ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ്

നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിക്കുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി)യെ വീണ്ടും ചര്‍ച്ചയ്ക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്. ജെ പി നദ്ദയുടെ വസതിയിലോ ഓഫീസിലോ ചര്‍ച്ച നടത്താമെന്ന് ജിതേന്ദ്ര സിങ് പറഞ്ഞു. സമരക്കാര്‍ക്ക് ഏത് സമയത്ത് വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ വരാമെന്ന് ജിതേന്ദ്ര സിങ് വ്യക്തമാക്കി.

’24 മണിക്കൂറിനിടെ നാല് തവണയെങ്കിലും സമരക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സമരക്കാര്‍ക്ക് ആവശ്യമുള്ളപ്പോള്‍ ഏത് സമയത്ത് വേണമെങ്കിലും എത്ര നേരം വേണമെങ്കിലും സമരം നടത്താം. പ്രക്ഷോഭം നടന്ന വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ്. മറ്റ് അനുബന്ധ വിഷയങ്ങളും ചര്‍ച്ച ചെയ്യാം. ജെ പി നദ്ദയുടെ വസതിയില്‍ വെച്ച് തുറന്ന മനസോടെ ചര്‍ച്ച ചെയ്യാം. ഞാനും അദ്ദേഹത്തിന്റെ കൂടെയുണ്ടാകും’, ജിതേന്ദ്ര സിങ് പറഞ്ഞു. ജെ പി നദ്ദയും ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നു. തങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് നദ്ദയും വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും ഡല്‍ഹിയില്‍ സിജെപി പ്രതിഷേധത്തിനെതിരായ പൊലീസ് അതിക്രമത്തിനുമെതിരെ ഇന്നും രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ നടന്നു. അതേസമയം ഇന്നാദ്യമായി നീറ്റ് പരീക്ഷാ പേപ്പറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണം നടത്തി. കുറ്റക്കാര്‍ക്കെതിരെ വേഗത്തിലുള്ള കര്‍ശനമായ നടപടി സ്വീകരിക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതി സജീകരിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.