പ്രമുഖ സാംസ്കാരിക പ്രവര്ത്തകനും കലാസംഘാടകനും കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി (78) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.
കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ടോടെയായിരുന്നു.
നടരാജ കൃഷ്ണമൂർത്തി എന്ന യഥാർത്ഥ പേരുള്ള അദ്ദേഹം, ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ‘സൂര്യ’ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ സ്ഥാപക അമരക്കാരനാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയും ഐ.എസ്.ആർ.ഒയിൽ സീനിയർ സയന്റിസ്റ്റുമായിരുന്നു അദ്ദേഹം. ഔദ്യോഗിക ജീവിതത്തിന് ശേഷമുള്ള മുഴുവൻ സമയവും കലാരംഗത്തിനായി മാറ്റിവെച്ച അദ്ദേഹം ഇരുപതിൽപരം രംഗാവതരണങ്ങളുടെ ശില്പിയായി. അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘മേൽവിലാസം’ എന്ന നാടകം നാനൂറിലേറെ വേദികളിൽ അവതരിപ്പിക്കപ്പെടുകയും പിന്നീട് ചലച്ചിത്രമാവുകയും ചെയ്തു. മികച്ച നാടകകൃത്തിനുമുള്ള കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പാരമ്പര്യത്തിന്റെ മിഴിവുകൾ ചോരാതെ ശബ്ദവും വെളിച്ചവും കൊണ്ട് അരങ്ങിനെ വിസ്മയകരമാക്കിയ സൂര്യ കൃഷ്ണമൂർത്തിയുടെ വേർപാട് കേരളത്തിന്റെ സാംസ്കാരിക ലോകത്തിന് അപരിഹാര്യമായ നഷ്ടമാണ്.

തൊഴിലാളി സൗഹൃദ കേരളത്തിന്റെ മറ്റൊരു മാതൃകയാണ് ഗിഗോൺ വിശ്രമകേന്ദ്രമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
ഗിഗ് തൊഴിലാളി വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
തിരുവനന്തപുരം: തൊഴിലാളി സൗഹൃദ കേരളത്തിന്റെ ഏറ്റവും പുതിയ മാതൃകയാണ് ഗിഗ് തൊഴിലാളികൾക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘ഗിഗോൺ’ വിശ്രമകേന്ദ്രങ്ങളെന്ന് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിച്ച ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട്, എറണാകുളം ജില്ലകളിൽ ആരംഭിച്ച ഗിഗോൺ വിശ്രമകേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഇന്ന് നടന്നു.

തൊഴിൽ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ദിവസമാണിതെന്ന് മന്ത്രി പറഞ്ഞു. ദൈനംദിന ജീവിതം സുഗമമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന വലിയൊരു തൊഴിലാളി സമൂഹത്തിന് വേണ്ടിയുള്ള പുതിയ ക്ഷേമപദ്ധതിക്കാണ് ഇതിലൂടെ തുടക്കമാകുന്നത്. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായും മാന്യമായും വിശ്രമിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയാണ് ഗിഗോൺ കേന്ദ്രങ്ങളിലൂടെ ലക്ഷ്യമിടുന്നത്. കേവലം ഒരു കെട്ടിടമല്ല ഗിഗോൺ വിശ്രമകേന്ദ്രങ്ങളെന്നും തൊഴിലാളികളുടെ ജോലിക്കിടയിലെ വിശ്രമത്തിനും സുരക്ഷയ്ക്കും അന്തസ്സിനും സർക്കാർ നൽകുന്ന അംഗീകാരത്തിന്റെ പ്രതീകമാണിതെന്നും മന്ത്രി പറഞ്ഞു.
