സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3.00 മുതല്‍ 5.30 വരെ സന്ദര്‍ശകര്‍ക്ക് മുഖ്യമന്ത്രിയെ കാണുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഈ മൂന്ന് ദിവസങ്ങളിലും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ശാരീരിക അവശതകളുള്ളവര്‍ എന്നിവരെ സെക്രട്ടേറിയറ്റ് വളപ്പിലെ പരാതി പരിഹാര സെല്ലില്‍ മുഖ്യമന്ത്രി നേരിട്ട് കാണും. അതിനുശേഷമായിരിക്കും മുഖ്യമന്ത്രി ഓഫീസില്‍ സന്ദര്‍ശകരെ കാണുക. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്തിട്ടുള്ളവര്‍ക്കും ഈ സമയത്ത് ഓഫീസിലെത്തി മുഖ്യമന്ത്രിയെ കാണാം. സെപ്റ്റംബര്‍ 2 (ബുധന്‍) മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും. മറ്റു ജില്ലകളില്‍ നിന്ന് എത്തുന്നവര്‍ക്ക് മുഖ്യമന്ത്രിയെ വേഗത്തില്‍ കണ്ട് പരാതി നല്‍കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമാണ് പുതിയ ക്രമീകരണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
മുഖ്യമന്ത്രി സെക്രട്ടേറിയറ്റില്‍ ഇല്ലാത്ത ദിവസങ്ങളിലും പരാതി പരിഹാര സെല്ലില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. വൈകുന്നേരം 3.00 മുതല്‍ 5.00 വരെ പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിക്കും.

മലയാളിയും ഒഡിഷ കേഡർ ഉദ്യോഗസ്‌ഥനുമായിരുന്ന ഐജി ഷെഫിൻ അഹമ്മദ് ഐപിഎസ് അന്തരിച്ചു
തിരുവനന്തപുരം റൂറൽ എസ്പി, ഡിഐജി എന്നീ പദവികളിൽ പ്രവർത്തിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.
2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. കൊല്ലം ഓച്ചിറ സ്വദേശിയാണ്

വെങ്ങാനൂർ അയ്യൻകാളി സ്മാരകത്തിനു സമീപം കാർ കത്തി ഒരാൾ മരണപ്പെട്ടു…

തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച് മരിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്. ഫയർ ഫോഴ്‌സ് എത്തി തീയണച്ചു.

ഓണം വാരാഘോഷം: പൂക്കള മത്സരം, തിരുവാതിര, ദീപാലങ്കാരം വിജയികളെ പ്രഖ്യാപിച്ചു
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക ഘോഷയാത്ര സ്വീകരണം, വൈദ്യുത ദീപാലങ്കാരം തുടങ്ങിയ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു.
പതാക ഘോഷയാത്ര സ്വീകരണത്തിൽ ഒന്നാം സ്ഥാനം ചിറയിൻകീഴ് നിയോജകമണ്ഡലവും രണ്ടാം സമ്മാനം നേമം മണ്ഡലവും സ്വന്തമാക്കി.
പതാക ഘോഷയാത്ര സ്വീകരണത്തിലെ അത്തപ്പൂക്കളത്തിൽ ഒന്നാം സ്ഥാനം വാമനപുരം നിയോജകമണ്ഡലം കരസ്ഥമാക്കി.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ തിരുവാതിര കളി മത്സരത്തിൽ ഒന്നാം സ്ഥാനം ഉദിയന്നൂർ ദേവി തിരുവാതിര സംഘവും രണ്ടാം സ്ഥാനം ദീപ മഹാദേവ തിരുവാതിര ഗ്രൂപ്പ് കരകുളവും മൂന്നാം സ്ഥാനം ശ്രീദുർഗ കടമ്പാട്ടുകോണം കൊല്ലവും നേടി.
ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ അത്തപ്പൂക്കളം മത്സരം ജനറൽ വിഭാഗത്തിൽ ദീപാങ്കർ വിയും രണ്ടാം സ്ഥാനം ഷൈജുവും, മൂന്നാം സ്ഥാനം സനൽകുമാർ സി എസും നേടി. മാധ്യമ വിഭാഗത്തിൽ ഒന്നാം സ്ഥാനം പയനിയർ ഡെയിലിയും രണ്ടാം സ്ഥാനം തനിനിറം പത്രവും മൂന്നാം സ്ഥാനം ജന്മഭൂമിയും സ്വന്തമാക്കി.
വൈദ്യുത ദീപാലങ്കാരം
പൊതുമേഖലാ സ്ഥാപന വിഭാഗത്തിൽ കെൽട്രോൺ ഒന്നാം സ്ഥാനവും ജലഭവൻ രണ്ടാം സ്ഥാനവും സ്വന്തമാക്കി. കേരള സർക്കാർ വകുപ്പ് വിഭാഗത്തിൽ അസംബ്ലി കോംപ്ലക്സ് ഒന്നാം സ്ഥാനവും തിരുവനന്തപുരം കോർപ്പറേഷൻ രണ്ടാം സ്ഥാനവും നേടി. സ്വകാര്യ സ്ഥാപന വിഭാഗത്തിൽ കല്യാൺ സിൽക്സ് ഒന്നാം സ്ഥാനവും അന്ന ഭവൻ റെസ്റ്റോറന്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

ഓണം വാരാഘോഷം സമാപനഘോഷയാത്ര ദൃശ്യവിരുന്നായി
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള വർണാഭമായ സാംസ്‌കാരിക ഘോഷയാത്ര തലസ്ഥാന നഗരിയിൽ കാഴ്ചയുടെ വിരുന്നൊരുക്കി. മുഖ്യമന്ത്രി വി ഡി സതീശൻ, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേകർ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ വൈകിട്ട് അഞ്ചിന് ലോക്ഭവന് സമീപത്തു നിന്ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവനന്തപുരം പബ്ലിക് ലൈബ്രറിക്ക് സമീപത്തെ വിവിഐപി പവലിയനിൽ മന്ത്രിമാരായ പി സി വിഷ്ണുനാഥ്, ടി സിദ്ദിഖ്, ചാണ്ടി ഉമ്മൻ എം എൽ എ, സിനിമാ നടൻ ആസിഫ് അലി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദേശ വിനോദസഞ്ചാരികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ സമാപനഘോഷയാത്ര ആസ്വദിക്കാനെത്തി.
ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും 69 ഫ്ലോട്ടുകളും 99 കലാരൂപങ്ങളും അണിനിരന്നു. കേരളത്തിന്റെ പൈതൃകം, സംസ്കാരം, വികസനം, സ്ത്രീ ശാക്തീകരണം, ആരോഗ്യം, ശാസ്ത്രീയ പുരോഗതി തുടങ്ങി വിവിധ വിഷയങ്ങൾ ഫ്ലോട്ടുകളിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ തനത് കലാരൂപങ്ങൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങളും ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി. ജമ്മു കാശ്മീർ, തമിഴ്നാട്, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങളും പ്രാദേശിക കലാസംഘങ്ങളുടെ പ്രകടനങ്ങളും അരങ്ങേറി. സ്‌കേറ്റിംഗ് അംഗങ്ങളുടെ അഭ്യാസപ്രകടനങ്ങളും തെയ്യം, കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ്മേളം, ആശ്വാരൂഡ സേനാ മാർച്ച്, റോളർ സ്‌കേറ്റിങ് തുടങ്ങിയ പ്രകടനങ്ങളും ജനശ്രദ്ധ നേടി. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പരിസ്ഥിതി സൗഹൃദമായാണ് സമാപനഘോഷയാത്ര നടന്നത്.

തിരുവനന്തപുരം നഗരസഭ
ഓണം വാരഘോഷം സമാപനം
ശുചീകരണ പ്രവർത്തനങ്ങൾ
മേയർ വി.വി രാജേഷിൻ്റെ നേതൃത്വത്തിൽ കനകക്കുന്നിൽ നിന്നും തുടക്കം കുറിക്കുന്നു.
