Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • തലസ്ഥാന വികസനം: മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി…
  • LATEST NEWS

തലസ്ഥാന വികസനം: മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി…

EN24 Television October 21, 2026 1 minute read
തലസ്ഥാന വികസനം മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി

*കെ.എസ്.ആർ.ടി.സിക്ക് ആദായനികുതി ഇളവ് ആവശ്യപ്പെടും

​തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസന പദ്ധതികൾ വേഗത്തിലാക്കുന്നതിനായി ഗതാഗത മന്ത്രി സി.പി ജോണും തിരുവനന്തപുരം എം.പി ശശി തരൂരും ചർച്ച നടത്തി. കെ.എസ്.ആർ.ടി.സിക്ക് ആദായനികുതി ഇളവ് ലഭ്യമാക്കുക, വിഴിഞ്ഞം തുറമുഖത്തിനായുള്ള സാഗർമാല ഫണ്ട് വിനിയോഗം, വിഴിഞ്ഞം പുനരധിവാസം തുടങ്ങിയ നിർണായക വിഷയങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ചയായത്. സംസ്ഥാന തലത്തിൽ അടിയന്തരമായി ഇടപെടേണ്ട വിഷയങ്ങളും കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട പ്രധാന ആവശ്യങ്ങളും സംബന്ധിച്ച് യോഗത്തിൽ ധാരണയായി.

നഗരസഭയ്ക്ക് കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട ഫണ്ടുകൾ നേടിയെടുക്കാനും, അർബൻ ചലഞ്ച് ഫണ്ടിനായുള്ള പദ്ധതികൾ കേന്ദ്രത്തിന് സമർപ്പിക്കാനും സംസ്ഥാന തലത്തിൽ നടപടികൾ സ്വീകരിക്കും. തിരുവനന്തപുരം വിമാനത്താവള വികസനത്തിനായി ബാക്കിയുള്ള 22 ഏക്കർ ഭൂമി ഏറ്റെടുക്കൽ, സംസ്ഥാനത്തെ മൈനിങ് കോറിഡോർ പ്രശ്നപരിഹാരം, ആക്കുളം കായൽ നവീകരണം എന്നിവയും വേഗത്തിലാക്കും. ഇതിനുപുറമെ തിരുവനന്തപുരത്തെ തുറമുഖങ്ങളിൽ ഹരിത ഇന്ധന ബങ്കറിങ് സൗകര്യം ഏർപ്പെടുത്തൽ, മൾട്ടി മോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ സ്ഥാപിക്കൽ, റെയിൽവേയുമായി ബന്ധപ്പെട്ട് മേലറന്നൂർ മേൽപ്പാല നിർമാണം എന്നിവയും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ള വിഷയങ്ങളായി യോഗം വിലയിരുത്തി.

​കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരേണ്ട വിവിധ ആവശ്യങ്ങൾ ശശി തരൂർ എം.പി വഴി ഉന്നയിക്കാനും യോഗത്തിൽ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സിക്ക് ആദായനികുതി ഇളവിന് പുറമെ എം.പി ഫണ്ടിൽ നിന്നുള്ള സഹായം ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കും. കടലാക്രമണം തടയുന്നതിനുള്ള കേന്ദ്ര സഹായം, നഗരത്തിലെ ഡ്രെയിനേജ് സംവിധാനം നവീകരിക്കുന്നതിനുള്ള പദ്ധതികൾ എന്നിവ കേന്ദ്രത്തെ അറിയിക്കും. പേപ്പാറ ഡാമിലെ സംഭരണ ശേഷി വർധിപ്പിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങുക, ദേശീയ ജലപാതയ്ക്ക് കേന്ദ്ര സഹായം ലഭ്യമാക്കുക, വലിയതുറ തുറമുഖ വികസനം, സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് ടാറ്റാ ആശുപത്രി സ്ഥാപിക്കാനുള്ള സാധ്യതകൾ എന്നിവയും കേന്ദ്ര സർക്കാരിന്റെ മുൻപാകെ അവതരിപ്പിക്കാൻ എം.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്ടർ കെ. എസ് അഞ്ജുവും പങ്കെടുത്തു.

ജങ്ക് ഫുഡ് വിൽപ്പന നിയന്ത്രിക്കാൻ കർശന നടപടി; കേന്ദ്ര ചട്ടങ്ങളിൽ വ്യക്തത തേടും: മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിനും ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയുന്നതിനും നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ എച്ച്.എഫ്.എസ്.എസ് (High Fat, Sugar and Salt) ഭക്ഷ്യവസ്തുക്കളുടെ നിർവചനത്തിലും വിൽപ്പന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളിലും വ്യക്തത തേടി കേരളം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ (FSSAI) സമീപിക്കും.

ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനമില്ലാത്തതിനാൽ ഏതൊക്കെ ഭക്ഷ്യവസ്തുക്കളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണം, അവയുടെ വിൽപ്പന എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളെ എച്ച്.എഫ്.എസ്.എസ് വിഭാഗത്തിൽ ഉൾപ്പെടുത്താമെങ്കിലും അവയുടെ അളവ് നിർണയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഇതിന്റെ അഭാവം സ്കൂൾ പരിസരങ്ങളിലെ വിൽപ്പന നിയന്ത്രിക്കുന്നതിനും ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും തടസ്സമാകുന്നുണ്ട്.

2026 ഓഗസ്റ്റ് 7-ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇതുസംബന്ധിച്ച് കരട് റെഗുലേഷൻ പ്രസിദ്ധീകരിച്ചിരുന്നു. കരടിൽ ഖരഭക്ഷണത്തിൽ 100 ഗ്രാമിന് 4.2 ഗ്രാമിൽ കൂടുതൽ കൊഴുപ്പ്, 3 ഗ്രാമിൽ കൂടുതൽ പഞ്ചസാര, 0.625 ഗ്രാമിൽ കൂടുതൽ ഉപ്പ് എന്നിവയും ദ്രാവകരൂപത്തിലുള്ള ഭക്ഷണത്തിൽ 100 മില്ലിലിറ്ററിന് യഥാക്രമം 1.5 ഗ്രാം കൊഴുപ്പ്, 2 ഗ്രാം പഞ്ചസാര, 0.175 ഗ്രാം ഉപ്പ് എന്നിവയിൽ കൂടുതലും അടങ്ങിയാൽ ഉയർന്ന അളവായി കണക്കാക്കാനുള്ള നിർദേശങ്ങളുണ്ട്. കരട് റെഗുലേഷൻ അന്തിമമാക്കി നിയമപരമായ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും സ്കൂൾ പരിസരങ്ങളിലെ വിൽപ്പന നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും സംസ്ഥാനങ്ങൾക്ക് വ്യക്തമായ നിയമാടിസ്ഥാനം ലഭിക്കൂ. ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അതോറിറ്റിക്ക് സംസ്ഥാനം കത്ത് നൽകുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം, സ്കൂളുകളിൽ സുരക്ഷിതവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കാന്റീനുകളിൽ ശുചിത്വം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു.

ഇതുവരെ 169 സ്കൂളുകളിൽ ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കി. കുട്ടികൾക്ക് പോഷകാഹാരത്തെക്കുറിച്ച് പ്രായോഗിക അറിവ് നൽകുന്നതിനുള്ള എസ്.എൻ.എഫ്@സ്കൂൾ പദ്ധതി 2,500 സ്കൂളുകളിലും നടപ്പിലാക്കിയിട്ടുണ്ട്. കോളേജുകൾ, സർവകലാശാലകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കാന്റീനുകളിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്ന ഈറ്റ് റൈറ്റ് ക്യാമ്പസ് പദ്ധതിയിൽ 456 സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധനകളും നിയമനടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: സമൂഹസേവനത്തിനുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് മെഡിക്കൽ കോളേജുകൾ: മന്ത്രി കെ. മുരളീധരൻ
Next: വിദ്യാരംഭത്തിൽ കെ. ജയകുമാർ (പ്രസിഡൻറ് തിരുവിതാംകൂർ ദേവസ്വം ബോർഡ്, മുൻ ചീഫ് സെക്രട്ടറി കേരളം), പ്രൊഫസർ വി. മധുസുധനൻനായർ (പ്രശസ്ത കവി) എന്നിവർ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കുന്നു…

Related News

image news.1
  • LATEST NEWS

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026
21
  • LATEST NEWS

ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും…

EN24 Television October 22, 2026
image news.1 (1)
  • KERALA NEWS
  • LATEST NEWS

സമൂഹസേവനത്തിനുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് മെഡിക്കൽ കോളേജുകൾ: മന്ത്രി കെ. മുരളീധരൻ

EN24 Television October 20, 2026

You may have missed

Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
image news.1
  • LATEST NEWS

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026
Copyright © All rights reserved EN24Television | MoreNews by AF themes.