തലസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടി കനകക്കുന്ന് കൊട്ടാരവളപ്പിൽ കേരള പോലീസ് ഡോഗ് സ്‌ക്വാഡിന്റെ ഡെമോൺസ്‌ട്രേഷൻ. കാണികളെ ഒന്നടങ്കം ആകർഷിക്കുന്ന വൈവിധ്യമാർന്ന അഭ്യാസപ്രകടനങ്ങളാണ് ഡോഗ് സ്‌ക്വാഡിലെ മിടുക്കന്മാർ കാഴ്ചവെക്കുന്നത്.
കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിലും സുരക്ഷാ പരിശോധനകളിലും പോലീസ് സേനയ്ക്ക് കരുത്താകുന്ന വിവിധ വിഭാഗത്തിൽപ്പെട്ട കേഡറ്റുകളാണ് ഷോയിൽ അണിനിരന്നിരിക്കുന്നത്.
കൊലപാതകവും കവർച്ചയും ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളെ കണ്ടെത്താൻ സഹായിക്കുന്ന ‘ട്രാക്കർ’ നായ്ക്കളും, സ്‌ഫോടകവസ്തുക്കൾ കണ്ടെത്തുന്ന ‘സ്നിഫർ’ നായ്ക്കളും പ്രകടനത്തിൽ പ്രധാന ആകർഷണമാണ്.വിമാനത്താവളങ്ങൾ, ബസുകൾ, ഇടുങ്ങിയ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ എളുപ്പത്തിൽ പരിശോധന നടത്താൻ കഴിയുന്ന ചെറിയ ബ്രീഡായ ‘ബീഗിൾ’ ഇനത്തിൽപ്പെട്ട നായ്ക്കളുടെ പ്രകടനവും ജനശ്രദ്ധ നേടുന്നുണ്ട്. മയക്കുമരുന്ന്, മദ്യം എന്നിവ കണ്ടെത്താനും ദുരന്തമുഖങ്ങളിൽ മൃതദേഹങ്ങൾ കണ്ടെത്താനുമുള്ള ‘കഡാവർ’ പരിശീലനം ലഭിച്ച നായ്ക്കളും സേനയുടെ ഭാഗമായി ഇവിടെയെത്തിയിട്ടുണ്ട്. ലാബ്രഡോർ, ജർമ്മൻ ഷെപ്പേർഡ്, ബെൽജിയൻ മലിനോയിസ്, ബീഗിൾ തുടങ്ങിയ ഇനങ്ങളാണ് പ്രകടനങ്ങളിൽ പങ്കെടുക്കുന്നത്.

മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ഇവയെ സ്റ്റേറ്റ് ഡോഗ് ട്രെയിനിങ് സ്കൂളിൽ എത്തിക്കുന്നത്. ഒൻപത് മാസത്തെ കഠിനമായ പരിശീലനത്തിന് ശേഷമാണ് ഔദ്യോഗികമായി സേനയുടെ ഭാഗമാകുന്നത്. ദിവസവും രണ്ടുനേരം ഗ്രൂമിംഗ് നടത്തുന്നതിനൊപ്പം ഭാരത്തിന് അനുസൃതമായി കൃത്യമായ അളവിൽ ‘എൻ ആൻഡ് ഡി’പാക്കറ്റ് ഭക്ഷണമാണ് നൽകുന്നത്.തിരുവനന്തപുരം സിറ്റി, വെഞ്ഞാറമൂട്, ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നായി എട്ടോളം നായ്ക്കളാണ് ഇത്തവണ കനകക്കുന്നിലെ ആഘോഷങ്ങളിൽ പങ്കാളികളാകുന്നത്. സിറ്റി പോലീസ് കമ്മീഷണറുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിലാണ് ഡോഗ് സ്‌ക്വാഡിന്റെ ഡെമോൺസ്‌ട്രേഷൻ നടന്നു വരുന്നത്.

അരയന്നവും ഹെഡ്ജ് ഹോഗും സ്നാപ്പിങ് ടർട്ടിലും: വിസ്മയമായി അക്വാ പെറ്റ് ഷോ
അപൂർവ്വയിനം പക്ഷികളെയും മൃഗങ്ങളെയും അലങ്കാരമത്സ്യങ്ങളെയും കാണണമെങ്കിൽ കനകക്കുന്നിലേക്ക് പോന്നോളൂ. വിവിധ നിറത്തിലും രൂപത്തിലുമുള്ള അപൂർവ്വ അലങ്കാരമത്സ്യങ്ങളാണ് അക്വാ പെറ്റ് ഷോയിലെ പ്രധാന ആകർഷണം. ഇതിനുപുറമേ, സൗത്ത് അമേരിക്കൻ വംശജനായ ഭീമൻ മക്കാവോ തത്തകൾ, വിവിധയിനം ലൗ ബേർഡ്സ്, കഥകളിൽ മാത്രം കേട്ടുപരിചിതമായ തൂവെള്ള അരയന്നങ്ങൾ, മയിലിനെ പോലെ അഴകുള്ള കാലിഫോർണിയൻ ക്വിൽ, വിവിധയിനം പ്രാവുകൾ, അപൂർവ്വയിനം കോഴികൾ എന്നിവയൊക്കെ പക്ഷിപ്രേമികളുടെ ശ്രദ്ധ നേടുന്നു.
ഇവക്കൊപ്പം വിവിധയിനം പൂച്ചകളും സ്നേഹം ചൊരിയുന്ന നായ്ക്കളും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. സന്ദർശകർക്ക് കൗതുകമായി ഇഗ്വാന, ഫൈറ്റിങ്ങ് ഗോട്ട്, ഡംബ (ചെമ്മരിയാട്), ബാർബാറി തുടങ്ങിയ അപൂർവ്വയിനം ആടുകൾ എന്നിവയും വേദിയിലുണ്ട്.ഇവയ്ക്ക് പുറമേ ചെറിയ ഇനം എലിയായ ഡ്വാർഫ് ഹാംസ്റ്റർ, മുള്ളൻപന്നിയായ ഹെഡ്ജ് ഹോഗ്, പച്ചയും മഞ്ഞയും നിറങ്ങളിലുള്ള തവളകൾ, സ്നാപ്പിങ് ടർട്ടിൽ എന്നറിയപ്പെടുന്ന പ്രത്യേകതരം ആമകൾ തുടങ്ങി എണ്ണിയാൽ തീരാത്തത്ര വ്യത്യസ്തയിനം ജീവികളാണ് കനകക്കുന്നിലെ പെറ്റ് ഷോയിൽ കാണികളെ കാത്തിരിക്കുന്നത്.

