ബജറ്റ് പ്രഖ്യാപനങ്ങൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കാൻ സംഘടിപ്പിക്കുന്ന ‘റീഇമേജിനിംഗ് കേരളം’ ത്രിദിന റൗണ്ട് ടേബിൾ കോൺഫറൻസിന് ഇന്ന് തുടക്കമായി. തിരുവനന്തപുരം ലെമണ്‍ ട്രീ ഹോട്ടലില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ബജറ്റ് പ്രഖ്യാപനങ്ങള്‍ വിവിധ കാരണങ്ങളാല്‍ നടപ്പാകാതെ പോകുന്ന സാഹചര്യം ഒഴിവാക്കി പദ്ധതി നിര്‍വഹണത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുള്ള കാലതാമസം ഒഴിവാക്കുന്നതിന് പദ്ധതികളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ചാണ് ചര്‍ച്ച. പദ്ധതികളുടെ നിര്‍വഹണം, ആസൂത്രണം, വകുപ്പുതല ഏകോപനം എന്നിവ വിശദമായി പരിശോധിക്കും. ഓരോ പദ്ധതിയുടെയും വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കും. പദ്ധതികളുടെ വ്യാപ്തി, തന്ത്രപരമായ ലക്ഷ്യങ്ങള്‍, സാമ്പത്തിക മാതൃക, നിര്‍വഹണ രീതി, സമയപരിധി എന്നിവയും കോണ്‍ഫറന്‍സില്‍ തീരുമാനിക്കും. നയവിദഗ്ധര്‍, അക്കാദമിക് ഗവേഷണ സ്ഥാപനങ്ങള്‍, വികസന പങ്കാളികള്‍, സാമ്പത്തിക സ്ഥാപനങ്ങള്‍, നിക്ഷേപകര്‍, വ്യവസായികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പ്രധാന പങ്കാളികളെ ഉള്‍പ്പെടുത്തിയാണ് ചര്‍ച്ചകള്‍. സെപ്തംബര്‍ 18 ന് കോണ്‍ഫറന്‍സ്‌ സമാപിക്കും.

വയനാട് ജില്ലാ കളക്ടറായി വി. ചെൽസസിനി ചുമതലയേറ്റു

ഇൻ്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളം: ലോഗോ പ്രകാശനം ചെയ്തു.

വനം വന്യജീവി വകുപ്പ് 2027 ഫെബ്രുവരിയിൽ നടത്തുന്ന ഇൻ്റർനാഷണൽ നേച്ചർ ഫെസ്റ്റിവൽ ഓഫ് കേരളത്തിൻ്റെ ലോഗോ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, ടൂറിസം- സാംസ്കാരിക വകുപ്പു മന്ത്രി പി. സി. വിഷ്ണുനാഥ് എന്നിവർ ചേർന്ന് ഫെസ്റ്റിവലിൻ്റെ ബ്രാൻഡ് കോൺസപ്റ്റ് ബ്രോഷർ പ്രകാശനം ചെയ്തു. വനം വന്യജീവി വകുപ്പു സെക്രട്ടറി കെ. ബിജു, വനം വകുപ്പു മേധാവിയും പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുമായ രാജേഷ് രവീന്ദ്രൻ, ഭരണ വിഭാഗം അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, സോഷ്യൽ ഫോറസ്ട്രി വിഭാഗം അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രമോദ് ജി. കൃഷ്ണൻ, വനം വന്യജീവി വകുപ്പ് ജോയിൻ്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമൻ, കേരള ഫോറസ്റ്റ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ എം ഡി രാജു ഫ്രാൻസിസ്, ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോ ഡയറക്ടർ ബൈജു കൃഷ്ണൻ, പിആർഒ സിനി കെ. തോമസ്, എസി എഫ് പ്രഭു പി. എം. തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിൽ കണ്ടു വരുന്ന സസ്യ ജീവജാലങ്ങളെയും പ്രകൃതിയെയും കോർത്തിണക്കുന്ന ലോഗോ ജെൻ സി കളർ തീമിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഫിഫ വേൾഡ് കപ്പ്, ഖത്തർ മ്യൂസിയം പ്രോജക്ടുകളിലൂടെ പ്രശസ്തനായ, ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി ഡിസൈനർ അഭിലാഷ് ചാക്കോയാണ് കൺസപ്റ്റും ലോഗോയും ഡിസൈൻ ചെയ്തത്.

റിപ്പോർട്ടർ ടി വി ന്യൂസ് ഡസ്‌കിലെ പോലീസ് അതിക്രമത്തിൽ പ്രതിഷേധം

തിരുവനന്തപുരം : റിപ്പോർട്ടർ ടിവിയുടെ എറണാകുളത്തെ സെൻട്രൽ ന്യൂസ് ഡസ്കിൽ പോലീസ് അതിക്രമിച്ചു കയറിയത് നീതീകരിക്കാനാവില്ലെന്നും ഈ മാധ്യമ വേട്ടയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ്.

