അനധികൃത നിർമ്മാണങ്ങൾക്കെതിരെ തിരുവനന്തപുരം നഗരസഭ കർശന നടപടികൾ തുടരുകയാണ്.
കുറവൻകോണത്ത് അനധികൃതമായി നടത്തി വന്നിരുന്ന നാലു നില കെട്ടിട നിർമ്മാണമാണ് ഇന്ന് ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നഗരസഭാ ഉദ്യോഗസ്ഥരെത്തി തടഞ്ഞത്. ഒരാഴ്ച മുമ്പ് നഗരസഭ ടൗൺ പ്ലാനിംഗ് സ്‌ക്വാഡ് മ്യൂസിയം പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ സ്റ്റോപ് മെമ്മോ കൊടുത്ത് തടഞ്ഞ കെട്ടിടമാണ് ഇന്ന് രഹസ്യമായി പണി പുനരാരംഭിച്ചത്. നിർമ്മാണ ചട്ടങ്ങളെല്ലാം ലംഘിച്ച് നഗരസഭയുടെ അനുമതികളൊന്നും ഇല്ലാതെയാണ് പണിതത്.
നഗരസഭാ എക്സിക്യൂട്ടീവ് എഞ്ചിനീയർ
ബിജു. ബി., ഓവർസിയർമാരായ ശിവകുമാർ . ബി ,
രമ്യ രമേഷ്എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കള്ളക്കടൽ ജാഗ്രത നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരങ്ങളിൽ നാളെ (11/09/2026) രാവിലെ 08.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ (11/09/2026) രാത്രി 11.30 വരെ 1.2 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

  1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
  3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
  4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്
  5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
  7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

പുറപ്പെടുവിച്ച സമയവും തീയതിയും: 01.00 PM; 10/09/2026

IMD-INCOIS-KSEOC-KSDMA