റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ: ജില്ലാകളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ അടിയന്തര ചികിത്സ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ആവിഷ്കരിച്ച ‘റാഹത് ‘ (പ്രൈംമിനിസ്റ്റേഴ്സ് റോഡ് ആക്സിഡൻ്റ് വിക്റ്റിംസ് ഹോസ്പിറ്റലൈസേഷൻ ആൻഡ് അഷ്വേർഡ് ട്രീറ്റ്മെൻ്റ്) പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അനു കുമാരിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ അവലോകന യോഗം ചേർന്നു.
അപകടത്തിൽപ്പെടുന്നവർക്ക് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്ത സാഹചര്യം ഒഴിവാക്കാനും, സാമ്പത്തിക പ്രതിസന്ധി കാരണം ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് തടയാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം അപകടത്തിൽപ്പെടുന്ന ഒരാൾക്ക് പരമാവധി ഏഴു ദിവസത്തേക്ക് 1.5 ലക്ഷം രൂപ വരെയുള്ള സൗജന്യ അടിയന്തര ചികിത്സ ലഭ്യമാക്കും.

ജില്ലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് പുറമെ ട്രോമ കെയർ സൗകര്യങ്ങളുള്ള കൂടുതൽ സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കാൻ യോഗത്തിൽ തീരുമാനമായി. അപകടം നടന്ന് 24 മുതൽ 48 മണിക്കൂറിനുള്ളിൽ പോലീസ് വെരിഫിക്കേഷൻ പൂർത്തിയാക്കുന്ന രീതിയിൽ പൂർണ്ണമായും ഓൺലൈൻ പോർട്ടലുകൾ വഴിയാണ് റാഹത് പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. റോഡ് സേഫ്റ്റി അതോറിട്ടിയാണ് നോഡൽ ഏജൻസി.
പദ്ധതിയുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളും ഏജൻസികളും ഇതുവരെയുള്ള പ്രവർത്തനം വിശദീകരിച്ചു. യോഗത്തിൽ സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡ്, എ.ഡി.എം നിസ എ, പോലീസ്, റോഡ് സേഫ്റ്റി അതോറിട്ടി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസ്, സ്റ്റേറ്റ് ഹെൽത്ത് ഏജൻസി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.


രാജ്യത്ത് ആദ്യമായി വയോജന സൗഹൃദ ഓഫീസ് സര്‍ട്ടിഫിക്കേഷനുമായി കേരളം
സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് പദവി നല്‍കും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളെ വയോജന സൗഹൃദമാക്കുന്നതിനുള്ള നൂതന പദ്ധതിക്ക് വയോജന ക്ഷേമ വകുപ്പ് തുടക്കം കുറിക്കുന്നു. രാജ്യത്ത് ആദ്യമായാണ് വയോജന സൗഹൃദ ഓഫീസ് സര്ട്ടിഫിക്കേഷന് (ELDER FRIENDLY OFFICE CERTIFICATION) സംവിധാനം നടപ്പാക്കുന്നത്. വില്ലേജ്, താലൂക്ക് ഓഫീസുകള്‍, ആശുപത്രികള്‍, ബാങ്കുകള്‍, ഗതാഗത കൗണ്ടറുകള്‍ എന്നിവിടങ്ങളില്‍ സര്ട്ടിഫിക്കേഷന് നടപ്പാക്കും. പൊതു മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തി ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കുന്നത്. നിശ്ചിത കാലയളവിനു ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ പുതുക്കണം. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്നത് സംബന്ധിച്ച് മുന്നറിയിപ്പില്ലാതെ പരിശോധനയുമുണ്ടാകും.

ഇന്ത്യയില്‍ ഏറ്റവുമധികം മുതിര്‍ന്ന പൗരന്മാരുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രണ്ടു പതിറ്റാണ്ടിനുള്ളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കൂടുമെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ വയോജന വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലെത്തുന്ന മുതിര്‍ന്ന പൗരന്മാര് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഇതുവരെ വ്യക്തമായൊരു സംവിധാനമുണ്ടായിരുന്നില്ല. നീണ്ട ക്യൂ, കൈവരിയില്ലാത്ത പടികള്‍, ചെറിയ അക്ഷരത്തിലുള്ള അപേക്ഷാ ഫോമുകള്‍, ഗോവണി കയറി എത്തേണ്ട കൗണ്ടറുകള്‍ എന്നിവയെല്ലാം പലപ്പോഴും പ്രശ്നമാകാറുണ്ട്. ഇതൊക്കെ പരിഹരിക്കുന്നതിനാണ് സര്ട്ടിഫിക്കേഷന് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.
അഞ്ച് മേഖലകളായാണ് ഓഫീസുകളെ വിലയിരുത്തുക. കെട്ടിടത്തിന്റെ പ്രവേശനക്ഷമതയ്ക്ക് 30 ശതമാനമാണ് സ്കോര്‍. സേവനരീതിക്ക് 25 ശതമാനവും ജീവനക്കാരുടെ പരിശീലനത്തിനും പെരുമാറ്റത്തിനും 20 ശതമാനവും വിവരവിനിമയത്തിന് 15 ശതമാനവും പങ്കാളിത്തത്തിന് 10 ശതമാനവുമാണ് സ്കോര്‍.

