നോർക്ക കെയർ പ്ലസ്സ് എന്‍റോള്‍മെന്റ് അക്ഷയ സെന്ററുകൾ വഴിയും
പ്രചാരണ പോസ്റ്ററുകൾ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു

പ്രവാസി കേരളീയർക്കും കുടുംബങ്ങൾക്കുമായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൽ സംസ്ഥാനത്തെ 3000 ത്തോളം അക്ഷയ സെന്ററുകൾ വഴിയും എൻറോൾ ചെയ്യാം. പരമാവധി ആളുകൾക്ക് നോർക്ക കെയർ എൻറോൾമെൻറ് സേവനം ലഭിക്കുന്നതിനായാണ് സംസ്ഥാനത്ത് എല്ലായിടത്തും സാന്നിധ്യമുള്ള അക്ഷയ കേന്ദ്രങ്ങളുമായി നോർക്ക റൂട്സ് സഹകരിച്ചു പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പോസ്റ്ററുകൾ തിരുവനന്തപുരത്ത് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. അക്ഷയ ഡയറക്ടർ സന്ദീപ് കുമാർ , നോർക്ക റൂട്ട്സ് സി ഇ ഒ രാജേഷ് മാധവൻ, ജനറൽ മാനേജർ പ്രകാശ് പി ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ മൂവായിരത്തിലധികം അക്ഷയ കേന്ദ്രങ്ങളിൽ നോർക്ക കെയർ പ്ലസ് എൻറോൾമെൻറ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് . ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനവും നൽകിയിട്ടുണ്ട്.

ഒരു കോടി രൂപയുടെ വരെ ആരോഗ്യ ഇൻഷുറൻസും ഒരു കോടി രൂപ വരെ അപകട ഇൻഷുറൻസും ലഭിക്കുന്ന പദ്ധതിയാണ് നോർക്ക കെയർ പ്ലസ്. പങ്കാളി ,കുട്ടികൾ എന്നിവർക്കൊപ്പം 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം എന്നതാണ് ഈ പദ്ധതിയുടെ സവിശേഷത. നിലവിലുള്ള രോഗങ്ങൾക്കും ക്ലയിം ലഭിക്കും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുമായി ചേർന്നാണ് ഇത് നടപ്പാക്കുന്നത്. നോർക്ക കെയർ പ്ലസ് പദ്ധതി ആദ്യ എൻറോൾമെൻറ് സമയത്ത് അംഗങ്ങളാകാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകണമെന്ന് പ്രവാസികളിൽ നിന്നും ആവശ്യം ഉയർന്നിരുന്നു. സർക്കാർ ഇക്കാര്യം പരിഗണിച്ചതിന്റെ ഭാഗമായി ഇപ്പോൾ രണ്ടാം ഘട്ട എൻറോൾമെൻറ് നടക്കുകയാണ്. സെപ്റ്റംബർ 18 വരെ പദ്ധതിയിൽ ചേരാം. ഓഗസ്റ്റ് 18 നു ആരംഭിച്ച രണ്ടാം ഘട്ട എൻറോൾമെന്റിൽ ഇതുവരെ ഇരുപത്തി മൂവായിരത്തോളം കുടുംബങ്ങൾ നോർക്ക കെയർ പ്ലസിൽ എൻറോൾ ചെയ്തിട്ടുണ്ട്. മൊത്തം എൻറോൾ ചെയ്ത കുടുംബങ്ങൾ അൻപത്തി അയ്യായിരമായി.

വെല്ലുവിളികൾക്കിടയിലും സമീപകാല പാദത്തിൽ കേരളത്തിലെ ജിഎസ്ടി (GST) വരുമാനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗതാഗത മന്ത്രി ശ്രീ. സി.പി. ജോൺ പറഞ്ഞു.

