വിയ്യൂര്‍ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നിന്നും അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ കേരളത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരുടെയും പുതുച്ചേരി ഫയര്‍ സര്‍വീസില്‍ നിന്ന് പരിശീലനത്തിനെത്തിയ എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ കോഴ്‌സിലെ പരിശീലനാര്‍ത്ഥികളുടെയും സംയുക്ത പാസ്സിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കുന്നു.

കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം അഭിമാനകരമായ കര്‍മ്മസേന : മന്ത്രി രമേശ് ചെന്നിത്തല

കേരളം, പുതുച്ചേരി ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡില്‍ ആഭ്യന്തര മന്ത്രി അഭിവാദ്യം സ്വീകരിച്ചു

ഭാഷയ്‌ക്കോ ഏതൊരുതരത്തിലുള്ള വേര്‍തിരിവുകള്‍ക്കോ അപ്പുറം നിന്നുകൊണ്ട്, മനുഷ്യജീവനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏറ്റവും അഭിമാനകരമായ ഒരു കര്‍മ്മസേനയാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമെന്ന് ആഭ്യന്തര, വിജിലന്‍സ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. വിയ്യൂര്‍ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നിന്നും അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ കേരളത്തിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരുടെയും പുതുച്ചേരി ഫയര്‍ സര്‍വീസില്‍ നിന്ന് പരിശീലനത്തിനെത്തിയ എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ കോഴ്‌സിലെ പരിശീലനാര്‍ത്ഥികളുടെയും സംയുക്ത പാസ്സിംഗ് ഔട്ട് പരേഡില്‍ സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു അപകടമുണ്ടാകുമ്പോള്‍, ആളുകള്‍ പരിഭ്രാന്തരായി നില്‍ക്കുന്ന നിമിഷത്തില്‍, ഏറ്റവും വേഗത്തില്‍ അവിടെ ഓടിയെത്തി ജീവന്റെ കാവലാളായി മാറുന്നവരാണ് കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം.ആ വേഗതയും സമയബന്ധിതമായ ഇടപെടലുമാണ് ഈ സേനയുടെ ഏറ്റവും വലിയ കരുത്തെന്ന് മന്ത്രി പറഞ്ഞു. മറ്റാര്‍ക്കും എത്താന്‍ കഴിയാത്തിടത്തേക്ക് കടന്നുചെല്ലാനും, ആളുകളുടെ പ്രതീക്ഷയും ധൈര്യവുമായി മാറാനും തയ്യാറാകുന്നവരുടെ യൂണിഫോമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രകൃതിദുരന്തങ്ങളിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലുമെല്ലാം ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്ന വലിയ ദൗത്യം കൂടി ഏറ്റെടുക്കുന്നതുകൊണ്ടാണ്, കേരളം ഈ സേനയെ ‘ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്’ എന്ന് പുനര്‍നാമകരണം ചെയ്തതെന്നും മന്ത്രി പറഞ്ഞു.

പരിശീലന കാലയളവില്‍ നേടിയ അറിവും നൈപുണ്യവും ആത്മവിശ്വാസവും അച്ചടക്കവും സേവനകാലം മുഴുവന്‍ ഫലപ്രദമായി വിനിയോഗിക്കണമെന്നും മന്ത്രി പറഞ്ഞു. തീപിടിത്തങ്ങളില്‍ മാത്രമല്ല, വിവിധ അപകടങ്ങളിലും ദുരന്തങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന വിഭാഗമാണ് ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസെന്നും, ജനങ്ങള്‍ ദുരിതത്തിലും ഭയത്തിലും കഴിയുന്ന സാഹചര്യങ്ങളില്‍ രക്ഷയുടെ കരങ്ങളായി സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആധുനിക സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഫലപ്രദമായി ഉപയോഗിച്ച് സേവനമികവ് ഉയര്‍ത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസില്‍ പുതുതായി ചേരുന്നവര്‍ക്കും പരിശീലനം പൂര്‍ത്തിയാക്കി പുതുച്ചേരി ഫയര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്കും മന്ത്രി ആശംസകള്‍ നേര്‍ന്നു.