ഇതില്‍ പടികളില്ലാത്ത പ്രവേശനം, താഴത്തെ നിലയില്‍ ശൗചാലയം, മുതിര്‍ന്നവര്‍ക്കുള്ള മുന്‍ഗണനാ ക്യൂ, മുതിര്‍ന്ന പൗരന്മാരുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേക ചുമതലയുള്ള ഉദ്യോഗസ്ഥര്‍ എന്നിവ നിര്‍ബന്ധമായും പാലിക്കേണ്ട മാനദണ്ഡങ്ങളാണ്. ഇവയിലേതെങ്കിലും ഇല്ലെങ്കില്‍ ആകെ സ്കോര്‍ എത്രയായാലും സര്ട്ടിഫിക്കേഷന് പരിഗണിക്കില്ല. ആകെ സ്കോര്‍ 85 ശതമാനത്തിന് മുകളിലും ഏതെങ്കിലുമൊരു മേഖലയില്‍ 60 ശതമാനത്തില്‍ കുറയാതെയും നേടിയാല്‍ അഞ്ചു വര്‍ഷത്തേക്ക് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. 70 മുതല്‍ 84 വരെ സ്കോറുള്ളവയ്ക്ക് സില്‍വര്‍ ലഭിക്കും. 60 മുതല്‍ 69 വരെയുള്ളവയ്ക്ക് ബ്രോണ്‍സും ലഭിക്കും. രണ്ടു വര്‍ഷത്തേക്കു മാത്രമേ സാധുവാകുന്ന ഈ സര്ട്ടിഫിക്കേഷന് വീണ്ടും പരിശോധിച്ച ശേഷമെ സ്ഥിരപ്പെടുത്തൂ. സര്‍ട്ടിഫിക്കറ്റുള്ള ഓഫീസുകളില്‍ പത്തു ശതമാനത്തിലും ഓരോ വര്‍ഷവും അപ്രതീക്ഷിത പരിശോധന നടത്തും.
ബന്ധപ്പെട്ട ഓഫീസുമായി യാതൊരു ബന്ധവുമില്ലാത്ത എംപാനല്‍ ചെയ്ത സ്വതന്ത്ര ഏജന്‍സികളാകും സ്കോര്‍ നിശ്ചയിക്കുന്നത്. വയോജന വകുപ്പിനു കീഴിലെ നോഡല്‍ സെല്ലാണ് രജിസ്ട്രി കൈകാര്യം ചെയ്യുന്നത്. സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റിയാണ് മാനദണ്ഡങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നതും ഗോള്‍ഡ് പുരസ്കാരങ്ങള്‍ തീരുമാനിക്കുന്നതും.
യു.എ.ഇയിലെ ഷാര്‍ജ മാതൃക, ലോകാരോഗ്യ സംഘടനയുടെ ഏജ്-ഫ്രണ്ട്ലി സിറ്റീസ് ശൃംഖല, അമേരിക്കയിലെ സര്‍ട്ടിഫൈഡ് ഏജ്-ഫ്രണ്ട്ലി എംപ്ലോയര്‍ പദ്ധതി എന്നിവയാണ് വയോജന സൗഹൃദ ഓഫീസ് സര്ട്ടിഫിക്കേഷന് മാതൃകയാക്കുന്നത്. 2021-ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പുറപ്പെടുവിച്ച ദേശീയ മാര്‍ഗരേഖ അനുസരിച്ചാണ് റാംപ്, സൈന്‍ ബോര്‍ഡ്, ശൗചാലയം തുടങ്ങിയവയുടെ സാങ്കേതിക മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ മാനദണ്ഡങ്ങള്‍ അന്തിമമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ഏജന്‍സികളെ എംപാനല്‍ ചെയ്യുകയും ചെയ്യും. തുടര്‍ന്നുള്ള ആറു മാസത്തിനുള്ളില്‍ ഓരോ ജില്ലയിലും ഒരു ഓഫീസ് വീതം ആകെ 14 എണ്ണം പൈലറ്റായി തിരഞ്ഞെടുക്കും. രണ്ടാം വര്‍ഷം വില്ലേജ്, താലൂക്ക്, കളക്ടറേറ്റ് ഓഫീസുകള്‍, ട്രഷറികള്‍, ആര്.ടി.ഒകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയിലൂടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മൂന്നാം വര്‍ഷം മുതല്‍ മറ്റ് ഓഫീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പണമടച്ച് സ്വമേധയാ പങ്കുചേരാവുന്ന സ്വകാര്യ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ഫാര്‍മസികള്‍ എന്നിവയ്ക്കും ഇതോടെ അവസരം ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഓഫീസുകള്‍ക്ക് ഫലകവും ക്യുആര്‍ കോഡുള്ള ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഇവയുടെ പേര് പൊതു രജിസ്ട്രിയില്‍ ഉള്‍പ്പെടുത്തും. ഗോള്‍ഡ് നേടുന്ന ഓഫീസുകള്‍ക്ക് സില്‍വര്‍ ഇക്കോണമി പദ്ധതി പ്രകാരമുള്ള പദ്ധതികളില്‍ മുന്‍ഗണനയും ലഭിക്കും. ഏജന്‍സികളുടെ എംപാനല്‍മെന്റും പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ സാമ്പത്തിക വര്‍ഷം തന്നെ പൈലറ്റ് ഘട്ടം തുടങ്ങുന്നതാണ്.