നമ്മൾ വീട്ടിലിരുന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ ഏതാനും മിനിറ്റുകൾക്കുള്ളിൽ അത് വീട്ടുപടിക്കൽ എത്തിക്കുന്നത് ആരാണെന്ന് പലപ്പോഴും ചിന്തിക്കാറില്ല. യാത്രയ്ക്കായി വാഹനം വിളിക്കുമ്പോൾ അതിന് പിന്നിലുള്ള തൊഴിലാളിയുടെ അധ്വാനവും നഗരങ്ങളുടെ ചലനത്തിന് പിന്നിലുള്ള ഇവരുടെ വിയർപ്പും നമ്മൾ കാണാതെ പോകുന്നു. എന്നാൽ ജോലിക്കിടയിൽ ഒന്ന് ഇരിക്കാനും വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശുചിമുറി ഉപയോഗിക്കാനും പോലും മതിയായ സൗകര്യങ്ങൾ പലപ്പോഴും ഇവർക്ക് ലഭിച്ചിരുന്നില്ല. ഈ യാഥാർഥ്യം പരിഗണിച്ചാണ് 100 ദിന കർമ പരിപാടിയുടെ ഭാഗമായി ഗിഗോൺ പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു.

ഗിഗോൺ പദ്ധതി മൂന്ന് നഗരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ആദ്യഘട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പ് ഓഫീസുകളിലും ഫയലുകളിലും മാത്രം ഒതുങ്ങുന്ന വകുപ്പല്ല. തൊഴിലാളിയുടെ ശമ്പളം മുടങ്ങുമ്പോഴും ജോലി നഷ്ടപ്പെടുമ്പോഴും സുരക്ഷ അപകടത്തിലാകുമ്പോഴും അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുമ്പോഴും തൊഴിൽ വകുപ്പ് ഇടപെടും. തൊഴിലാളിയുടെ പ്രശ്നങ്ങൾ കേൾക്കുകയും ബന്ധപ്പെട്ടവരെ ഒരുമിച്ചിരുത്തുകയും സാധ്യമായിടത്ത് പരിഹാരത്തിലേക്ക് എത്തിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ സമീപനമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഗിഗ് തൊഴിലാളികൾക്ക് മന്ത്രി മധുരം വിതരണം ചെയ്തു.
ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാണ് ഗിഗോൺ വിശ്രമകേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്. രാവിലെ 8 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രങ്ങളുടെ പ്രവർത്തനം. രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും വൈകിട്ട് 3 മുതൽ രാത്രി 10 വരെയുമാണ് ഷിഫ്റ്റുകൾ. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരെ വീതം കേന്ദ്രങ്ങളുടെ നടത്തിപ്പിനായി നിയോഗിച്ചിട്ടുണ്ട്.

കസേരകൾ, ശുചിമുറി, കുടിവെള്ളം, ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. ജോലിക്കിടയിലെ ചെറിയൊരു ഇടവേള പോലും സുരക്ഷിതമായും മാന്യമായും ചെലവഴിക്കാൻ ഗിഗ് തൊഴിലാളികൾക്ക് ഇനി ഈ കേന്ദ്രങ്ങളെ ആശ്രയിക്കാം.ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ഉറപ്പാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ചടങ്ങിൽ വാർഡ് കൗൺസിലർ സി. ഹരികുമാർ, ലേബർ കമ്മീഷണർ സഫ്ന നസറുദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിലെ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ നിർവഹിച്ചു.
കാലഘട്ടം ആവശ്യപ്പെടുന്നതനുസരിച്ച് കാര്യക്ഷമമായി പ്രവർത്തിക്കാൻ വനിതാ ബറ്റാലിയൻ അംഗങ്ങൾ പര്യാപ്തരാണെന്നും വനിതകൾ കേരള പോലീസിൻ്റെ അഭിമാനമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ റവാഡാ ചന്ദ്ര ശേഖർ പറഞ്ഞു. പൊതുജനങ്ങളോട് സൗഹാർദമായി പെരുമാറാനും അവർക്ക്
നീതി വാങ്ങിക്കൊടുക്കാനും എപ്പോഴും സേനാംഗങ്ങൾ പ്രതിജ്ഞാബത്തരായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വനിതാ പൊലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് സ്വയംരക്ഷാ പരിശീലനത്തിനായുള്ള ‘ശക്തി ഹാൾ ’,അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രജ്ഞ ലേണിംഗ് സെന്റർ’ സ്മാർട്ട് ക്ലാസ്റൂം, സേനാ ഗംങ്ങൾക്ക് കൗൺസിലിങ്ങിന് സൗകര്യമൊരുക്കുന്ന ‘അഭയ ക്ലിനിക്ക്’,
കെ.എ.ഡബ്ല്യു.പി. ബറ്റാലിയൻ്റെ പുതിയ വെബ്സൈറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന പദ്ധതികൾ.