വിയ്യൂര്‍ കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ നിന്നും അടിസ്ഥാന പരിശീലനം പൂര്‍ത്തിയാക്കിയ 74 ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരും 16 ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) മാരും, പുതുച്ചേരി ഫയര്‍ സര്‍വീസില്‍ നിന്ന് പരിശീലനത്തിനായി എത്തിയ 10-മത് എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ കോഴ്‌സിലെ 39 പരിശീലാനാര്‍ത്ഥികളും 11-മത് എക്‌സ്റ്റേണല്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപ്പറേറ്റര്‍ കോഴ്‌സിലെ 12 പരിശീലനാര്‍ത്ഥികളും ഉള്‍പ്പെടെ ആകെ 141 പരിശീലനാര്‍ത്ഥികളുടെ സംയുക്ത പാസ്സിംഗ് ഔട്ട് പരേഡ് കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്നത്.

പരിപാടിയിൽ എം എല്‍.എ രാജന്‍ ജെ. പല്ലന്‍, കേരളം ഫയര്‍ ആല്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോംഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറല്‍ ബല്‍റാം കുമാര്‍ ഉപാധ്യായ, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഡയറക്ടര്‍ (അഡ്മിനിസ്‌ട്രേഷന്‍) അരുണ്‍ അല്‍ഫോണ്‍സ്, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ഐ.ജി കെ. സേതുരാമന്‍, ജില്ലാ പോലീസ് മേധാവി (സിറ്റി) നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ജില്ലാ പോലീസ് മേധാവി (റൂറല്‍) മുഹമ്മദ് നദീമുദ്ദീന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ എം.എസ്. സുവി, അഷ്‌റഫ് അലി എന്നിവര്‍ സന്നിഹിതരായിരുന്നു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.എല്‍. ദിലീപ് പരിശീലനാര്‍ത്ഥികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

പാസ്സിംഗ് ഔട്ടില്‍ പങ്കെടുക്കുന്ന 141 പരിശീലനാര്‍ത്ഥികളില്‍ എം.എ യോഗ്യതയുള്ള 3 പേരും, എം.കോം യോഗ്യതയുള്ള 2 പേരും, എം.എസ്.സി യോഗ്യതയുള്ള 3 പേരും, എം.സി.എ, എം.എഡ്, എം.എസ്.ഡബ്ല്യു യോഗ്യതയുള്ള ഒരാള്‍ വീതവും ഉള്‍പ്പെടുന്നു. ബി.എ., ബി.കോം യോഗ്യതയുള്ള 26 പേര്‍ വീതവും, ബി.എസ്.സി യോഗ്യതയുള്ള 22 പേരും, ബി.ടെക് യോഗ്യതയുള്ള 20 പേരും, ബി.സി.എ യോഗ്യതയുള്ള 6 പേരും, ഡിപ്ലോമ യോഗ്യതയുള്ള 7 പേരും, ഐ.ടി.ഐ യോഗ്യതയുള്ള 7 പേരും, പ്ലസ് ടു യോഗ്യതയുള്ള 16 പേരും പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായി.പരിശീലനത്തിന്റെ ഭാഗമായി അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍, രക്ഷാപ്രവര്‍ത്തനം, അടിയന്തര സാഹചര്യങ്ങളെ നേരിടല്‍, വിവിധ രക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, ഫയര്‍ഫൈറ്റിംഗ് സാങ്കേതികവിദ്യകള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനാര്‍ത്ഥികള്‍ക്ക് പ്രായോഗികവും സാങ്കേതികവുമായ പരിശീലനം നല്‍കി. ശാരീരികക്ഷമത, അച്ചടക്കം, സേവന മനോഭാവം എന്നിവ വളര്‍ത്തുന്നതിനും പരിശീലനത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കി.

കേരള ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ അടിസ്ഥാന, ഇന്‍-സര്‍വീസ്, എക്‌സ്റ്റേണല്‍ പരിശീലനങ്ങളിലൂടെ അഗ്‌നിശമന, രക്ഷാപ്രവര്‍ത്തന മേഖലകളിലെ ആധുനിക സാങ്കേതികവിദ്യകള്‍ക്കും പ്രായോഗിക പരിശീലനത്തിനും പ്രത്യേക പ്രാധാന്യം നല്‍കി വരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള പരിശീലനാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുന്നതിലൂടെ അക്കാദമി ദേശീയതലത്തിലുള്ള പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.

