പയ്യന്നൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഒന്നര വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെട്ട സമിതി ചികില്‍സാ രേഖകളും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടും വിശദമായി പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കും. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടത്തിയ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ചികില്‍സാ പിഴവിന് സാധ്യതയുണ്ടെന്ന സൂചനകളാണുള്ളത്. ജനറല്‍ അനസ്‌തേഷ്യ നല്‍കിയതാകാം മരണത്തിലേക്ക് നയിച്ചതെന്നാണ് റിപോര്‍ട്ടിലെ പ്രാഥമിക വിലയിരുത്തല്‍. ശസ്ത്രക്രിയ ആവശ്യമായ മുറിവ് കുട്ടിയുടെ ശരീരത്തില്‍ ഉണ്ടായിരുന്നില്ലെന്നും മുഖത്തെ പരിക്ക് ഗുരുതരമല്ലായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണവും രക്തയോട്ടവും തടസ്സപ്പെട്ടതായും, ഏകദേശം പത്തു മിനിറ്റിനുള്ളില്‍ മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞുവന്നതായും റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതിനാല്‍ അനസ്‌തേഷ്യ നല്‍കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനം.