സേനാംഗങ്ങളുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള ‘ബർത്ത് ഡേ ട്രീ’ പദ്ധതിക്കും സംസ്ഥാന പോലീസ് മേധാവി തുടക്കമിട്ടു.
ഉദ്യോഗസ്ഥരുടെ ജന്മദിനങ്ങളിൽ ആ വിവരങ്ങൾ കൺട്രോൾ റൂമിലെ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും, അവരുടെ നേതൃത്വത്തിൽ ബറ്റാലിയൻ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഓരോ മാസവും ബറ്റാലിയനിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്നതിനായി അവരുടെ ഫോട്ടോയും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ‘വീരാംഗനാ വാൾ’ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു.
ബറ്റാലിയൻ അംഗങ്ങൾക്ക് ധരിക്കാനായി രൂപകല്പന ചെയ്ത ടി-ഷർട്ടിന്റെ പ്രകാശനവും ഡിജിപി നിർവഹിച്ചു.
ചടങ്ങിന്റെ ഭാഗമായി യങ് ഇന്ത്യ സ്വയംരക്ഷാ പരിശീലകരെയും ഹാറ്റ്സിന്റെ കൗൺസലിംഗ് സംഘത്തെയും ആദരിച്ചു. സ്വയംരക്ഷാ പരിശീലനത്തിന്റെ പ്രദർശനം, ബർത്ത് ഡേ ട്രീ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നടീൽ ചടങ്ങ് എന്നിവയും ഇതോടൊപ്പം നടന്നു.
ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി. ബൽറാം കുമാർ ഉപാധ്യായ, ബറ്റാലിയൻ ഡി.ഐ.ജിയുടെ അധിക ചുമതലയുമുള്ള ഡോ. ജെ. ഹിമേന്ദ്രനാഥ്, വനിതാ പൊലീസ് ബറ്റാലിയൻ കമാൻഡന്റ് അഞ്ജലി ഭാവന, കേരള ആംഡ് പൊലീസ് ബറ്റാലിയൻ കമാൻഡന്റ് കെ.ഇ. ബൈജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.

തിരുവനന്തപുരം:
സെപ്തംബർ 14 മുതൽ സംസ്ഥാന വ്യാപകമായി ഹിന്ദി പ്രേമി മണ്ഡലും ഗ്രാമസ്വരാജ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ഹിന്ദി വാരാഘോഷത്തിന് സമാപനം. ഹിന്ദി ഭാഷയുടെ പ്രചാരണവും പഠനവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഭാഷാപരമായ സൗഹൃദവും ദേശീയ ഐക്യവും വളർത്തുന്നതിനുമായി വിവിധ പരിപാടികളോടെയാണ് ഒരാഴ്ച നീണ്ടുനിന്ന ഹിന്ദി വാരാഘോഷം സംഘടിപ്പിച്ചത്.
വാരാഘോഷത്തിന്റെ സമാപന സമ്മേളനം ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ സിൻഡിക്കേറ്റ് അംഗം എം. എൻ. ഗിരി ഉദ്ഘാടനം ചെയ്തു. ഭാഷകൾ തമ്മിലുള്ള പരസ്പര ബഹുമാനവും ആശയവിനിമയവും രാജ്യത്തിന്റെ സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഹിന്ദി ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളുടെ പ്രചാരണത്തിനും പഠനത്തിനും കൂടുതൽ പ്രോത്സാഹനം നൽകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടി. യു. സാദത്ത് അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. സി. സ്മിജൻ മുഖ്യാതിഥിയായി. ഹിന്ദി പ്രചാരകരും അധ്യാപകരുമായ ഷമി കരിപ്പായി, ഹേമലത, കൃഷ്ണകുമാർ, പി. കെ. സാബു, കെ. കൃഷ്ണദാസ്, മിനി, എം. എസ്. അംബാലിക, സ്മിത, ഷൈല, ജോസ് പറമ്പി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പ്രമുഖ ഹിന്ദി പ്രചാരകനായ ജെ രാമചന്ദ്രൻ നായരുടെ അനുസ്മരണവും സംഘടിപ്പിച്ചു. ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും അധ്യാപനത്തിനും അദ്ദേഹം നൽകിയ സംഭാവനകൾ അനുസ്മരണ പ്രഭാഷണങ്ങളിൽ പ്രത്യേകം ചൂണ്ടിക്കാട്ടി. ഹിന്ദി ഭാഷാ രംഗത്ത് പ്രവർത്തിക്കുന്ന പുതിയ തലമുറയ്ക്ക് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രചോദനമാണെന്നും സംസാരിച്ചവർ പറഞ്ഞു.
രാമചന്ദ്രൻ നായർ ഹിന്ദി ഭാഷാ പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു. ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും പഠനത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ശ്രീമതി ഷാജിതയ്ക്കും ശ്രീമതി പ്രിൻസിക്കും പുരസ്കാരം സമ്മാനിച്ചത്. പുരസ്കാരത്തോടൊപ്പം ആദരവും അനുമോദനവും നൽകി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഹിന്ദി പ്രചാരകരും അധ്യാപകരും ഭാഷാസ്നേഹികളും വാരാഘോഷ പരിപാടികളിൽ പങ്കെടുത്തു. ഹിന്ദി ഭാഷയുടെ പ്രചാരണം കൂടുതൽ ജനകീയമാക്കുന്നതിനും വിദ്യാർത്ഥികളിലും യുവജനങ്ങളിലും ഭാഷാപഠനത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം സർഗാത്മക കാലഘട്ടത്തിന്റെ വിടവാങ്ങൽ: മന്ത്രി പി. സി. വിഷ്ണുനാഥ്
നാടകകൃത്തും സംവിധായകനും സംഗീത നാടക അക്കാദമി മുൻ ചെയർമാനും അരങ്ങിന്റെ അതുല്യ ശിൽപിയുമായ സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണം കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിന് തീരാനഷ്ടമാണെന്ന് ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലയെ ജീവിതസപര്യയാക്കി മാറ്റിയ അപൂർവ വ്യക്തിത്വമായിരുന്നു അദ്ദേഹം.
പാരമ്പര്യത്തിന്റെ മിഴിവ് ചോരാതെ ശബ്ദവും വെളിച്ചവും ദൃശ്യവും സംഗീതവും സമന്വയിപ്പിച്ച് അരങ്ങിനെ വേറിട്ടൊരു കലാനുഭവമാക്കി മാറ്റുന്നതിൽ അദ്ദേഹം പുലർത്തിയ സർഗാത്മകത മലയാള നാടകവേദിയിൽ തന്റേതായൊരു ഇടം സൃഷ്ടിച്ചു. രചനയും സംവിധാനവും നിർവഹിച്ച ‘മേൽവിലാസം’ ഉൾപ്പെടെയുള്ള നാടകങ്ങളും ശ്രദ്ധേയമായ നിരവധി രംഗാവതരണങ്ങളും അദ്ദേഹത്തിന്റെ കലാപ്രതിഭയുടെ അടയാളങ്ങളായി നിലനിൽക്കും.

സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയിലൂടെയും സൂര്യ ഫെസ്റ്റിവലിലൂടെയും കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അദ്ദേഹം സൃഷ്ടിച്ച ചലനം പ്രത്യേകം സ്മരിക്കപ്പെടേണ്ടതാണ്. നാടകം, നൃത്തം, സംഗീതം, സിനിമ തുടങ്ങി വിവിധ കലാരൂപങ്ങളെ ഒരുമിച്ച് അണിനിരത്തിയ സൂര്യ ഫെസ്റ്റിവൽ കേരളത്തിന്റെ കലാപാരമ്പര്യത്തെ രാജ്യത്തിനകത്തും പുറത്തും പരിചയപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. സംഗീത നാടക അക്കാദമി ചെയർമാൻ എന്ന നിലയിലും അദ്ദേഹം കലാകാരന്മാരുടെ പ്രശ്നങ്ങളെ അടുത്തറിഞ്ഞ് ഇടപെട്ട വ്യക്തിയായിരുന്നു. കലാകാരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് അദ്ദേഹം നേതൃത്വം നൽകി; കലാകാരന്മാർ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് പരിഹാരം കണ്ടെത്താൻ ആത്മാർത്ഥമായി ശ്രമിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയ സൂര്യ കൃഷ്ണമൂർത്തി, കലയുടെ അതിരുകൾ വിശാലമാക്കുന്നതിനൊപ്പം പുതുതലമുറയിലെ കലാകാരന്മാർക്ക് വേദിയും അവസരങ്ങളും ഒരുക്കുന്നതിലും ശ്രദ്ധ ചെലുത്തിയിരുന്നു. ശാസ്ത്രബോധവും കലാബോധവും സംഘാടനശേഷിയും സമന്വയിച്ച അദ്ദേഹത്തിന്റെ വ്യക്തിത്വം കേരളത്തിന്റെ സാംസ്കാരിക രംഗത്ത് അപൂർവമായിരുന്നു. അരങ്ങിനെയും കലാകാരന്മാരെയും സാംസ്കാരിക സമൂഹത്തെയും ഒരുപോലെ ചേർത്തുപിടിച്ച ഒരു സർഗാത്മക കാലഘട്ടത്തിന്റെ വിടവാങ്ങൽ കൂടിയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

മറഞ്ഞത് കേരളത്തിന്റെ സാംസ്കാരിക ഭൂമികയിലെ സൂര്യൻ : രമേശ് ചെന്നിത്തല
തിരുവനന്തപുരം :
പ്രശസ്ത കലാ സംഘാടകനും
നാടക പ്രവർത്തകനും
കേരള സംഗീത നാടക അക്കാദമി മുൻ ചെയർമാനുമായ
സൂര്യ കൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
അഗാധമായ ദുഃഖം രേഖപ്പെടുത്തി.
കേരളത്തിന്റെ കലാസാംസ്കാരിക ഭൂമികയിലെ
കരുത്തുറ്റ സാന്നിധ്യമായിരുന്നു
സൂര്യ കൃഷ്ണമൂർത്തി എന്നദ്ദേഹം
അനുശോചന സന്ദേശത്തിൽ പറഞ്ഞു.

താനുമായി ദശാബ്ദങ്ങൾ നീണ്ട സുഹൃദ്ബന്ധം ആണ് ഉണ്ടായിരുന്നത്.
പലപ്പോഴും കലാസാംസ്കാരിക പ്ര വർത്തനങ്ങളുമായി
അദ്ദേഹത്തോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞിട്ടുണ്ട്.
ഉന്നത വ്യക്തിത്വമുള്ള ഒരു സാംസ്കാരിക പ്രവർത്തകൻ ആയിരുന്നു സൂര്യ കൃഷ്ണമൂർത്തി.
