മഹാരാഷ്ട്രയിലെ പൂനെയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ നാലു പേര് മരിച്ചു. മറ്റൊരു അപകടത്തില്‍ രണ്ടു പേരെ വെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. മഴ ശക്തമായ സാഹചര്യത്തില്‍ അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് 500ലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. മാവല്‍ തഹസിലിലെ പതന്‍ ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചത്. വിസാപൂര്‍ കോട്ടയുടെ ഭാഗം ഇടിഞ്ഞുവീണ് വീടിന് മുകളിലേക്ക് മണ്ണും അവശിഷ്ടങ്ങളും പതിച്ചതോടെയാണ് അപകടമുണ്ടായത്. നന്ദു തികോണെ, മൗലി തികോണെ, അനിത നന്ദു തികോണെ എന്നിവരാണ് മരിച്ചത്. എന്‍ഡിആര്‍എഫ്, പോലിസ്, പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പിംപ്രി ചിഞ്ച്വാഡിലെ നിഗ്ഡിയിലുള്ള ഭേല്‍ ചൗക്കില്‍ സംരക്ഷണ മതില് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളി മരിച്ചു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
