പ്രശസ്ത ചലച്ചിത്ര സംവിധായകൻ R ശരത് അന്തരിച്ചു.
തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിൽ വെളുപ്പിന് ഒരു മണിക്കായിരുന്നു അന്ത്യം.
ഒൻപത് അന്താരാഷ്ട്ര പുരസ്കാരങ്ങളും ഒരു ദേശീയ പുരസ്കാരവും നാല് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2000-ൽ പുറത്തിറങ്ങിയ ‘സായഹ്നം’ എന്ന ചിത്രത്തിലൂടെയാണ് ശരത് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.
സംവിധായകനും തിരക്കഥാകൃത്തുമായുള്ള അദ്ദേഹത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. ഈ ചിത്രം കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ നിരവധി പ്രശംസകൾ നേടി. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ അമ്പരപ്പിക്കുന്ന ഏഴ് പുരസ്കാരങ്ങളും നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്കാരവും ‘സായഹ്നം’ സ്വന്തമാക്കി.

2001-ലെ മ്യൂണിക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയും തുടർന്ന് മറ്റ് നിരവധി പ്രശസ്തമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് ക്ഷണിക്കപ്പെടുകയും ചെയ്തു.അടുത്ത ഫീച്ചർ ചിത്രമായ ‘സ്ഥിതി’ 2003-ലെ ബാങ്കോക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു.മൂന്നാമത്തെ ഫീച്ചർ ചിത്രം ‘ശീലാവതി’ (2006) ഗുരുതരമായ സാമൂഹിക തിന്മകളെ വെളിച്ചത്തുകൊണ്ടുവന്നു.
ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടി. തായ്വാനിലെ ഏഷ്യ പസഫിക് ചലച്ചിത്രമേളയിൽ ചിത്രം പ്രീമിയർ ചെയ്യപ്പെട്ടു.ഇന്തോ-ചൈനീസ് സംയുക്ത സംരംഭമായ ‘ദി ഡിസയർ – എ ജേർണി ഓഫ് എ വുമൺ’ (2011) എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ രചനയും സംവിധാനവും ശരത് നിർവഹിച്ചിട്ടുണ്ട്.
‘പറുദീസ’ (2012) മെക്സിക്കൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ആംസ്റ്റർഡാം ചലച്ചിത്രമേളയിലും പുരസ്കാരങ്ങൾ നേടി. ഈ ജനപ്രിയ ചിത്രം ഇന്നും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കപ്പെടുന്നുണ്ട്.
‘ബുദ്ധൻ ചിരിക്കുന്നു’ എന്ന ചിത്രം ചാപ്ലിന്റെ അഭിനയജീവിതത്തിന്റെ ശതാബ്ദി ആഘോഷവേളയിൽ അദ്ദേഹത്തിന്റെ ജീവിതത്തെ ഈ ചിത്രം ആഘോഷമാക്കി.
അന്താരാഷ്ട്രതലത്തിൽ പ്രശംസ നേടിയ തന്റെ ഡോക്യുമെന്ററിയായ ‘ദി പെയിന്റഡ് എപിക്സ്’ ചിത്രീകരിക്കുന്നതിനിടയിൽ, കിലുനൂർ ക്ഷേത്രത്തിൽ നിന്ന് രാജാ രവിവർമ്മയുടെ അപൂർവ്വമായ ചില ഭിത്തിചിത്രങ്ങൾ (മ്യൂറൽ പെയിന്റിങ്സ്) ശരത് കണ്ടെത്തി. യാദൃശ്ചികമായ ഈ കണ്ടെത്തൽ ഭിത്തിചിത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് വലിയ സംഭാവനയായി മാറി. ഭിത്തിചിത്രങ്ങളെക്കുറിച്ച് വിശദമായി പഠിച്ച ശരത്തിന്, മ്യൂറൽ ഗവേഷണത്തിനായി 1996-ൽ ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിയായ ആർ. ശരത്, ചലച്ചിത്ര നിർമ്മാണത്തിലും ജേണലിസത്തിലും ഔദ്യോഗിക പരിശീലനം നേടിയിട്ടുണ്ട്.