കാക്കാരിശ്ശി നാടകവേദിയിൽ കൈയടി നേടി 11കാരൻ സൈന്ധവ്
കാക്കാരിശ്ശി നാടകവേദിയിൽ വേറിട്ട പ്രകടനവുമായി കാണികളുടെ കൈയടി നേടി 11 വയസുകാരൻ സൈന്ധവ്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സോപാനം വേദിയിൽ അരങ്ങേറിയ കാക്കാരിശ്ശി നാടകത്തിലാണ് ചെങ്ങന്നൂർ സ്വദേശിയായ സൈന്ധവ് ‘കാക്കാൻ’ എന്ന പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചത്. കാക്കാരിശ്ശി നാടകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിനായി സൈന്ധവ് അപേക്ഷയും നൽകിയിട്ടുണ്ട്.
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നാട്ടരങ്ങ്’ നാടക സംഘമാണ് പാരമ്പര്യ നാടോടി കലാരൂപമായ കാക്കാരിശ്ശി നാടകം ഓണവേദിയിലെത്തിച്ചത്. ശിവൻ, ഗംഗ, പാർവതി എന്നീ കഥാപാത്രങ്ങളെ ആസ്പദമാക്കി ലോകരക്ഷയ്ക്കായി ഭഗവാൻ കാക്കാന്റെ വേഷത്തിൽ ഭൂമിയിലെത്തുന്ന പുരാണ പശ്ചാത്തലമാണ് നാടകത്തിൽ അവതരിപ്പിച്ചത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള അവതരണത്തിൽ കാക്കാൻ, രണ്ട് കാക്കാത്തിമാർ, തമ്പുരാൻ, വേടൻ തുടങ്ങിയ കഥാപാത്രങ്ങളാണ് അണിനിരന്നത്. അമ്മ സിന്ധുവും പ്ലസ് വൺ വിദ്യാർഥിനിയായ ചേച്ചി വൈഗയും സൈന്ധവിനൊപ്പം കാക്കാത്തിമാരായി വേഷമിട്ടിരുന്നു.
പെണ്ണുക്കര ഗവ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൈന്ധവിന് കാക്കാരിശ്ശി നാടകം കുടുംബത്തിൽ നിന്നുതന്നെയാണ് പരിചിതമായത്. അമ്മ സിന്ധു സനീഷ് വീടിനടുത്ത് കാക്കാരിശ്ശി നാടക ക്ലാസ് നടത്തിവരികയാണ്. അമ്മയുടെ പരിശീലനം കണ്ടുപഠിച്ച സൈന്ധവിനെ അച്ഛൻ സനീഷ് വേദിയിൽ കളിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിനോടകം ആറ് വേദികളിൽ സൈന്ധവ് പ്രകടനം നടത്തി. അമ്മയുടെ അച്ഛൻ കാക്കാരിശ്ശി ആശാനായിരുന്നു. അച്ഛൻ സനീഷും കലാരംഗത്ത് സജീവമാണ്.
കാക്കാരിശ്ശിയിൽ മാത്രം ഒതുങ്ങുന്നതല്ല സൈന്ധവിന്റെ കലാപ്രവർത്തനം. സ്കൂൾതലത്തിൽ മോണോആക്ട്, സ്കിറ്റ്, കോമഡി മെഗാഷോ തുടങ്ങിയവയിലും സജീവമാണ്. സിനിമയിലും ബാലതാരമായി സൈന്ധവ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ജഗദീഷിന്റെയും ഉർവശിയുടെയും മകനായി ‘റൂം നമ്പർ 9’ എന്ന ചിത്രത്തിൽ അഭിനയിച്ചു. ‘ഓട്ടംതുള്ളൽ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സംവിധായകൻ ശങ്കറിന്റെ പേരിടാത്ത പുതിയ ചിത്രത്തിലും സൈന്ധവ് അഭിനയിക്കുന്നുണ്ട്.