മാർ ദീയസ്ക്കോറസ് സമൂഹ നന്മ ലക്ഷ്യം വച്ച ആത്‍മീയ പിതാവ് : അഡ്വ : പഴകുളം മധു എം എൽ എ.

ഗീവർ​ഗീസ് മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്തായുടെ 27ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനത്തിൽ അഡ്വ.പഴകുളം മധു എംഎൽഎ സംസാരിക്കുന്നു.ഡോ.​ഗീവർ​ഗീസ് മാർ യൂലിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയാ മാർ സേവേറിയോസ് എന്നീ മെത്രാപ്പോലീത്താമാർ സമീപം.

റാന്നി : സാധാരണക്കാരുടെയും അവശത അനുഭവിക്കുന്നവരുടെയും ഉന്നതി ലക്ഷ്യം വെച്ച് പ്രവർത്തിച്ച ആധ്യാത്മിക നേതാവായിരുന്നു ​ഗീവർ​ഗീസ് മാർ ​ദീയസ്ക്കോറസ് മെത്രാപ്പോലീത്തായെന്ന് അഡ്വ.പഴകുളം മധു എംഎൽഎ. കർമ്മ മണ്ഡലം തിരുവനന്തപുരം ആയിരുന്നെങ്കിലും റാന്നിയുടെ ആത്മീയ വളർച്ചയ്ക്ക് തിലകം ചാർത്തിയ പിതാവായാണ് മെത്രാപ്പോലീത്തായെ ചരിത്രം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗീവർ​ഗീസ് മാർ ​ദീയസ്ക്കോറസ് മെത്രാപ്പോലീത്തായുടെ 27മത് ഓർമ്മെപ്പരുന്നാളിനോട് അനുബന്ധിച്ച് റാന്നി ഹോളി ട്രിനിറ്റി ആശ്രമത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ഹോളി ട്രിനിറ്റി സ്ക്കൂളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ സമ്മേളനത്തിൽ അനുമോദിച്ചു.

രാവിലെ വിശുദ്ധ മുന്നിന്മേൽ കുർബാനക്ക് തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ മുഖ്യകാർമികത്വം വഹിച്ചു. മാത്യൂസ് മാർ തേവോദോസിയോസ് , സഖറിയാ മാർ സേവേറിയോസ് എന്നിവർ സഹകാർമ്മികരായി. ആശ്രമം സുപ്പീരിയർ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, ഫാ കെ ടി മാത്യൂസ് റമ്പാൻ, ഫാ .എബ്രഹാം മത്തായി, ഫാ. ബാബു ജോർജ് , ഫാ.തോമസ് പി. തോമസ് എന്നിവർ നേതൃത്വം നൽകി. തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര-പുനലൂർ, നിലയ്ക്കൽ ഭദ്രാസനങ്ങളിൽ നിന്നുള്ള പാവന സ്മൃതിയാത്രയ്ക്ക് ആശ്രമത്തിൽ സ്വീകരണം നൽകി.