ഇന്ത്യയിലെ ചരക്ക് സേവന നികുതി (GST) മേഖലയിലെ ‘രണ്ടാം ഘട്ട പരിഷ്കാരങ്ങൾ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സമ്മേളനം 2026 സെപ്റ്റംബർ 8-ന് കേരള ഗതാഗത മന്ത്രി ശ്രീ. സി.പി. ജോൺ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 7, 8 തീയതികളിൽ ഗിഫ്റ്റ് (GIFT) കാമ്പസിൽ ഗിഫ്റ്റും ഐസിഎസ്എസ്ആറും (ICSSR) ചേർന്നാണ് ഈ സെമിനാർ സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ, ഗിഫ്റ്റിന്റെ പുതിയ പ്രസിദ്ധീകരണമായ “ഇക്കോണമി ആൻഡ് ഫിസ്കൽ വാച്ച്” (Economy and Fiscal Watch) മന്ത്രി പ്രകാശനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, സമീപകാല പാദത്തിൽ കേരളത്തിലെ ജിഎസ്ടി വരുമാനം വർദ്ധിച്ചുവരികയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ ഐജിഎസ്ടി (IGST) വരുമാനം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ചെക്ക് പോസ്റ്റുകളില്ലാതെ ചരക്കുകൾ നീങ്ങുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും നികുതി വെട്ടിപ്പിന് വഴിയൊരുക്കുകയും ചെയ്യുന്നുണ്ട്. നികുതി വെട്ടിപ്പ് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയുന്ന സംവിധാനം (vehicle number plate recognition system) നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാമ്പത്തിക വിദഗ്ധനായ പ്രൊഫസർ എം.എ. ഉമ്മനെ ചടങ്ങിൽ ആദരിച്ചു. കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ ശ്രീ. കെ.എം. ചന്ദ്രശേഖർ (റിട്ട. ഐഎഎസ്) സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. 2026 ഓഗസ്റ്റിൽ കേരളത്തിലെ ജിഎസ്ടി വരുമാനം ഉയർന്ന നിലയിലാണെന്നും വർദ്ധനവിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു; സംസ്ഥാനങ്ങൾക്ക് ഈ മുന്നേറ്റം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. സങ്കീർണ്ണമായ സാങ്കേതിക/ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, സംസ്ഥാനങ്ങൾക്ക് ഐജിഎസ്ടി വിഹിതം കൈമാറുന്നതിലെ കാലതാമസം, സംസ്ഥാനങ്ങൾ തമ്മിലോ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലോ ഉള്ള തർക്കപരിഹാര സംവിധാനങ്ങളുടെ അഭാവം എന്നിവയാണ് ജിഎസ്ടി നടപ്പാക്കലിൽ നിലവിലുള്ള പ്രധാന വെല്ലുവിളികളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ധനകാര്യ കമ്മീഷന്റെ പ്രവർത്തനരീതികളിലെ മാറ്റം, റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റുകൾ നഷ്ടപ്പെടൽ, കേന്ദ്രം നിശ്ചയിക്കുന്ന കർശനമായ ധനക്കമ്മി ലക്ഷ്യവും (3%) സംസ്ഥാനങ്ങളുടെ സാഹചര്യവും തമ്മിലുള്ള അസന്തുലിതാവസ്ഥ എന്നിവ മൂലം സംസ്ഥാനങ്ങൾ (പ്രത്യേകിച്ച് കേരളം) നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും ശ്രദ്ധേയമാണ്.

ഐഎംഎഫ് (IMF) സീനിയർ ഇക്കണോമിസ്റ്റ് ശ്രീ. അരവിന്ദ് മോദി (IRS) മുഖ്യപ്രഭാഷണം നടത്തി. മിതമായ നിരക്കുകൾ, പൂർണ്ണമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്, കുറഞ്ഞ ഇളവുകൾ എന്നിവയോടെ വിശാലമായ അടിസ്ഥാനമുള്ള ഒരു നികുതിയായി ജിഎസ്ടി പ്രവർത്തിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു; അതേസമയം, തുല്യത, ദാരിദ്ര്യം തുടങ്ങിയ വിഷയങ്ങൾ നികുതി നിരക്കുകളിൽ മാറ്റം വരുത്തുന്നതിലൂടെയല്ല, മറിച്ച് നേരിട്ടുള്ള പണ കൈമാറ്റത്തിലൂടെയാണ് (direct cash transfers) പരിഹരിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐഎംഎഫിലെ (IMF) സീനിയർ ഇക്കണോമിസ്റ്റായ ശ്രീ. അരവിന്ദ് മോദി (IRS) മുഖ്യപ്രഭാഷണം നടത്തി. മിതമായ നിരക്കുകളും പൂർണ്ണമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റും കുറഞ്ഞ ഇളവുകളുമുള്ള, വിശാലമായ അടിത്തറയുള്ള ഒരു നികുതി സംവിധാനമായി ജിഎസ്ടി (GST) പ്രവർത്തിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, തുല്യതയും ദാരിദ്ര്യവും സംബന്ധിച്ച വിഷയങ്ങൾ നികുതി നിരക്കുകളിൽ മാറ്റം വരുത്തുന്നതിലൂടെയല്ല, മറിച്ച് നേരിട്ടുള്ള പണ കൈമാറ്റത്തിലൂടെയാണ് പരിഹരിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള സർക്കാർ ധനകാര്യ-നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. കെ. ആർ. ജ്യോതിലാൽ ഐ.എ.എസ്. പ്രത്യേക പ്രഭാഷണം നടത്തി. ഗിഫ്റ്റ് (GIFT) ഡയറക്ടർ പ്രൊഫസർ കെ. ജെ. ജോസഫ് സദസ്സിനെ സ്വാഗതം ചെയ്തു. ദേശീയ ശരാശരിയായ 16 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ഓഗസ്റ്റ് മാസത്തിൽ നികുതി വരുമാനത്തിൽ 21 ശതമാനം വർധനയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എസ്.ഇ.ബി. വൈദ്യുതി കണക്ഷനുകൾ (1.2 കോടി ഉപഭോക്താക്കളും ഏകദേശം 15 ലക്ഷം വാണിജ്യ/വ്യാവസായിക ഉപയോക്താക്കളും ഉൾപ്പെടെ), കെ-സ്മാർട്ട് (K-SMART) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാണിജ്യ കെട്ടിട രജിസ്ട്രികൾ തുടങ്ങിയവയിലെ വിവരങ്ങൾ വകുപ്പുകൾ തമ്മിൽ പരസ്പരം പങ്കുവെക്കുന്നത് വഴി, നികുതി വിവരങ്ങളിലെ പൊരുത്തക്കേടുകൾ കണ്ടെത്താനും വരുമാനം വർധിപ്പിക്കാനും സാധിക്കും.
ഗിഫ്റ്റ് (GIFT) ഡയറക്ടർ പ്രൊഫസർ കെ. ജെ. ജോസഫ് സദസ്സിനെ സ്വാഗതം ചെയ്തു.