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു
സാംസ്കാരിക വകുപ്പിന് കീഴിൽ എം.പി.സി.സി ഡയറക്ടറായും ഭാരത് ഭവൻ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 10971 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 83 കേസുകളിലായി 88 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10153 ആയി. ഇതുവരെ 23456.633 ഗ്രാം എം.ഡി.എം.എയും 1217.810 കി.ഗ്രാം കഞ്ചാവും 699.104 ഗ്രാം ബ്രൗണ്‍ഷുഗറും 528.647 ഗ്രാം ഹെറോയിനും 68 ഗ്രാം നൈട്രാസെപാമും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 44 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേര്‍ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 35 കേസുകളും കോട്പ പ്രകാരം 55 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 17.887 ഗ്രാം എം.ഡി.എം.എയും 3.456 കി.ഗ്രാം കഞ്ചാവും 0.01 ഗ്രാം ബ്രൗണ്‍ഷുഗറും 0.2 ഗ്രാം ഹെറോയിനും 12 ഗ്രാം നൈട്രാസെപാമും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 9551 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 649 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6714 ബോധവത്ക്കരണ പരിപാടികളും നടത്തി.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

68-ാമത് സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് (സ്കൂള്‍ ഒളിംപിക്സ്) ഇത്തവണ കോഴിക്കോട് വേദിയാകും. ഒക്ടോബര്‍ 25 മുതല്‍ 31 വരെ ഏഴ് ദിവസങ്ങളിലായാണ് മേള സംഘടിപ്പിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍ ഷംസുദ്ദീന് പറഞ്ഞു. കായികമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട് പ്രോവിഡന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) സിന്തെറ്റിക് ഗ്രൗണ്ടാണ് മേളയുടെ പ്രധാന വേദി. സംസ്ഥാന കലാകായിക മേളകള്‍ വിജയകരമായ നടത്തിയ പാരമ്പര്യമുള്ള ജില്ലയാണ് കോഴിക്കോട്. 15 വര്‍ഷത്തിനുശേഷം ജില്ലയിലേക്ക് തിരിച്ചെത്തിയ മേളയില്‍ മാറ്റുരയ്ക്കാനായി എത്തുന്ന കൗമാര കായിക താരങ്ങള്‍ക്ക് എല്ലാവിധ സൗകര്യങ്ങളും പ്രോത്സാഹനങ്ങളും കോഴിക്കോട്ടുകാര്‍ നല്‍കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗവും ലഹരി താല്പര്യങ്ങളും തടയാന്‍ കായിക പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. കുട്ടികളിലെ കായികാഭിരുചി പ്രോത്സാഹിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയം. കായിക മേഖലയിലൂടെ കുട്ടികളുടെ ശാരീരിക ക്ഷമത ഉറപ്പാക്കാനും നല്ലൊരു സംസ്കാരം വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അത്ലറ്റിക്സിനു പുറമെ അക്വാട്ടിക്സ്, കരാട്ടേ, വുഷു, യോഗ, ഷട്ടില്‍ ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, നെറ്റ്ബോള്‍, ത്രോബോള്‍, സോഫ്റ്റ്ബോള്‍, ബേസ്ബോള്‍, ടഗ് ഓഫ് വാര് തുടങ്ങി 41 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഫുട്ബോള്‍, ക്രിക്കറ്റ് മത്സരങ്ങള്‍ പ്രത്യേക ഷെഡ്യൂളില്‍ പിന്നീട് നടക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ജില്ലകളില്‍ നിന്നുള്ള കായിക പ്രതിഭകള്‍ക്കൊപ്പം ഗള്‍ഫ് നാടുകളിലെ മലയാള സ്കൂളുകളില്‍ നിന്നുള്ള കുട്ടികളും മേളയില്‍ മാറ്റുരയ്ക്കും.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന സവിശേഷ പരിമിതരായ കുട്ടികളുടെ കായികപരമായ അഭിരുചി വളര്‍ത്തിയെടുക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച ഇന്‍ക്ലൂസീവ് സ്പോര്‍ട്സ് കേരള സ്കൂള്‍ കായികമേളയുടെ ഭാഗമായി സംഘടിപ്പിക്കും. പതിനായിരത്തോളം കായിക പ്രതിഭകള്‍ അണ്ടര്‍ 14, 17, 19 (ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍) വിഭാഗങ്ങളില്‍ വിവിധ കായിക ഇനങ്ങളിലായി മത്സരിക്കും.
