കർക്കിടക വാവുബലി ദിനത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിലും കടവുകളിലും ബലിതർപ്പണം നടത്തി പുണ്യം നേടി ലക്ഷക്കണക്കിന് ഭക്തർ. നൂറിലേറെ ക്ഷേത്രങ്ങളിലും ബലി കടവുകളിലുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയിരുന്നത്. തിരുവനന്തപുരം പരശുരാമസ്വാമി ക്ഷേത്രത്തിൽ മുപ്പത്തിരണ്ടായിരത്തിലേറെ പേരും വർക്കല പാപനാശം കടപ്പുറത്ത് മുപ്പതിനായിരത്തിലേറെ പേരും,കൊല്ലം തിരുവില്ലാവാരം കടപ്പുറത്ത് നാൽപ്പത്തി എണ്ണായിരത്തിലേറെ പേരും ആലുവ മണപ്പുറത്ത് മുപ്പതിനായിരം പേരും ശംഘുമുഖം കടപ്പുറത്ത് ആറായിരത്തിലേറെ പേരും മറ്റ് നൂറുകണക്കിന് ക്ഷേത്രങ്ങളിലും ബലി കടവുകളിലുമായി ലക്ഷണത്തിന് ഭക്തരാണ് ബലിതർപ്പണ ചടങ്ങുകൾ നിർവ്വഹിച്ചത്. പുലർച്ചെ 2 ന് ചടങ്ങുകൾ ആരംഭിച്ചു. ഭക്തർക്ക് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ആയിരത്തിലേറെ ജീവനക്കാരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ കേന്ദ്രങ്ങളിലായി സ്പെഷ്യൽ ഡൂട്ടിക്ക് നിയോഗിച്ചിരുന്നു. പ്രധാന കേന്ദ്രങ്ങളിലേക്ക് വിവിധ ഇടങ്ങളിൽ നിന്നും കെഎസ്ആർടിസി സർവീസുകളും ഭക്തരുടെ സൗകര്യാർത്ഥം ക്രമീകരിച്ചിരുന്നു. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. ജയകുമാർ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തി.
