വിയറ്റ്‌നാമിലെ ഫു ക്വോക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു. ഇന്ന് രാവിലെയുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. 32 ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ടാണ് ഹോണ്‍ മെയ് റൂട്ട് ങോയ് മേഖലയ്ക്ക് സമീപം രാവിലെ 10.30ഓടെ അപകടത്തില്‍പ്പെട്ടത്. ഉച്ചയോടെ 18 പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് പ്രാദേശിക അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി.