തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട സമതി രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ അധ്യക്ഷതയിൽ സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിലാണ് തീരുമാനം. തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ 22 ട്രേഡ് യൂണിയൻ ഭാരവാഹികൾ പങ്കെടുത്തു.
ലേബർ കോഡിന്റെ അനുബന്ധമായി സംസ്ഥാന ചട്ടങ്ങൾ രൂപകരിക്കുന്നതിലേക്ക് ആവശ്യമായ പ്രായോഗിക നിർദ്ദേശങ്ങൾ സമർപ്പിക്കുകയാണ് കമ്മിറ്റിയുടെ ചുമതല. തൊഴിൽ വകുപ്പ് സെക്രട്ടറി കൺവീനറായും നിയമവകുപ്പ് അഡീഷണൽ സെക്രട്ടറി അംഗമായും പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ വിവിധ തൊഴിലാളി യൂണിയനുകളിൽനിന്നുള്ള ഏഴ് പ്രതിനിധികളും തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഉണ്ടാകും. സമിതി രൂപീകരിച്ച് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
എല്ലാ വിഭാഗങ്ങളുടെയും അഭിപ്രായങ്ങൾ കേൾക്കുകയും നിയമപരമായവ പരിഗണിക്കുകയും ചെയ്തശേഷം മാത്രമേ ലേബർ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ യോഗത്തിൽ വ്യക്തമാക്കി. നിയമപരമായ പരിധിക്കുള്ളിൽനിന്ന് കൊണ്ട് ലേബർ കോഡിന്റെ ആഘാതം കുറച്ച് തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം രൂപീകരിക്കുന്ന ലേബർ ചട്ടങ്ങൾ രാജ്യത്തിന് മാതൃകയാകണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ലേബർ കോഡിൽ തൊഴിലാളികളുടെ പരിധി നിർണയിച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഈ പരിധി കുറയ്ക്കണമെന്ന ആവശ്യവും കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കാൻ യോഗത്തിൽ തീരുമാനിച്ചു. തൊഴിലാളികളുടെ അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ഇക്കാര്യത്തിൽ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നൽകി.
ലേബർ കോഡ് നടപ്പാക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം യോഗത്തിൽ വിശദീകരിച്ചു. 2021ൽ തയ്യാറാക്കിയ ഡ്രാഫ്റ്റിൽ ആവശ്യമായ ഭേദഗതികൾ നിർദേശിക്കുന്നതിന് തൊഴിലാളി യൂണിയനുകൾക്ക് അവസരം നൽകും. പ്രത്യേക കമ്മിറ്റി തയ്യാറാക്കുന്ന കരട് നിർദേശങ്ങൾ എല്ലാ ട്രേഡ് യൂണിയനുകൾക്കും കൈമാറും. കൂടാതെ, കമ്മിറ്റിയുടെ സിറ്റിങ്ങുകളിൽ നേരിട്ട് പങ്കെടുത്ത് അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുന്നതിന് മറ്റ് ട്രേഡ് യൂണിയനുകൾക്കും അവസരമുണ്ടാകും.

തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്ന കാര്യത്തിൽ യോഗത്തിൽ പങ്കെടുത്ത എല്ലാ ട്രേഡ് യൂണിയനുകളും പൊതുവായ നിലപാടാണ് സ്വീകരിച്ചത്. പ്രത്യേക സമിതി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെയും തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ലേബർ കോഡുകളുടെ അന്തിമ ചട്ടങ്ങൾ സംസ്ഥാനം തയാറാക്കി പ്രസിദ്ധീകരിക്കുക.

ജങ്ക് ഫുഡ് വിൽപ്പന നിയന്ത്രിക്കാൻ കർശന നടപടി; കേന്ദ്ര ചട്ടങ്ങളിൽ വ്യക്തത തേടും: മന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിനും ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയുന്നതിനും നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ എച്ച്.എഫ്.എസ്.എസ് (High Fat, Sugar and Salt) ഭക്ഷ്യവസ്തുക്കളുടെ നിർവചനത്തിലും വിൽപ്പന നിയന്ത്രണത്തിനുള്ള മാനദണ്ഡങ്ങളിലും വ്യക്തത തേടി കേരളം കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയെ (FSSAI) സമീപിക്കും.