ബഹു. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ്

‘മയങ്ങില്ല കേരളം’ പദ്ധതിയിൽ കൈകോർത്ത് തദ്ദേശ സ്വയംഭരണ വകുപ്പുംസർക്കാരിന്റേത് വിട്ടുവീഴ്ചയില്ലാത്ത ലഹരിവിരുദ്ധ പോരാട്ടമെന്ന് മന്ത്രി എം ലിജു

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന്റെ ‘മയങ്ങില്ല കേരളം’ ജനകീയ ലഹരിവിരുദ്ധ കർമപദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പും. ‘മയങ്ങില്ല കേരളം’ പദ്ധതിയുടെ ഭാഗമായി എക്സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ബ്രോഷർ പ്രകാശന ചടങ്ങ് ഇന്ന് നടന്നു. സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജിക്ക് നൽകിയാണ് ബ്രോഷർ പ്രകാശനം ചെയ്തത്. ലഹരിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി എം ലിജു പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വാർഡുകളിലും ലഹരിക്കെതിരായ പോരാട്ടം അതിശക്തമായി നടത്തുന്നതിന്റെ ഭാഗമായാണ് ജനജാഗ്രതാ സമിതികൾ രൂപീകരിക്കാനുള്ള തീരുമാനം. ‘മയങ്ങില്ല കേരളം’ ലഹരിവിരുദ്ധ കർമപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ജനകീയ ഇടപെടലിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സാമൂഹിക സംഘടനകളുടെയും പൊതുജനങ്ങളുടെയും സജീവ സഹകരണം അനിവാര്യമാണ്. ഓരോ വാർഡുകളിൽ നിന്നുമാണ് ലഹരിക്കെതിരായ ജനകീയ പോരാട്ടം ശക്തമാകുന്നതെന്നും മന്ത്രി എം ലിജു പറഞ്ഞു. എക്സൈസ് വകുപ്പിന്റെ പോരാട്ടത്തിനൊപ്പം തദ്ദേശ സ്വയംഭരണ വകുപ്പും നിലയുറപ്പിച്ച് നിൽക്കുമെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു. ഡീ- അഡിക്ഷൻ സെന്ററുകൾ കൊണ്ടുവരുന്ന ഘട്ടത്തിലുണ്ടാകുന്ന നിയമതടസ്സങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

ജനജാഗ്രതാ സമിതികൾ രൂപീകരിക്കുക, വാർഡുതല ലഹരിവിരുദ്ധ യോഗങ്ങൾ സംഘടിപ്പിക്കുക, വോളന്റിയർമാരെ തെരഞ്ഞെടുക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെടുക, റെസിഡന്റ്‌സ് അസോസിയേഷനുകളെ പങ്കാളിയാക്കുക, കൗൺസിലിങ്ങും ചികിത്സാ സഹായവും ആവശ്യമുള്ളവരെ തിരിച്ചറിഞ്ഞ് ശരിയായ സേവനത്തിലേക്ക് റഫർ ചെയ്യുക, ലഹരിവിരുദ്ധ കലാ, കായിക, സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ചികിത്സയ്ക്ക് ശേഷമുള്ള പുനരധിവാസത്തിനും സാമൂഹിക പിന്തുണയ്ക്കും സഹകരിക്കുക തുടങ്ങിയവയാണ് എക്സൈസ് വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിൽ വരുത്തുക. ഇതുകൂടാതെ, ലഹരി ഉപയോഗിക്കുന്ന സംഘങ്ങളും സാമൂഹിക വിരുദ്ധരും തമ്പടിക്കുന്ന ഇടങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമൂഹത്തിന് പ്രയോജനപ്പെടുന്ന ഇടങ്ങളാക്കി മാറ്റുന്ന ‘റിലാക്സ്’ പദ്ധതിയും നടപ്പിൽ വരും.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവു ഐ.എ.എസ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ് അയ്യർ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.

തൃശൂർ: പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷം — ‘ആശിർവാദ് കാ ദിയാ’

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17ന് തൃശൂർ സിറ്റി ജില്ലാ ബിജെപിയുടെ നേതൃത്വത്തിൽ ‘സേവനത്തിന്റെ 25 വർഷങ്ങൾ — വികസനത്തിനായ് വെളിച്ചം പകരാം’ എന്ന സന്ദേശവുമായി ‘ആശിർവാദ് കാ ദിയാ’ പരിപാടി സംഘടിപ്പിക്കുന്നു.

