ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണവുമായി ബന്ധപ്പെട്ട വിവാദം കൊഴുക്കുന്നു. ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം പാടില്ല എന്ന മന്ത്രി കെ മുരളീധരന്റെ പ്രസ്താവനക്കെതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തി. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതിയെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് വിമര്‍ശിച്ചു. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് പദ്ധതിയുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുന്നത്. കൊടിയുടെ നിറം നോക്കി അല്ല തങ്ങള്‍ ഭക്ഷണം നല്‍കുന്നതെന്നും ‘ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിര്‍ത്തലാക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടര്‍ന്നു കൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതി. മെഡിക്കല്‍ കോളേജുകളില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഈ പദ്ധതിയുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങട്ടെ, ഭക്ഷണം മുടങ്ങാതിരുന്നാല്‍ മതി’, വസീഫ് പ്രതികരിച്ചു.

*ദേശീയ ചലച്ചിത്ര പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മലയാളത്തിന് അഭിമാനചാരുത പകർന്ന എല്ലാ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അഭിനന്ദനം അറിയിച്ചു.

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ തേടി നാലാം തവണയും മികച്ച നടനുള്ള ദേശീയ പുരസ്കാരം എത്തിയതിൽ മന്ത്രി പ്രത്യേക സന്തോഷം രേഖപ്പെടുത്തി. വേഷപ്പകർച്ചകളിലൂടെ എന്നും വിസ്മയിപ്പിച്ച മമ്മൂട്ടിയെന്ന അഭിനേതാവിന്റെ വ്യത്യസ്തമായ ഭാവാവിഷ്കാരമായിരുന്നു ഭ്രമയുഗം എന്ന ചിത്രമെന്ന് മന്ത്രി പറഞ്ഞു. കൊടുമൺ പോറ്റി എന്ന അവിസ്മരണീയ കഥാപാത്രത്തിലൂടെ അഭിനയകലയുടെ കൊടുമുടി കയറിയ മമ്മൂട്ടിക്ക് ഇത്തവണ ദേശീയ പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷ സിനിമാപ്രേമികൾക്കുണ്ടായിരുന്നുവെന്നും ആ പ്രതീക്ഷ പൂവണിഞ്ഞത് മലയാള സിനിമയുടെ അഭിമാന നിമിഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.