കേരളം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍, മുഖ്യമന്ത്രി വി ഡി സതീശന്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ എന്‍ ഷംസുദ്ദീന്, പ്രതിപക്ഷ നേതാവ് പിണറായി വിജയന് എന്നിവര്‍ മുഖ്യരക്ഷാധികാരികളായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, കോര്പറേഷന് മേയര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, കായികയുവജന വകുപ്പ് ഡയറക്ടര്‍, ജില്ല കളക്ടര്‍, ജില്ല പോലീസ് മേധാവി കോഴിക്കോട് റൂറല്‍, സിറ്റി പോലീസ് കമ്മിഷ്ണര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളാകും. എംഎ റസാഖ് മാസ്റ്റര്‍ എംഎല്‍എ ചെയര്‍പേഴ്സണും ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംകെ നദീറ വൈസ് ചെയര്‍പേഴ്സണും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് എക്സ് ഒഫിഷ്യോ പ്രസിഡന്റുമായ സമിതിയ്ക്കാണ് രൂപം നല്‍കിയത്. ഇതിനു പുറമെ മേളയുടെ സുഖമമായ നടത്തിപ്പിനായി 17 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി. ജനപ്രതിനിധികള്‍ ചെയര്‍പേഴ്സണ്‍മാരും അധ്യാപകര്‍ കണ്‍വീനര്‍മാരുമായാണ് സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക.
ചടങ്ങില്‍ അഡ്വ. കെ ജയന്ത് എംഎല്‍എ അധ്യക്ഷനായി. എംകെ രാഘവന് എംപി മുഖ്യാതിഥിയായി. കോര്പറേഷന് മേയര്‍ ഒ സദാശിവന്, എംഎല്‍എമാരായ പാറയ്ക്കല്‍ അബ്ദുള്ള, എം എ റസാഖ് മാസ്റ്റര്‍, കെ എം അഭിജിത്, ഫാത്തിമ തഹ്ലിയ, വി ടി സൂരജ്, വിദ്യ ബാലകൃഷ്ണന്, പി കെ ഫിറോസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, വൈസ് പ്രസിഡന്റ് കെ കെ നവാസ്, ജില്ല കളക്ടര്‍ എം എസ് മാധവിക്കുട്ടി,
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ എ.പി. ഷൗക്കത്ത് അലി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കായിക യുവജന കാര്യാലയം ഡയറക്ടര്‍ ഡോ. എം.സി റജില്‍., പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ആര്.എസ്. ഷിബു, എസ്.എസ്.കെ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. മോഹനകുമാര്‍, സീമാറ്റ്-കേരളം ഡയറക്ടര്‍ ആര്. അരുണ്‍ കുമാര്‍, എസ്.സി.ഇ.ആര്.ടി. ഡയറക്ടര്‍ ഡോ. കെ.കെ. മഷൂദ്, എസ്.ഐ.ഇ.ടി. ഡയറക്ടര്‍ സിബി മുഹമ്മദ്,
ഹയര്‍ സെക്കന്ററി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ അഷ്റഫ് കൊയിലോത്താന്‍ കണ്ടിയില്‍, ജോയിന്റ് ഡയറക്ടര്‍ സ്പോര്‍ട്സ് ഒളിമ്പ്യന്‍ പി.ആര്. ശ്രീജേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ വി.എച്ച്.എസ്.ഇ. കെ.വി. മനോജ്, കോഴിക്കോട് റീജയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സുധ, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്, പൊതുവിദ്യാഭ്യാസ വകുപ്പ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ അജിത് വര്‍ഗീസ്, അസിസ്റ്റന്റ് സ്പോര്‍ട്സ് ഓര്‍ഗനൈസര്‍മാരായ പി.യു. ചിത്ര, പി. കുഞ്ഞുമുഹമ്മദ്, കെ.വി. വിസ്മയ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അമൃത തുടങ്ങിയവര്‍ പങ്കെടുത്തു.