വൈകിട്ട് 5 മണിക്ക് നടുവിലാലിൽ നിന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ഫോട്ടോയുമായി വിദ്യാർത്ഥികളുടെ റോളർ സ്കേറ്റിംഗ് റാലി ആരംഭിക്കും. നടുവിലാലിൽ തന്നെ റാലി സമാപിക്കും.

തുടർന്ന് നടക്കുന്ന സമാപന പരിപാടിയിൽ തൃശൂർ എംപിയും കേന്ദ്രമന്ത്രിയുമായ ശ്രീ. സുരേഷ് ഗോപി വികസനത്തിനായി വെളിച്ചം പകരാം എന്ന സന്ദേശം ഉൾക്കൊണ്ട് ദീപം തെളിയിക്കും.

പങ്കെടുക്കുന്നവർ: പത്മശ്രീ പെരുവനം കുട്ടൻ മാരാർ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗിന്നസ് റെക്കോർഡ് ഗായകൻ അനൂപ് ശങ്കർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി ശോഭ സുരേന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. ഗോപാലകൃഷ്ണൻ, കെ. കെ. അനീഷ് കുമാർ, മേഖലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, മുൻ എംഎൽഎ സി. സി. മുകുന്ദൻ തുടങ്ങിയവർ.

വയോജനങ്ങളുടെ സംരക്ഷണത്തിനായി ‘സായന്തനം’ പദ്ധതി നടപ്പിലാക്കും: മന്ത്രി റോജി.എം.ജോൺ

എൻ.എസ്.എസ് വോളൻ്റിയർമാരെ ഉൾപ്പെടുത്തി “സ്റ്റേറ്റ് പാർലമെൻ്റ് ” സംവാദപരിപാടി സംഘടിപ്പിക്കും.

പൊതു സമൂഹത്തിൽ ഒറ്റപ്പെടലും അവഗണനയും മാനസികാരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്ന വയോജനങ്ങളെ കണ്ടെത്തി സംരക്ഷിക്കുവാനും, ചേർത്തു നിർത്തുവാനും “സായന്തനം’’ പദ്ധതി നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ.നാഷണൽ സർവ്വീസ് സ്കീം വഴിയാകും പദ്ധതി നടപ്പിലാക്കുക.

2026-2027 ലെ സംസ്ഥാന നാഷണൽ സർവീസ് സ്കീം ഉപദേശക സമിതി യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

സ്വിറ്റ്സർലൻഡ് ഉൾപ്പടെയുള്ള രാജ്യങ്ങളിലെ കോളേജുകളിൽ നടപ്പാക്കുന്ന മാതൃകയിൽ വയോജന ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നവർക്ക് കോഴ്‌സുകളിലും ജോലികളിലും വെയ്റ്റേജ് ലഭ്യമാക്കുന്ന വിധത്തിൽ കേരളത്തിലെ കോളേജ് വിദ്യാർത്ഥികളെ ‘ടൈം ബാങ്ക്’ പദ്ധതിയിലേക്ക് ആകർഷിക്കും. ഇതിൻ്റെ ഭാഗമായി എൻ.എസ്.എസ് സപ്തദിന ക്യാമ്പുകളിലെ ഫീൽഡ് സ്റ്റഡിയിൽ വയോജനങ്ങളുമായി സംവദിച്ചും പ്രശ്നങ്ങൾ പഠിച്ചും വിദ്യാർത്ഥികൾ റിപ്പോർട്ട് തയ്യാറാക്കും. വിദഗ്ധരുടെ പരിശീലനത്തോടെ ആരംഭിക്കുന്ന ഈ പ്രവർത്തനം പിന്നീട് എൻ.സി.സി, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് തുടങ്ങിയ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം. സേവന സമയം കൃത്യമായി രേഖപ്പെടുത്താൻ പ്രത്യേക ‘ടൈം ബാങ്ക്’ ആപ്പും ഇതിനായി സജ്ജമാക്കും.