കേസന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്കിലേക്ക് പോലീസ് അതിക്രമിച്ചു കയറേണ്ട ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. വാർത്താ സംപ്രേഷണം പോലും തടസ്സപ്പെടുത്തിയ പോലീസ് ഇടപെടൽ ആശങ്കാജനകമാണ്. മാധ്യമ സ്വാതന്ത്ര്യം ന്യൂസ് ഡസ്‌കിൽ കടന്നു കയറി ഇല്ലാതാക്കാൻ ശ്രമിച്ചവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രസ് ക്ലബ് പ്രസിഡൻ്റ് എസ് ശ്രീകേഷും സെക്രട്ടറി പി ആർ പ്രവീണും ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പ് (15-09-2026)

പത്തനംതിട്ടയിലെ പ്രളയബാധിത കുടുംബങ്ങള്‍ക്ക് 10000 രൂപ ധനസഹായം; തുക അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: പ്രളയജലം കയറി നാശനഷ്ടം സംഭവിച്ച പത്തനംതിട്ട ജില്ലയിലെ കുടുംബങ്ങള്‍ക്ക് അടിയന്തര ആശ്വാസമായി 25.64 കോടി രൂപ അനുവദിച്ചു. പ്രളയബാധിതരായ 25,648 കുടുംബങ്ങളുടെ വീടുകള്‍ വാസയോഗ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുന്നത്. ഒരു കുടുംബത്തിന് 10,000 രൂപ വീതമാണ് ധനസഹായം. ആകെ തുകയായ 25.64 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDRF), മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) എന്നിവയില്‍ നിന്നാണ് അനുവദിച്ചത്.

സഹായധനം ലഭ്യമാക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ തുക വൈകാതെ തന്നെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും.

കോളേജ് വിദ്യാർത്ഥികൾക്കായി ‘റെഡ് റൺ’ മാരത്തോൺ മത്സരം സെപ്റ്റംബർ 24ന്

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെയും ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ‘റെഡ് റൺ’ മാരത്തോൺ മത്സരം സംഘടിപ്പിക്കുന്നു. പ്രൊഫഷണൽ കോളേജുകൾ, ഐ.ടി.ഐ, പോളിടെക്നിക് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

സെപ്റ്റംബർ 24ന് രാവിലെ 7.30ന് ചാക്ക കെ.എസ്.ഇ.ബി ജംഗ്ഷനിൽ നിന്നാരംഭിച്ച് ശംഖുമുഖം പാർക്ക് വരെയാണ് മാരത്തോൺ നടക്കുന്നത്.

ജില്ലയിലെ കോളേജുകളിൽ പഠിക്കുന്ന 17 നും 24 നും ഇടയിൽ പ്രായമുള്ള വിദ്യാർത്ഥികൾക്കാണ് അവസരം. പങ്കെടുക്കുന്നവർ കോളേജ് ഐഡന്റിറ്റി കാർഡും വയസ്സ് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. ഐ.ഡി കാർഡ് ലഭ്യമല്ലാത്തവർ കോളേജ് അധികാരിയുടെ സാക്ഷ്യപത്രം കരുതേണ്ടതാണ്.
ആൺ, പെൺ വിഭാഗങ്ങളിലായി വിജയിക്കുന്നവർക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി ലഭിക്കും. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും ലഭിക്കും.

ഇഎഫ്എൽ നിയമപ്രകാരം കർഷകന്റെ ഭൂമി നിർബന്ധിതമായി പിടിച്ചെടുക്കില്ല: മന്ത്രി ഷിബു ബേബി ജോൺ

  • വന്യജീവി ആക്രമണത്തിൽ നഷ്ടപരിഹാരം വർധിപ്പിക്കും

പരിസ്‌ഥിതിലോല നിയമങ്ങൾ പ്രകാരം കർഷകരുടെ ഭൂമി നിർബന്ധിതമായി പിടിച്ചെടുക്കില്ലെന്ന് കർഷക സംഘടനകൾക്ക് വനം മന്ത്രി ഷിബു ബേബി ജോണിന്റെ ഉറപ്പ്. ഭൂമി ഏറ്റെടുക്കേണ്ട ആവശ്യമുണ്ടായാൽ നഷ്ടപരിഹാരം നൽകി മാത്രം ഏറ്റെടുക്കും. 98 വില്ലേജുകളെ മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടം മേഖലയെയും ഇഎസ്എ പരിധിയിൽ നിന്നും പൂർണമായും ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനമെന്നും മന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘർഷ ലഘുകരണം ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ സംബന്ധിച്ച് മലയോര മേഖലയിലെയും വനാതിർത്തി പ്രദേശങ്ങളിലെയും കർഷക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വന്യജീവി ആക്രമണത്തിൽ വിളനാശത്തിനടക്കം കർഷകർക്ക് നൽകുന്ന നഷ്ടപരിഹാരം ഗണ്യമായി വർധിപ്പിക്കുമെന്നും അത് സമയബന്ധിതമായി ലഭ്യമാക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.

