#പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ‘നിറവ് 2026’ കാർഷിക മേളയ്ക്ക് തുടക്കമായി#

കേരളത്തിലെ കാർഷിക ഫാമുകളെ ഫാം -അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന്കാർഷികവികസന കർഷക ക്ഷേമവകുപ്പ് മന്ത്രി ടി. സിദ്ദിഖ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കൃഷി വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷിക മേള ‘ഫാം ഫെസ്റ്റ് നിറവ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സർക്കാരും കൃഷിവകുപ്പും ആവിഷ്കരിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം അധിഷ്ഠിതമായിട്ടുള്ള കാർഷിക മേഖല വാർത്തെടുക്കുവാനുള്ള പ്രതിജ്ഞാബദ്ധത കാർഷികവകുപ്പിനും പൊതുസമൂഹത്തിനും സർക്കാരിനും ഉണ്ട്. കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാനും കരുതാനുമുള്ള പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.മേളയുടെ ഭാഗമായുള്ള പ്രദർശന വിപണന സ്റ്റാളുടെ ഉദ്‌ഘാടനവും മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടേയുമായി 22 പ്രദർശന വിപണന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയദർശിനി വി.അധ്യക്ഷത വഹിച്ചു.
സുധീർഷ പാലോട് എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന എസ്. എൽ പദ്ധതി വിശദീകരിച്ചു.
സെപ്റ്റംബർ 15 വരെ നടക്കുന്ന കാർഷികോത്സവത്തിൽ
കാർഷിക സെമിനാറുകൾ, കാർഷികോത്പന്ന വിപണന മേള, പ്രദർശന സ്റ്റാളുകൾ, നാടൻ ഭക്ഷ്യമേള, കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
കൃഷി അധിഷ്ഠിത വിജ്ഞാന-വിനോദ മത്സരങ്ങളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.

സൂര്യകാന്തിപാടവും നെൽപ്പാടവും : മോടിയായി നിറവ് ഫാം ഫെസ്‌റ്റ്

കണ്ണഞ്ചിപ്പിക്കുന്ന സൂര്യകാന്തി പാടവും നെൽകൃഷിയും ഏറുമാടവും കാവൽമാടവുമെല്ലാം ചേർന്ന ഗ്രാമീണ മോടിയിൽ നിറവ് 2026 കാർഷികോത്സവത്തിന് തുടക്കമായി. ഇനിയുള്ള 5 നാൾ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ കാഴ്ചയുടെ ദൃശ്യവിരുന്നാണ് സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നത്. കൃഷിത്തോട്ടത്തിലെ ഏഴാം ബ്ലോക്കിൽ 2 ഏക്കർ സ്ഥലം നിറയെ സൂര്യകാന്തിപൂക്കൾ വിരിഞ്ഞു നിൽക്കുന്നു. അതിനു നടുവിൽ ഏറുമാടവും വശങ്ങളിൽ നെൽപ്പാടവും ജമന്തി ഒരുക്കിയിരിക്കുന്നു. പരമ്പരാഗത കൃഷിരീതിയെ അനുസ്‌മരിപ്പിച്ച് കാവൽമാടവും നാടൻ ചായപീടികയും കാളവണ്ടി മാതൃകയും ഗ്രാമീണ തനിമ സമ്മാനിക്കുന്നുണ്ട്. മേളയിലെത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് വിരിഞ്ഞമല ബനാന നഴ്സറി ഒരുക്കിയിരിക്കുന്ന വിവിധയിനം വാഴക്കുലകളാണ്. ടെൻഫ്ലവർ വാഴയിനം, കൂപ്പുകൈ വാക എന്നറിയപ്പെടുന്ന പ്രെയിങ്ങ് ഹാൻഡ്‌സ് ബനാന, വിദേശ ഇനമായ ഹവായിൽ നിന്ന് എത്തിച്ച ഒപ്പേലും തുടങ്ങി വിവിധയിനം വാഴകളാണ് ഇവിടെ ക്രമീകരിച്ചിട്ടുള്ളത്. നഴ്സറികളിൽ നിന്നും പച്ചക്കറി, പൂച്ചെടി തൈകളും തേൻ, ഹരിത കഷായം, വെർമി കമ്പോസ്റ്റ് എന്നിവയ്ക്ക് പുറമെ കുടംപുളി, ഉണങ്ങിയ പാവയ്ക്ക, പച്ചക്കറികൾ തുടങ്ങിയ ഫാം ഉൽപ്പന്നങ്ങളും സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്. 20 രൂപയും കുട്ടികൾക്ക് പത്തു രൂപയുമാണ് മേളയിലെ സന്ദർശക ഫീസ്. സ്കൂൾ കുട്ടികളെ ഫീസിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിറവ് മേള സന്ദർശിക്കാനെത്തുന്നവർക്ക് സൂര്യകാന്തിപ്പാടത്തേക്ക് കുറഞ്ഞ നിരക്കിൽ വാഹന സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്.
ഇന്ന് (സെപ്തംബർ 11 ) രാവിലെ 10 ന് സംയോജിത കീടരോഗ നിയന്ത്രണം പച്ചക്കറി വിളകളിൽ എന്ന വിഷയത്തിലും 14 ന് രാവിലെ 10 ന് കിഴങ്ങു വർഗ്ഗ വിളകളിലെ ഉൽപ്പാദന സാങ്കേതിക വിദ്യകൾ എന്ന വിഷയത്തിലും കാർഷിക സെമിനാർ നടക്കും. 14 ന് ഉച്ചകഴിഞ്ഞ് 2.30 ന് സ്കൂൾ കുട്ടികൾക്കുള്ള കാർഷിക ക്വിസ് മത്സരം ഉണ്ടായിരിക്കും. എല്ലാ ദിവസവും വൈകുന്നേരം കലാ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് മേളയിൽ സന്ദർശനം അനുവദിച്ചുള്ളത്.