വയോജനങ്ങൾക്കായി പുതിയ വകുപ്പ് നിലവിൽ വരുന്ന സമയത്ത് പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ വയോജന ക്ഷേമ പ്രവർത്തനങ്ങളിൽ ഒരു വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നും മന്ത്രി റോജി.എം. ജോൺ ചൂണ്ടിക്കാട്ടി.

ഗ്രേസ് മാർക്ക് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സെല്ലുകളുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് സബ് കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ഇ.ടി.ഐ ട്രയിനിംഗ് ലഭിക്കാത്ത പ്രോഗ്രാം ഓഫീസർമാർക്ക് ട്രയിനിംഗ് നൽകുന്നതിന് സംസ്ഥാന ഫണ്ട് ലഭ്യമാക്കും.സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ നിയമനം ത്വരിതപ്പെടുത്തുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓരോ സെല്ലിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എൻ.എസ്.എസ് വോളൻ്റിയർമാരെ ഉൾപ്പെടുത്തി “സ്റ്റേറ്റ് പാർലമെൻ്റ് “ മുഖ്യമന്ത്രിയുമായി സംവാദപരിപാടി സംഘടിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ബി.അശോക്,​
ഡോ. സിസാ തോമസ്,ഡോ. ജയപ്രകാശ് പി, വൈ എം യുപ്പിൻ, എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ. മനു വി, ഡോ.ഉമാ ജ്യോതി.വി, നിത എം, അബ്ദുൾ നാസർ പുല്ലാത്ത്, ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട്,വാസുദേവൻ പി, ഡോ. ലക്ഷ്മി എസ്, എന്നിവർ സംസാരിച്ചു.

തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ യുടിയുസി ലോക് ഭവൻ ധർണ്ണ നടത്തി

തിരുവനന്തപുരം: ഒന്നാം യു പി എ സർക്കാർ രാജ്യത്ത് നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കുന്നതിനു വേണ്ടിയാണ് പുതിയതായി ബിബജിറാം എന്ന പേരിൽ പൊളിച്ചെഴുത്ത് നടത്തിയതെന്ന് ആർ എസ് പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എൻ കെ പ്രേമചന്ദ്രൻ എം പി പറഞ്ഞു.

ലോക് ഭവന് മുന്നിൽ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ യുടിയുസി സംഘടിപ്പിച്ച ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പാർലമെൻ്റിനകത്തും പുറത്തും നരേന്ദ്ര മോദി സർക്കാരിൻ്റെ തൊഴിലാളി ദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ സമരം നടത്തുമെന്ന് പ്രേമചന്ദ്രൻ തുടർന്നു പറഞ്ഞു.

യുടിയുസി ദേശീയ പ്രസിഡൻ്റ് എ. എ. അസീസ് , യുടിയുസി സംസ്ഥാന പ്രസിഡൻ്റ് ബാബു ദിവാകരൻ, തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ( യുടിയുസി ) സംസ്ഥാന പ്രസിഡൻ്റ് ഡോ. ബെന്നി , സംസ്ഥാന ജനറൽ സെക്രട്ടറി വെളിയം ഉദയകുമാർ, ഐക്യ മഹിളാ സംഘം ദേശീയ ജനറൽ സെക്രട്ടറി കെ. സിസിലി , യുടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ ടി സി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ. ജയകുമാർ, കെ എസ് സനൽ കുമാർ, ഇടവനശ്ശേരി സുരേന്ദ്രൻ , ആർവൈഎഫ് സംസ്ഥാന പ്രസിഡൻ്റ് ഉല്ലാസ് കോവൂർ എം എൽ എ , സംസ്ഥാന സെക്രട്ടറി അഡ്വ വിഷ്ണു മോഹൻ എം എൽ എ , കോരാണി ഷിബു , സോഫിയ സലാം, രവി പിള്ള പത്തനംതിട്ട, സജീവ് കൊല്ലം, ചവറ സുനിൽ , ബാലചന്ദ്രൻ ഇടുക്കി , ശശി അരുവിക്കര , ടിങ്കു പ്ലാക്കാട് , അബ്ദുൾ അലി കാസറഗോഡ്, സുനിൽ കുമാർ കാസറഗോഡ് , കെ എച്ച് ദാനചന്ദ്രൻ തൃശൂർ, മുരളി കൃഷ്ണ എറണാകുളം, അഡ്വ. സമീർ എന്നിവർ പ്രസംഗിച്ചു.