ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിനെ സംസ്ഥാന സർക്കാരിന്റെ ശാസ്ത്ര ഉപദേശകനാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ക്ഷണിച്ചു.

സർക്കാരിന്റെ പ്രധാന പദ്ധതികളായ ഗ്ലോബൽ ജോബ് വാച്ച് ടവർ, സ്പേസ് എക്കണോമി എന്നിവയിൽ ഉപദേശക പങ്ക് വഹിക്കാനാണ് അഭ്യർത്ഥന.ഡോ. സോമനാഥ് ക്ഷണത്തോട് പ്രതികരിച്ച് വളരെ സന്തോഷമെന്ന് അറിയിച്ചു.ഈ നിയമനം കേരളത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ, സാങ്കേതിക മേഖലകളിലെ ദീർഘകാല ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടതാണ്.

പ്രശസ്തമായ വിദേശ സർവകലാശാലകൾ സംസ്ഥാനത്ത് കേന്ദ്രങ്ങൾ ആരംഭിക്കണം. ഇത് കേരളത്തെ ഒരു വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനും ബൗദ്ധിക ചോർച്ച (ബ്രെയിൻ ഡ്രെയിൻ) തടയാനും സഹായിക്കും. സംസ്ഥാനത്ത് യുവാക്കളുടെ എണ്ണം കുറയുകയും മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വികസന പദ്ധതികൾ രൂപപ്പെടുത്തുമ്പോൾ ഈ പ്രവണത കണക്കിലെടുക്കണം. യുവാക്കൾക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും യോഗ്യതയ്ക്ക് അനുസൃതമായ തൊഴിലവസരങ്ങളും ഒരുക്കി അവരെ സംസ്ഥാനത്ത് നിലനിർത്താനാവണം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തൊഴിലിന്റെ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നതിനാൽ ബജറ്റിൽ നോളജ് വാലി പദ്ധതിയും ഗ്ലോബൽ വാച്ച് ടവറും ഉൾപ്പെടുത്തിയതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ഡോ. എസ്. സോമനാഥ് ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ മേഖലയിലെ പ്രമുഖ വ്യക്തിയാണ്. ചന്ദ്രയാൻ-3 ഉൾപ്പെടെയുള്ള പ്രധാന ദൗത്യങ്ങളുടെ നേതൃത്വം വഹിച്ച അദ്ദേഹത്തിന്റെ സേവനം സംസ്ഥാനത്തിന്റെ ശാസ്ത്ര-സാങ്കേതിക മുന്നേറ്റത്തിന് വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.