വൈദ്യുതി പ്രതിസന്ധി; അടിയന്തരമായി വൈദ്യുതി വാങ്ങാൻ മുഖ്യമന്ത്രിയുടെ നിർദേശം
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ആവശ്യമെങ്കിൽ ഉയർന്ന വില നൽകിയും വൈദ്യുതി ലഭ്യമാക്കണമെന്നാണ് നിർദേശം.

സെപ്റ്റംബർ മാസത്തെ പ്രതിസന്ധി മറികടക്കാൻ നിലവിൽ വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴിയെന്നാണ് സർക്കാർ വിലയിരുത്തൽ. യൂണിറ്റിന് 20 രൂപ വരെ നൽകേണ്ടിവന്നാലും വൈദ്യുതി ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടു.
ചീഫ് സെക്രട്ടറിയും കെഎസ്ഇബി ചെയർമാനും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
അതേസമയം, ഒക്ടോബർ മുതൽ 2027 മെയ് വരെയുള്ള കാലയളവിൽ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. ശരാശരി യൂണിറ്റിന് 10.04 രൂപയിൽ കവിയാത്ത നിരക്കിലും, ആവശ്യകത ഉയരുന്ന ഏപ്രിൽ, മെയ് മാസങ്ങളിൽ പരമാവധി 12.50 രൂപ വരെയും നൽകി വൈദ്യുതി വാങ്ങാനാണ് അനുമതി.
സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. ഇന്നലെ മാത്രം 96.39 ദശലക്ഷം യൂണിറ്റ് ഉപഭോഗവും 4676 മെഗാവാട്ട് പരമാവധി ഡിമാൻഡും രേഖപ്പെടുത്തി.

ദുബായ്/അജ്മാൻ: കേരള ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വിവിധ പ്രവാസി സംഘടനകളുടെ പരിപാടികളിൽ പങ്കെടുക്കുന്നതിനായി യു.എ.ഇ സന്ദർശിച്ചു. സെപ്റ്റംബർ ആദ്യവാരത്തിൽ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് ഇൻകാസ് പ്രവർത്തകർ സ്വീകരണം നൽകി.അജ്മാനിൽ നടന്ന ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത ചെന്നിത്തല പ്രവാസി മലയാളികളുമായി കൂടിക്കാഴ്ച നടത്തുകയും മാധ്യമപ്രവർത്തകരോട് സംസാരിക്കുകയും ചെയ്തു. കേരളത്തിൽ ലഹരിക്കെതിരെ സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് പ്രവാസി സമൂഹത്തിൽനിന്ന് ലഭിക്കുന്ന പിന്തുണ ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകളിലും കോളജ് ക്യാംപസുകളിലും ലഹരിമാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രവാസികൾക്ക് മക്കളെ പഠനത്തിനായി കേരളത്തിലേക്ക് ആത്മവിശ്വാസത്തോടെ അയക്കാമെന്നും അദ്ദേഹം പറഞ്ഞു.
യു.എ.ഇ സന്ദർശനത്തിനിടെ വിവിധ സാമൂഹിക–സാംസ്കാരിക പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ദുബായിൽ നടന്ന ചടങ്ങിൽ ആലപ്പുഴ ജില്ലാ പ്രവാസി സമാജത്തിന്റെ ‘ആലപ്പുഴോത്സവം സീസൺ 6’ സുവനീറിന്റെ പ്രകാശനവും രമേശ് ചെന്നിത്തല നിർവഹിച്ചു.പ്രവാസി സമൂഹം കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്നും ഗൾഫ് മേഖലയിലെ മലയാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ സംസ്ഥാന സർക്കാർ അവർക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