ജങ്ക് ഫുഡിന് കൃത്യമായ ശാസ്ത്രീയ നിർവചനമില്ലാത്തതിനാൽ ഏതൊക്കെ ഭക്ഷ്യവസ്തുക്കളെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തണം, അവയുടെ വിൽപ്പന എങ്ങനെ നിയന്ത്രിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തതയില്ല. ഉയർന്ന അളവിൽ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവ അടങ്ങിയ ഭക്ഷ്യവസ്തുക്കളെ എച്ച്.എഫ്.എസ്.എസ് വിഭാഗത്തിൽ ഉൾപ്പെടുത്താമെങ്കിലും അവയുടെ അളവ് നിർണയിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഇതിന്റെ അഭാവം സ്കൂൾ പരിസരങ്ങളിലെ വിൽപ്പന നിയന്ത്രിക്കുന്നതിനും ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും തടസ്സമാകുന്നുണ്ട്.
2026 ഓഗസ്റ്റ് 7-ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇതുസംബന്ധിച്ച് കരട് റെഗുലേഷൻ പ്രസിദ്ധീകരിച്ചിരുന്നു. കരടിൽ ഖരഭക്ഷണത്തിൽ 100 ഗ്രാമിന് 4.2 ഗ്രാമിൽ കൂടുതൽ കൊഴുപ്പ്, 3 ഗ്രാമിൽ കൂടുതൽ പഞ്ചസാര, 0.625 ഗ്രാമിൽ കൂടുതൽ ഉപ്പ് എന്നിവയും ദ്രാവകരൂപത്തിലുള്ള ഭക്ഷണത്തിൽ 100 മില്ലിലിറ്ററിന് യഥാക്രമം 1.5 ഗ്രാം കൊഴുപ്പ്, 2 ഗ്രാം പഞ്ചസാര, 0.175 ഗ്രാം ഉപ്പ് എന്നിവയിൽ കൂടുതലും അടങ്ങിയാൽ ഉയർന്ന അളവായി കണക്കാക്കാനുള്ള നിർദേശങ്ങളുണ്ട്. കരട് റെഗുലേഷൻ അന്തിമമാക്കി നിയമപരമായ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇത്തരം ഭക്ഷ്യവസ്തുക്കളുടെ പട്ടിക തയ്യാറാക്കുന്നതിനും സ്കൂൾ പരിസരങ്ങളിലെ വിൽപ്പന നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതിനും സംസ്ഥാനങ്ങൾക്ക് വ്യക്തമായ നിയമാടിസ്ഥാനം ലഭിക്കൂ. ഇതുമായി ബന്ധപ്പെട്ട നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര അതോറിറ്റിക്ക് സംസ്ഥാനം കത്ത് നൽകുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, സ്കൂളുകളിൽ സുരക്ഷിതവും സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനും കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തുന്നതിനും ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കുന്നുണ്ട്. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും കാന്റീനുകളിൽ ശുചിത്വം, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ, പോഷകസമൃദ്ധമായ ഭക്ഷണത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തിവരുന്നു.
ഇതുവരെ 169 സ്കൂളുകളിൽ ഈറ്റ് റൈറ്റ് സ്കൂൾ പദ്ധതി നടപ്പിലാക്കി. കുട്ടികൾക്ക് പോഷകാഹാരത്തെക്കുറിച്ച് പ്രായോഗിക അറിവ് നൽകുന്നതിനുള്ള എസ്.എൻ.എഫ്@സ്കൂൾ പദ്ധതി 2,500 സ്കൂളുകളിലും നടപ്പിലാക്കിയിട്ടുണ്ട്. കോളേജുകൾ, സർവകലാശാലകൾ, ആശുപത്രികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കാന്റീനുകളിൽ സുരക്ഷിതവും പോഷകസമൃദ്ധവുമായ ഭക്ഷണം ഉറപ്പാക്കുന്ന ഈറ്റ് റൈറ്റ് ക്യാമ്പസ് പദ്ധതിയിൽ 456 സ്ഥാപനങ്ങൾക്ക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ പരിശോധനകളും നിയമനടപടികളും സ്വീകരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

‘യശോദ എ.ഐ’ ഡിജിറ്റൽ ബോധവൽക്കരണ പരിപാടി ഇന്ന് (ഒക്ടോബർ 22);
ഡിജിറ്റൽ മേഖലയിൽ സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് ദേശീയ വനിതാ കമ്മീഷനും കേരള സംസ്ഥാന വനിതാ കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന എ.ഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ബോധവൽക്കരണ പരിപാടി ഇന്ന് (ഒക്ടോബർ 22) നടക്കും. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ തിരുവനന്തപുരം ഹോട്ടൽ പ്രശാന്തിൽ നടക്കുന്ന പരിപാടി കേരള വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
ദേശീയ വനിതാ കമ്മീഷന്റെ എ.ഐ സാക്ഷരതാ പദ്ധതിയായ ‘യശോദ എ.ഐ’ (Yashoda AI) യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള നിയമ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.
ദൈനംദിന ജീവിതത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യം, എ.ഐ നൽകുന്ന അവസരങ്ങൾ, ഡിജിറ്റൽ സുരക്ഷ എന്നിവയെക്കുറിച്ച് പ്രമുഖ വിദഗ്ധർ ക്ലാസുകൾ നയിക്കും.കേരള വനിതാ കമ്മീഷൻ അംഗങ്ങളും മെമ്പർ സെക്രട്ടറി ബീന വൈ. ബി ഉൾപ്പെടെയുള്ളവരും പങ്കെടുക്കും.