അദ്ദേഹം ആവിഷ്കരിച്ച സൂര്യഫെസ്റ്റിവൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കലാ വേദി യായിരുന്നു. ലോകമെങ്ങുമുള്ള കലാകാരന്മാരെകേരളത്തിന്റെ തലസ്ഥാന നഗരിയിൽ അണിനിരത്തി അവരുടെ സർഗ്ഗ സപര്യ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള അവസരം ഉണ്ടാക്കിയത് സൂര്യകൃഷ്ണമൂർത്തി ആയിരുന്നു. ഇക്കാര്യത്തിൽ അദ്ദേഹം
നൽകിയ സംഭാവനകൾ കാലാതീതമാണ്
സൂര്യ കൃഷ്ണമൂർത്തിയുടെ വിടവാങ്ങൽ സാംസ്കാരിക കേരളത്തിന് തീരാ നഷ്ടമാണ്. നമ്മുടെ സാംസ്കാരിക രംഗത്ത് സൂര്യനെ പോലെ ജ്വലിച്ചു നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു

കെഎസ്ആർടിസിക്ക് ഒരു ബസ് ‘ജോസേട്ടന്റെ വക’
*40 ലക്ഷം രൂപ മുഖ്യമന്ത്രി ഏറ്റുവാങ്ങി ഗതാഗത മന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: കെഎസ്ആർടിസിക്ക് ബസ് വാങ്ങാനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ചരിത്രത്തിലാദ്യമായാണ് കേരളാ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് ഒരു സ്വകാര്യ വ്യക്തി ബസ് വാങ്ങി നൽകുന്നത്. ഇന്നലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ 40 ലക്ഷം രൂപയുടെ ചെക്ക് ജോസ് മുഖ്യമന്ത്രി വി.ഡി സതീശന് കൈമാറി. ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ഗതാഗത മന്ത്രി സി.പി ജോണിന് കൈമാറിയത്. ജോസേട്ടന്റെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി റോജി എം ജോൺ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ മണ്ഡലത്തിൽ ഹീമാൻ ഓട്ടോ റോബോ പാർക്ക് എന്ന കമ്പനി നടത്തുന്നയാളാണ് ജോസ്. കെഎസ്ആർടിസിയെ പിന്തുണച്ച് ജനങ്ങൾ രംഗത്തുവരണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ട് ബസ് വാങ്ങി നൽകാൻ തീരുമാനിച്ച ജോസ് ഇക്കാര്യം ആദ്യം അറിയിച്ചത് മന്ത്രി റോജി എം ജോണിനെയാണ്. ചൊവ്വാഴ്ച ഗതാഗത മന്ത്രി സി.പി ജോണിനെ കണ്ടപ്പോൾ റോജി എം ജോൺ ഇക്കാര്യം പറയുകയും ജോസേട്ടനെ നേരിട്ട് വിളിച്ച് തുക കൈമാറാമെന്ന് അറിയിക്കുകയുമായിരുന്നു. താൻ നൽകുന്ന ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നത് മാത്രമാണ് ജോസേട്ടന്റെ ഡിമാന്റ്. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് വേണമെന്നും അദ്ദേഹം ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടു. അതേആവശ്യം റോജി എം ജോണും ഉന്നയിച്ചു. ജോസ് പറയുന്ന റൂട്ടിൽ ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ ഗതാഗത മന്ത്രി ഉറപ്പുനൽകി.
കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് നേരത്തെ കെഎസ്ആർടിസിക്ക് ഒരു ബസ് വാങ്ങാൻ തുക സംഭാവന ചെയ്തപ്പോൾ ഈ മാതൃക പിന്തുടരാൻ കൂടുതൽ പേർ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ഗതാഗത മന്ത്രി സി.പി ജോൺ വ്യക്തമാക്കി. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണിതെന്നും കോർപറേഷനെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ജോസ് നൽകിയ ചെക്ക് ഗതാഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ് പ്രമോജ് ശങ്കറിനെ ഏൽപ്പിച്ചു.
സർക്കാരിൻ്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് ബസുകൾ സ്പോൺസർ ചെയ്യാൻ കെഎസ്ആർടിസി അവസരമൊരുക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ ഉപയോഗിച്ചും ബസുകൾ നൽകാമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.