കാരോട് ബഡ്‌സ് സ്‌കൂൾ അടിയന്തരമായി തുറന്നു പ്രവർത്തിപ്പിക്കണം: ബാലാവകാശ കമ്മീഷൻ

#കമ്മിഷൻ സിറ്റിംഗിൽ 29 പരാതികൾ തീർപ്പാക്കി#

കാരോട് പഞ്ചായത്തിലെ ബഡ്‌സ് സ്‌കൂൾ അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടികൾ എടുക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. വൈദ്യുതി കണക്ഷൻ നൽകി ബഡ്‌സ് സ്‌കൂൾ പ്രവർത്തനക്ഷമമാക്കണം.കുട്ടികളുടെ ക്ഷാമം ഉണ്ടെങ്കിൽ സമീപ പഞ്ചായത്തുകളിലെ കുട്ടികളെ കൂടി പ്രവേശിപ്പിക്കാവുന്നതാണെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മിഷൻ തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിൽ നടത്തിയ ജില്ലാ സിറ്റിംഗിലാണ് നിർദേശം. പാറശാല സബ് ജില്ലയിൽപ്പെട്ട കുന്നത്തുകാൽ ഗവ. യുപി സ്‌കൂളിന്റെ സ്ഥലം കയ്യേറിയവരെ ഒഴിപ്പിച്ച് കുട്ടികൾക്ക് ഉപയോഗിക്കാൻ വിട്ടു നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

സിറ്റിംഗിൽ 47 പരാതികൾ പരിഗണിച്ചു.29 എണ്ണം തീർപ്പാക്കി. 18 പരാതികൾ വിശദമായ ഉത്തരവിനും തുടർ നടപടികൾക്കുമായി മാറ്റിവച്ചു. കമ്മിഷൻ അംഗങ്ങളായ ഡോ. എഫ്. വിൽസൺ, കെ.കെ ഷാജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിംഗ്.

കുട്ടികളുടെ മാനസികാരോഗ്യം ഉറപ്പാക്കാൻ ശാസ്ത്രീയ പ്രതിരോധ സംവിധാനം അനിവാര്യം: മന്ത്രി ബിന്ദു കൃഷ്ണ

#ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ വെൽബീയിങ് ക്യാമ്പയിന് തുടക്കമായി#

കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യം സംരക്ഷിക്കുന്നതിനും ആത്മഹത്യാ പ്രതിരോധത്തിനുമായി ശാസ്ത്രീയവും സാങ്കേതികവുമായ സംവിധാനങ്ങൾ ഏകോപിപ്പിച്ച് ശക്തമായ ഇടപെടൽ നടത്തേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് വനിതാ ശിശു വികസനവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെയും സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ചൈൽഡ് ആൻഡ് അഡോളസെന്റ് മെന്റൽ ഹെൽത്ത് ആൻഡ് സൈക്കോളജിക്കൽ വെൽബീയിങ് ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനവും ലോഗോ പ്രകാശനവും പരിശീലന പരിപാടിയും തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ലോക ആത്മഹത്യാ പ്രതിരോധ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ, കുട്ടികളുടെ മാനസിക വെല്ലുവിളികൾ പരിഹരിക്കുന്നതിനായി ഒരു മാസം നീളുന്ന ബോധവൽക്കരണ ക്യാമ്പയിനാണ് തുടക്കമാകുന്നത്. ”സംഭാഷണം ആരംഭിക്കാം, സംസാരിക്കാം, കേൾക്കാം, പിന്തുണയ്ക്കാം” എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ പ്രശ്‌നങ്ങൾ കൃത്യമായി മനസിലാക്കി തുടർച്ചയായ പിന്തുണ ഉറപ്പാക്കാൻ ഇത്തരം ദീർഘകാല പദ്ധതികൾ അനിവാര്യമാണ്. ഒരു മാസത്തെ ക്യാമ്പയിൻ എന്നതിലുപരി, സർക്കാരിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രോജക്റ്റായി ഉൾപ്പെടുത്തി, അഞ്ചുവർഷത്തെ സമഗ്ര പദ്ധതിയായി ഇതിനെ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മറ്റ് കുട്ടികളുമായി താരതമ്യം ചെയ്തുള്ള അമിത പഠനസമ്മർദ്ദം കുട്ടികളിൽ വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന ബോധ്യം കുട്ടികളിൽ വളർത്താൻ രക്ഷിതാക്കളും അധ്യാപകരും ഒരുപോലെ ശ്രദ്ധിക്കണം. പുതിയ സാമൂഹിക സാഹചര്യത്തിൽ കുടുംബബന്ധങ്ങളിലെ ആശയവിനിമയക്കുറവുകൾ പരിഹരിക്കാൻ സംസാരിക്കാനും കേൾക്കാനും തയാറാകുന്ന അന്തരീക്ഷം വീടുകളിൽ ഉണ്ടാകണം. കുട്ടികളോട് തുറന്നു സംസാരിക്കാനും അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധയോടെ കേൾക്കാനും മുതിർന്നവർ സമയം കണ്ടെത്തണം. ഓരോ കുട്ടിയെയും കേൾക്കുന്നതിന്റെയും ശ്രദ്ധിക്കുന്നതിന്റെയും സംരക്ഷിക്കുന്നതിന്റെയും ഒരു സംസ്‌കാരം സമൂഹത്തിൽ വളർത്തിയെടുക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വനിതാ-ശിശു വികസന വകുപ്പിന്റെ ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർ, ഒആർസി നോഡൽ അധ്യാപകർ, സൈക്കോസോഷ്യൽ കൗൺസലർമാർ, കെയർടേക്കർമാർ, മുൻനിര പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകും. രക്ഷാകർതൃപങ്കാളിത്ത വാരത്തിൽ പോസിറ്റീവ് പാരന്റിംഗ്, കുട്ടികളുമായുള്ള ആശയവിനിമയം, ഡിജിറ്റൽ പാരന്റിംഗ്, പഠനസമ്മർദ്ദം, കൗമാരപ്രായത്തിലെ പെരുമാറ്റ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സംവാദങ്ങൾ സംഘടിപ്പിക്കും. ഒക്ടോബർ 10-ലെ ലോക മാനസികാരോഗ്യ ദിനത്തിൽ കുട്ടികളുടെ ശബ്ദത്തിനും അനുഭവങ്ങൾക്കും ഇടം നൽകുകയും മികച്ച മാതൃകകൾ പങ്കുവയ്ക്കുകയും തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും ചെയ്യും. നിലവിൽ 1,227 സ്‌കൂളുകളിൽ ഒആർസി പ്രവർത്തിക്കുന്നുണ്ട്.

ചടങ്ങിൽ വനിതാ ശിശുവികസന വകുപ്പ് സെക്രട്ടറി ഷീബാ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി, വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽ കുമാർ ടി.വി., വനിതാ ശിശുവികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി തുടങ്ങിയവർ സംസാരിച്ചു.

മൂന്ന് വ്യത്യസ്ത കഥകളുമായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം “ഡെസ്‌റ്റിനി” യുടെ പ്രിവ്യു ഷോ

Sept 11 ന് കാലത്ത് 9 മണിക്ക് തിരു: ഏരീസ് പ്ളക്സ് തീയേറ്ററിൽ മുഖ്യാതിഥിയായ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ CP ജോൺ ഉദ്ഘാടനം ചെയ്യുന്നു.

നവനീത് കൃഷ്‌ണ, രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്, ആർച്ച എസ് നായർ, എമിൽ, അർച്ചന ദേവി, നജീന ആലംകോട്, കവിത എന്നിവരഭിനയിക്കുന്നു.

നിർമ്മാണം – രജനി രാജശേഖരൻ നായർ, സംവിധാനം – സന്തോഷ് മസ്താൻ, കിഷോർ ആനകോട്, അജയ് തുണ്ടത്തിലാണ്പി ആർ ഓ.