വനാതിർത്തി പ്രദേശങ്ങളിലെ എംപിമാർ, എം എൽഎമാർ, പഞ്ചായത്ത്‌ പ്രസിഡന്റുമാർ, കർഷക സംഘടനകൾ, പരിസ്ഥിതി സംഘടനകൾ എന്നിവരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ വിഷൻ ഡോക്യുമെന്റ് മന്ത്രി യോഗത്തിൽ അവതരിപ്പിച്ചു. വനവൽകരണം ശക്തമാക്കിയും പുൽമേടുകളും ജൈവ വനങ്ങളും പുനസ്‌ഥാപിച്ചും വനത്തിനുള്ളിൽ കുടിവെള്ളത്തിനായി സോളാർ പമ്പുകൾ, മഴക്കുഴി എന്നിവ സ്‌ഥാപിച്ചും വന്യമൃഗങ്ങളുടെ വ്യാപനം നിയന്ത്രിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ വനാതിർത്തികളിൽ സുരക്ഷാ സംവിധാനം ഒരുക്കും. ഹോട്ട് സ്പോട്ടുകളിൽ ത്രിതല സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. മൃഗങ്ങളെ ഓടിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ദൃശ്യ-ശ്രവ്യ സംവിധാനം ഒരുക്കും. 25 പുതിയ ദ്രുത കർമ സേനയെ നിയോഗിക്കും. ഡ്രോൺ സ്‌ക്വാഡ് ഏർപ്പെടുത്തും. വന്യമൃഗങ്ങളെ പ്രതിരോധിക്കാനും കർഷകന് ബദൽ വരുമാനമാർഗം കണ്ടെത്താനും സ്മാർട്ട്‌ ഫാർമിങ് നടത്തണമെന്നും മന്ത്രി നിർദേശിച്ചു. വനാതിർത്തികളിൽ മൃഗങ്ങളെ ആകർഷിക്കാതിരിക്കാൻ മഞ്ഞൾ, ഇഞ്ചി, നാരകം തുടങ്ങിയവ കൃഷികൾ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാലിന്യനിക്ഷേപമാണ് മൃഗങ്ങളെ ആകർഷിക്കുന്ന പ്രധാന ഘടകം എന്ന തിരിച്ചറിവിൽ സംസ്കരണം ശക്തമാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് പ്രവർത്തിക്കും.

വനസംരക്ഷണത്തിനൊപ്പം കർഷക ക്ഷേമവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വകുപ്പും കർഷകരും സഹകരിച്ചു പോകണം. യഥാർത്ഥ കർഷകരുടെ താല്പര്യങ്ങൾ സർക്കാർ സംരക്ഷിക്കും. എന്നാൽ കയ്യേറ്റക്കാരോട് യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. അത്തരക്കാരെ കർഷകർ തന്നെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്ക് എൻഒസികൾ നൽകുന്നത് സംബന്ധിച്ച കാലതാമസം പരിഹരിക്കാൻ അദാലത്തുകൾ നടന്നുവരികയാണ്. അവിടെ ലഭിച്ച പരാതികൾ സമയബന്ധിതമായി തീർപ്പാക്കിവരുന്നു. തുടർന്നും അദാലത്തുകൾ സംഘടിപ്പിക്കും. 38 അദാലത്തുകളിലൂടെ 5.31 കോടി രൂപ നഷ്ടപരിഹാരം വിതരണം ചെയ്തു. 100 ദിവസത്തിനകം 519 കിലോമീറ്റർ വിസ്ത ക്ലീയറൻസ് നടത്തി. കാട്ടുപന്നി നിയന്ത്രണത്തിന് തോക്ക് ലൈസൻസുള്ള ഏത് വ്യക്തിയെയും ഷൂട്ടർ ആയി നിയോഗിക്കാൻ ഉത്തരവിറക്കിയതായും മന്ത്രി യോഗത്തിൽ വ്യക്തമാക്കി.

തോക്ക് ലൈസൻസ് ലഭിക്കുന്നതിന് ഏറ്റവുമധികം തടസ്സം സൃഷ്ടിക്കുന്നത് വനം വകുപ്പ് ആണെന്നും അതിന് പരിഹാരം കാണണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ജണ്ടയെ ഔദ്യോഗിക വനാതിർത്തിയായി പ്രഖ്യാപിക്കണം. മാങ്കുളം വനമായി പ്രഖ്യാപിച്ച വിജ്ഞാപനം തിരുത്തണം. വനാതിർത്തിക്ക് പുറത്തുള്ള പ്രകൃതി വിഭവങ്ങൾ യഥേഷ്ടം ഉപയോഗിക്കാനുള്ള അനുമതി നൽകണം. ഇടുക്കിയിലും ക്യാരിയിങ് കപ്പാസിറ്റി പഠനം നടത്തണം എന്നിങ്ങനെ നിരവധി ആവശ്യങ്ങൾ കർഷകരുടെ ഭാഗത്ത്‌ നിന്ന് ഉയർന്നു വന്നു.

വിവിധ കർഷക സംഘടനാ പ്രതിനിധികളും വനം വകുപ്പ് ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു