തിരുവനന്തപുരം : കൊല്ലത്തിനെതിരെ കൈവിട്ടെന്ന് തോന്നിച്ച കളി തകർപ്പൻ ബാറ്റിങ്ങിലൂടെ തിരികെപ്പിടിച്ച് സച്ചിൻ സുരേഷ് – കാർത്തിക് ബി നായർ കൂട്ടുകെട്ട്. ഇരുവരും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കളിയുടെ ഗതി തന്നെ മാറ്റിയെഴുതിയത്.

കൊച്ചി ബ്ലൂടൈ​ഗേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 110 റൺസ് എന്ന നിലയിൽ തകർച്ച നേരിടുമ്പോൾ 14.5-ാം ഓവറിലാണ് കാർത്തിക് നായർ ക്രീസിലേക്ക് എത്തുന്നത്. തുടർന്ന് കണ്ടത് കൊച്ചിയുടെ ശക്തമായ തിരിച്ചുവരവാണ്. സച്ചിൻ സുരേഷും കാർത്തിക്കും കൈകോർത്തപ്പോൾ മൈതാനത്ത് പിറന്നത് വെടിക്കെട്ട് ബാറ്റിംഗ് വിരുന്നായിരുന്നു. വെറും 31 പന്തിൽ നിന്ന് നിർണായകമായ 79 റൺസാണ് ഈ കൂട്ടുകെട്ട് അടിച്ചുകൂട്ടിയത്.

എതിരാളികളുടെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ സച്ചിൻ സുരേഷ്, 32 പന്തിൽ 5 സിക്സറുകളും 3 ഫോറുമടക്കം 58 റൺസുമായി മുൻപിൽനിന്ന് നയിച്ചു. മറുവശത്ത് സച്ചിന് മികച്ച പിന്തുണ നൽകിയ കാർത്തിക് 17 പന്തിൽ 4 സിക്സറും ഒരു ഫോറുമടക്കം 38 റൺസുമായി പുറത്താകാതെ നിന്ന് മികച്ച സ്കോർ സമ്മാനിച്ചു. തകർച്ചയുടെ വക്കിൽ നിന്ന് ടീമിനെ അതിശക്തമായി തിരികെ കൊണ്ടുവന്ന ഈ കൂട്ടുക്കെട്ട് കാണികൾക്കും അവിസ്മരണീയ ബാറ്റിങ് വിരുന്നാണ് സമ്മാനിച്ചത്.

നെഹ്‌റു ട്രോഫി വള്ളംകളി: മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി പി. സി. വിഷ്ണുനാഥ്

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുന്നൊരുക്കങ്ങളും സംഘാടനവും
വിലയിരുത്തുന്നതിന് ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് വ്യാഴാഴ്ച വൈകിട്ടോടെ പുന്നമട നെഹ്‌റു പവലിയനിൽ എത്തി.

മുന്നൊരുക്കങ്ങളിലും സംഘാടനത്തിലും മന്ത്രി പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തി.
നെഹ്‌റു ട്രോഫി സംഘാടനത്തിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മിറ്റികൾ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ദീർഘകാല അനുഭവസമ്പത്തുള്ളവരാണ് ഈ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നത്. പൂർവ്വകാല അനുഭവങ്ങളും മുൻ ടൂറിസം മന്ത്രി കൂടിയായ കെ.സി. വേണുഗോപാൽ എം.പി.യുടെ നിർദ്ദേശങ്ങളും സഹായങ്ങളും ഇത്തവണത്തെ ഒരുക്കങ്ങൾക്ക് വലിയ പിന്തുണയായെന്ന് മന്ത്രി വ്യക്തമാക്കി.

കളക്ടറേറ്റിൽ ജില്ലാ കളക്ടറും വിവിധ സബ് കമ്മിറ്റി കൺവീനറുമാരും ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് തയ്യാറെടുപ്പുകൾ അദ്ദേഹം വിലയിരുത്തി.

എ ഡി തോമസ് എം എൽ എ, മുൻ എംഎൽഎ എ എ ഷുക്കൂർ, ജില്ലാ കലക്ടർ ഷാജി വി നായർ, എഡിഎം സി പ്രേംജി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി എസ് വിനോദ്, ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥർ, വിവിധ സബ്കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

പെറുവിന്റെ തെക്കന്‍ മേഖലകളില്‍ ഭൂചലനം.

പെറുവിലെ തെക്കന്‍ ആന്‍ഡീസ് പര്‍വതനിരകളിലാണ് 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഭൂചലനമുണ്ടായ മേഖലകളിലെ വീടുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും നാശനഷ്ടമുണ്ടായതായും അധികൃതര്‍ അറിയിച്ചു. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഭൂകമ്പം ഉണ്ടായത്.

തെക്കന്‍ പെറുവിലെ ഇക്ക, അരെക്വിപ, ഹുവാന്‍കാവെലിക്ക, അപുരിമാക്, കുസ്‌കോ എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളിലും തലസ്ഥാനമായ ലിമയിലും ഭൂകമ്പം അനുഭവപ്പെട്ടു. പരിനകോച്ചസ് പ്രവിശ്യയുടെ തലസ്ഥാനമായ കൊറക്കോറയിലുണ്ടായ ഭൂകമ്പത്തില്‍ വീടുകള്‍ ഒഴിപ്പിക്കുന്നതിനിടെ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് മേധാവി ലൂയിസ് വാസ്‌ക്വസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.