരവമായി ആലോചിക്കുന്നുണ്ട്. ഹയർസെക്കൻഡറിയിൽ കായികാധ്യാപകരുടെ അഭാവം പരിഹരിക്കുന്നതിന് നടപടിയുണ്ടാകുമെന്നും ഭിന്നശേഷി അധ്യാപക നിയമനം, കെ.ടെറ്റ് തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ ഇടപെടലുകൾ നടത്തി വരുന്നതായും മന്ത്രി അറിയിച്ചു.

സൈബർ സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച് ഏകദിന ശില്പശാലയിൽ എല്ലാ ജില്ലകളിലെയും ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾമാർ അതത് കേന്ദ്രങ്ങളിൽ നിന്നും ഓൺലൈനായി പങ്കുചേർന്നു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ അരുൺ.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത്, ഹയർസെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടർ അഷ്‌റഫ് കെ.കെ, വി.എച്ച്.എസ്.ഇ ഡെപ്യൂട്ടി ഡയറക്ടർ (ജനറൽ) കെ.വി മനോജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മന്ത്രി സി.പി ജോൺ ഇടപെട്ടു; അധ്യാപകരുടെ ശമ്പള പ്രതിസന്ധിക്ക് പരിഹാരം

നാല് മാസത്തോളം ശമ്പളം മുടങ്ങിയ പാറശാല വിദ്യാഭ്യാസ ഉപജില്ലയിലെ മൂവേരിക്കര എൽ.പി സ്‌കൂളിലെ 15 അധ്യാപകർക്ക് ഗതാഗത മന്ത്രി സി.പി ജോണിന്റെ ഇടപെടലിലൂടെ ശമ്പളം ലഭ്യമായി.

സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധ്യാപകർക്ക് ശമ്പളം ലഭിക്കാതിരുന്നത്. എന്നാൽ, മന്ത്രിയുടെ ഓഫീസ് വിഷയത്തിൽ ഇടപെട്ട് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് അല്ല യഥാർഥ പ്രശ്‌നമെന്ന് വ്യക്തമായി. സമീപത്തെ സ്വകാര്യ വ്യക്തി മതിൽ നിർമിക്കാത്തതാണ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിഷേധിക്കാൻ തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥർ കാരണമായി പറഞ്ഞിരുന്നത്. ഇത് കേരള സർവീസ് ചട്ടങ്ങളുടെയും വിദ്യാഭ്യാസ നിയമങ്ങളുടെയും ലംഘനമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചതോടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുകയായിരുന്നു. ഇതോടെയാണ് അധ്യാപകർക്ക് മുടങ്ങിയ ശമ്പളം ലഭിച്ചത്.