‘ജിഎസ്ടിയും സംസ്ഥാനങ്ങളുടെ സാമ്പത്തിക ശേഷിയും: വിലയിരുത്തലും പരിഷ്കരണ സാധ്യതകളും’ എന്ന വിഷയത്തിലുള്ള രണ്ടാമത്തെ പ്ലീനറി സെഷന് ഡ്യൂക്ക് യൂണിവേഴ്സിറ്റിയിലെ സീനിയർ ഫെലോയും അഡ്ജങ്ക്റ്റ് പ്രൊഫസറുമായ ഡോ. സഞ്ജയ് കുമാർ (IRS-റിട്ട.) അധ്യക്ഷത വഹിച്ചു. എൻഐപിഎഫ്പി (NIPFP) മുൻ ഡയറക്ടർ പ്രൊഫസർ പിനാകി ചക്രവർത്തി, സിഡിഎസ് (CDS) ഡയറക്ടർ പ്രൊഫസർ സി. വീരമണി, കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഷൈജൻ ഡേവിസ്, ഗിഫ്റ്റ് (GIFT) മുൻ അസോസിയേറ്റ് പ്രൊഫസർമാരായ ഡോ. ജോസ് സെബാസ്റ്റ്യൻ, ഡോ. എൻ. രാമലിംഗം, അശോക സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഭാനു ഗുപ്ത എന്നിവർ ഈ സെഷനിൽ സംസാരിച്ചു.

‘പ്രാക്ടീഷണർമാരുടെ കാഴ്ചപ്പാട്’ എന്ന വിഷയത്തിലുള്ള അവസാന പ്ലീനറി സെഷന് പ്രൊഫസർ മേരി ജോർജ് അധ്യക്ഷത വഹിച്ചു. ടിസിസിഐ (TCCI) പ്രസിഡന്റ് ശ്രീ. എസ്. എൻ. രഘുചന്ദ്രൻ നായർ, കേരള ഹൈക്കോടതിയിലെ അഡ്വ. ഡോ. കെ. എസ്. ഹരിഹരൻ, കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ടിപിആർ. എൻ. കെ. ശിവൻകുട്ടി, ടാക്സ് കൺസൾട്ടന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. എ. എൻ. ശശിധരൻ, ടാക്സ് അഭിഭാഷക (ജിഎസ്ടി) ശ്രീമതി സിന്ധു മങ്ങാട്ട്, കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടിപിആർ. കെ. പി. ഹരീഷ് എന്നിവർ ഈ സെഷനിൽ സംസാരിച്ചു.

ഗിഫ്റ്റ് (GIFT) ഡയറക്ടർ പ്രൊഫസർ കെ. ജെ. ജോസഫ് സമാപന പ്രഭാഷണം നടത്തി.

