കെപിസിസി അധ്യക്ഷ നിയമനം വൈകരുതെന്ന് രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന്. കെപിസിസിക്ക് മുഴുവന്‍ സമയ അധ്യക്ഷന്‍ വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് നടന്ന രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. തീരുമാനം വൈകില്ലെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായാണ് വിവരം.പത്ത് ജന്‍പഥിലായിരുന്നു രാഹുലും വി ഡി സതീശനും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി കേരള ഹൗസിലേക്ക് മടങ്ങി. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെയായിരുന്നു മടക്കം.

കെപിസിസി അധ്യക്ഷനെ സംബന്ധിച്ച് തീരുമാനം വൈകവെ സണ്ണി ജോസഫ് തന്നെ സ്ഥാനത്ത് തുടരട്ടെ എന്നായിരുന്നു തീരുമാനം. കെപിസിസി പുനഃസംഘടന ഉടന്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സംഘടന സജീവമാക്കാന്‍ സണ്ണി ജോസഫിന് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയായതോടെ അധ്യക്ഷ പദവിയില്‍ തുടരുന്നതിലെ പരിമിതി സണ്ണി ജോസഫ് അറിയിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് അന്വേഷണ കമ്മീഷന് മുന്നില്‍ കള്ളം പറഞ്ഞെന്ന ആരോപണത്തില്‍ മറുപടിയുമായി രമ്യ ഹരിദാസ്. താന്‍ ഡല്‍ഹിയില്‍ പോയിട്ടില്ലെന്ന് സമ്മതിച്ച രമ്യ, ടിക്കറ്റ് എടുത്തിരുന്നുവെന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലമാണ് പോകാതിരുന്നതെന്നുമാണ് വിശദീകരിച്ചത്. ഡിസിസി അധ്യക്ഷന്റെ മകളുടെ വിവാഹത്തിനായാണ് പാലക്കാട് എത്തിയതെന്നും രമ്യ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് ആരോപിച്ച രമ്യ, ചിറയിന്‍കീഴിലെ പ്രശ്നം പറഞ്ഞ് തീര്‍ക്കാവുന്നതാണെന്നും കൂട്ടിച്ചേര്‍ത്തു.

ചിറയിന്‍കീഴിലെ തമ്മിലടി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അച്ചടക്ക സമിതിക്ക് മുമ്പില്‍ രമ്യ ഹരിദാസ് ഇന്നലെ ഹാജരായിരുന്നില്ല. ഫോണിലൂടെയായിരുന്നു മൊഴി നല്‍കിയത്. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന് അധ്യക്ഷന്‍ എം എം ഹസ്സന് ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ രമ്യ ഇന്നലെ പാലക്കാട് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തിയിരുന്നു. ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാനായാണ് രമ്യ പാലക്കാട് എത്തിയത്. ഔദ്യോഗിക വാഹനത്തിന് പകരം സ്വകാര്യ വാഹനത്തിലാണ് എത്തിയത്.ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ എം എം ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാളയം പ്രദീപിനെയും സജാദിനെയും പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവം പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. ചിറയിന്‍കീഴിലെ സംഭവത്തില്‍ കെപിസിസിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. രണ്ട് വാദങ്ങള്‍ ഉയര്‍ന്നതോടെയായിരുന്നു അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചത്.
ചെക്ക് കേസിൽ മാണി സി കാപ്പന് വലിയ ആശ്വാസം, ജാമ്യമില്ലാ വാറണ്ട് മുംബൈ കോടതി പിൻവലിച്ചു.
ചെക്ക് കേസിൽ മാണി സി കാപ്പൻ എം എൽ എയ്ക്ക് വലിയ ആശ്വാസം. കേസിൽ ശിക്ഷ വിധിച്ചതിനൊപ്പം പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ബോറിവലി മജിസ്ട്രേറ്റ് കോടതി തന്നെ പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ബോറിവലി മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.
ഇന്ന് കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനെത്തുടർന്നാണ് ജാമ്യമില്ലാ വാറണ്ട് പിൻവലിക്കാൻ കോടതി തീരുമാനിച്ചത്. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. വിധിക്കെതിരെ അപ്പീൽ നൽകാൻ മുപ്പത് ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും അദ്ദേഹം ആരോപിച്ചു. നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചിട്ടുള്ളത്.

കേരള പോലീസ് അത്ലറ്റിക്& ഗെയിംസ് മീറ്റ് 2026: സെപ്റ്റംബർ എട്ടുമുതൽ 10 വരെ തിരുവനന്തപുരത്ത്
പോലീസ് സേനയുടെ ഊർജസ്വലതയും ഏകതയും പ്രകടമാക്കുന്ന 47ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ എട്ടിന് (നാളെ ) തുടക്കമാകും. സെപ്റ്റംബർ എട്ടുമുതൽ 10 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ എട്ട് വൈകിട്ട് 4.30 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
സെപ്റ്റംബർ 10ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ വിശിഷ്ടാതിഥി ആകും. മത്സരങ്ങളിൽ വിജയികളാകുന്ന ടീമുകൾക്കുള്ള പുരസ്കാരവിതരണവും തുടർന്ന് കലാപരിപാടികളും ഉണ്ടാകും.’YES TO SPORTS, NO TO DRUGS’ എന്ന സന്ദേശത്തെ മുൻനിർത്തിയാണ് ഇപ്രാവശ്യത്തെ പോലീസ് മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകൾ, സ്പെഷ്യൽ യൂണിറ്റുകൾ, ആംഡ് പോലീസ് ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.
തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.കേരള പോലീസിലെ ദേശീയ അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ പോലീസ് കായികമേളയിൽ പങ്കെടുക്കും.47ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026 ഭാഗമായുള്ള ദീപശിഖയും വഹിച്ചുകൊണ്ടുള്ള മാരത്തോൺ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ചു. എട്ടിന് ദീപശിഖ തിരുവനന്തപുരത്ത് എത്തിച്ചേരും.