ഭക്ഷ്യ-സിവില്‍ സപ്‌ളൈസ്
വകുപ്പ് മന്ത്രിയുടെ ഓഫീസ്, തിരുവനന്തപുരം

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:
246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി

തിരുവനന്തപുരം: പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

അര്‍ദ്ധരാത്രി വരെ നീണ്ട പരിശോധനയില്‍ പനച്ചമൂട് അല്‍ അമീന്‍ ട്രേഡേഴ്‌സ് കോമ്പൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമിച്ച 101 ചാക്ക് (5,050 കിലോഗ്രാം) പുഴുക്കലരി, 25 ചാക്ക് (1,250 കിലോഗ്രാം) കുത്തരി, 55 ചാക്ക് (2,750 കിലോഗ്രാം) ഗോതമ്പ് എന്നിവയാണു സിവില്‍സപ്‌ളൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങളും ലോറിയും മഹസര്‍ റിപ്പോര്‍ട്ട് സഹിതം വെള്ളറട പോലീസിനു കൈമാറി.

പനച്ചമൂട് പഞ്ചായത്ത് ഓഫീസിന് സമീപമുള്ള എസ്എന്‍എസ് ഗ്രോസറി ട്രേഡിംഗ് എന്ന സ്ഥാപനത്തില്‍ റേഷന്‍ അരി അനധികൃതമായി സംഭരിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയെങ്കിലും കടമുറിയുടെ ഷട്ടര്‍ താഴ്ത്തി പൂട്ടിയ നിലയിലായിരുന്നു. സ്ഥാപന ഉടമയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ട് കടമുറി തുറന്നുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ തയാറായില്ല.

തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശശിധരന്‍, വില്ലേജ് ഓഫീസര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പൂട്ട് പൊളിച്ച് കടമുറിയില്‍ പരിശോധന നടത്തി. പരിശോധനയില്‍ 142 ചാക്ക് പുഴുക്കലരി, 15 ചാക്ക് കുത്തരി, 8 ചാക്ക് ഗോതമ്പ് എന്നിവ ആവശ്യമായ രേഖകളില്ലാതെ സൂക്ഷിക്കുന്നതായി കണ്ടെത്തി. ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിച്ചിരുന്ന ചാക്കുകളില്‍ പലതും കാലിത്തീറ്റ, രാസവളം തുടങ്ങിയവയുടെ പഴയ ചാക്കുകളാണെന്നും കണ്ടെത്തി. ഇവിടെ നിന്നും 6750 രൂപയും കണ്ടെത്തി.

പിടിച്ചെടുത്ത ഭക്ഷ്യധാന്യങ്ങള്‍ തുടര്‍സംരക്ഷണത്തിനായി അമരവിളയിലെ സപ്ലൈകോ എന്‍എഫ്എസ്എ ഗോഡൗണില്‍ സൂക്ഷിക്കാന്‍ കൈമാറി. അവശ്യസാധന നിയമം പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

റേഷനിങ് കണ്‍ട്രോളര്‍ സി.വി. മോഹന്‍കുമാര്‍, ദക്ഷിണ മേഖല ഡെപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍ എ. സജാദ്, ജില്ലാ സപ്ലൈ ഓഫീസര്‍ സ്മിത എസ്.ആര്‍. എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

പട്ടയമേള: 11ന് തൃശൂരിൽ തുടക്കം

തൃശൂർ: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായി ഭൂരഹിതരായ അർഹർക്ക് പട്ടയം നൽകുന്നതിനുള്ള പട്ടയമേളയ്ക്ക് സെപ്റ്റംബർ 11ന് തൃശൂരിൽ തുടക്കമാകും. രാവിലെ 10.30ന് തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടയം വിതരണം ചെയ്യുന്നതിനായി റവന്യൂ വകുപ്പ് സജീവമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് മന്ത്രി എ. പി. അനിൽ കുമാർ പറഞ്ഞു. സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിക്കും.

തൃശൂരിൽ നടക്കുന്ന പട്ടയമേളയിൽ 1,059 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. വർഷങ്ങളായി ഭൂമിയുടെ അവകാശത്തിനായി കാത്തിരിക്കുന്ന അർഹരായ കുടുംബങ്ങൾക്ക് സ്വന്തം ഭൂമിയുടെ നിയമപരമായ അവകാശം ഉറപ്പാക്കുകയാണ് പട്ടയവിതരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

തൃശൂർ എം.എൽ.എ രാജൻ. ജെ. പല്ലൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.

എം.പിമാർ, എം.എൽ.എമാർ, തദ്ദേശഭരണ സ്ഥാപന പ്രതിനിധികൾ, ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടക്കുന്ന പട്ടയമേളകളിലൂടെ അർഹരായ കൂടുതൽ കുടുംബങ്ങൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം ഉറപ്പാക്കാനാണ് റവന്യൂ വകുപ്പ് ലക്ഷ്യമിടുന്നത്.