പ്രായമായ അമ്മമാരെ സ്നേഹത്തോടെ ചേർത്തുപിടിച്ചും ഓണസദ്യയും ഓണക്കോടിയുമൊക്കെ സമ്മാനിച്ച് ആ മനസുകൾ സന്തോഷം കൊണ്ട് നിറച്ചിരിക്കുകയാണ് ഐഎഎസ്, ഐപിഎസ് ദമ്പതികൾ. ആരോരുമില്ലാത്തവരുടെ സ്വന്തമെന്ന പോലെ അവർ ഒരുപകൽ മുഴുവൻ അവരോടൊപ്പം ആയിരിക്കുകയും സ്നേഹം പങ്കിടുകയും ചെയ്തു.
കെ എസ്ഇബി ചെയർമാൻ എം ജി രാജമാണിക്യവും ഭാര്യയും ഇൻ്റലിജൻസ് ഐജിയുമായ ആർ നിശാന്തിനിയും തിരുവനന്തപുരം അമ്മ കെയർ ഹോമിലെ അമ്മമാർക്കൊപ്പം ഓണാഘോഷത്തിന്‍റെ ഭാഗമാവുകയായിരുന്നു. ഒത്തിരി ഓണങ്ങൾ ഉറ്റവര്‍ക്കൊപ്പം ഒരുമിച്ചുണ്ട് മക്കൾക്ക് വിളമ്പി ഒടുവില്‍ ജീവിത സായന്തനത്തിൽ ഒറ്റപ്പെട്ടു പോയി ജീവിത യാഥാർഥ്യങ്ങളിൽ പകച്ചുപോയവർക്ക് മുന്നിൽ സ്‌നേഹ നാമ്പായി മാറുകയാണ് എം ജി രാജമാണിക്യത്തിൻ്റെയും ആർ നിശാന്തിനിയുടെയും കുടുംബത്തിന്‍റെയും കരുതലും ചേര്‍ത്തണയ്ക്കലും. നാക്കിലയിൽ സ്‌നേഹത്തിൻ്റെ വറ്റ് വിളമ്പി അവർക്കൊപ്പം ഭക്ഷണം കഴിച്ചാണ് ഇരുവരും മടങ്ങിയത്. തിരുവനന്തപുരത്തെ ക്യാമറമാൻമാരുടെ സ്‌നേഹ കൂട്ടായ്മയാണ് അമ്മയോണം സംഘടിപ്പിച്ചത്. കെയർ ഹോമിലെ അമ്മമാർക്ക് ഇരുവരും ചേർന്ന് ഓണക്കോടി കൈമാറി, സ്‌നേഹപ്പുതപ്പണിയിച്ച് ഇരുവരും അമ്മമാരുടെ വാൽസല്യ നിധികളായി.

എം.ആർ.എഫിൽ ലോങ് ടേം സെറ്റിൽമെന്റിന് ധാരണ; സ്ഥിരം ജീവനക്കാർക്ക് വേതന വർധനവ്
ധാരണയായത് മന്ത്രി ബിന്ദു കൃഷ്‌ണ വിളിച്ചു ചേർത്ത യോഗത്തിൽ
തിരുവനന്തപുരം:കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ പതിനാറാമത് ലോങ് ടേം സെറ്റിൽമെന്റ് പുതുക്കി നിശ്ചയിക്കുന്നതിന് ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയത്. വൈകിട്ട് നാലിന് ആരംഭിച്ച ചർച്ച മൂന്നര മണിക്കൂർ നീണ്ടു. മന്ത്രി ബിന്ദു കൃഷ്ണ ഇരുകൂട്ടരുമായി വെവ്വേറെ നടത്തിയ ചർച്ചയ്ക്കൊടുവിൽ 7.30ഓടെ ഇരുകൂട്ടരും ഒത്തുതീർപ്പിൽ എത്തിയത്.
പുതിയ ലോങ് ടേം സെറ്റിൽമെന്റ് 2026 ഓഗസ്റ്റ് ഒന്ന് മുതൽ നാല് വർഷത്തേക്ക് പ്രാബല്യത്തിലാകും. അന്തിമ സെറ്റിൽമെന്റ് ഓഗസ്റ്റ് 31നകം ഒപ്പുവയ്ക്കും. ഈ തീയതിക്കകം അന്തിമ സെറ്റിൽമെന്റ് ഒപ്പുവച്ചില്ലെങ്കിൽ, കരാർ ഒപ്പുവയ്ക്കുന്ന തീയതി മുതലായിരിക്കും സെറ്റിൽമെന്റിന്റെ കാലാവധി കണക്കാക്കുക.
2026 ഓഗസ്റ്റ് ഒന്നിന് ലോങ് ടേം സെറ്റിൽമെന്റിന്റെ പരിധിയിൽ വരുന്ന അർഹരായ സ്ഥിരം ജീവനക്കാർക്ക് പ്രതിമാസം 14,500 രൂപയുടെ വെയ്റ്റഡ് ആവറേജ് വേതന വർധന നൽകും. കൂടാതെ അർഹരായ ജീവനക്കാരുടെ പ്രതിമാസ അറ്റൻഡൻസ് ബോണസിൽ 500 രൂപയുടെ വർധനയും ലഭിക്കും. സെറ്റിൽമെന്റിന്റെ ഭാഗമായി നൽകേണ്ട തുക ജീവനക്കാരുടെ സേവനകാലം ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ച് വിതരണം ചെയ്യുന്നത് സംബന്ധിച്ച തീരുമാനം അന്തിമ കരാർ ഒപ്പിടുന്നതിന് മുമ്പ് കൈക്കൊള്ളും. അതുവരെ നിലവിലെ വേതന ഘടന തുടരും.
തൊഴിൽ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ശരത്ചന്ദ്രൻ സി.എസ്., ലേബർ കമ്മീഷണർ സഫ്ന നസ്റുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ, ഡെപ്യൂട്ടി ലേബർ കമ്മീഷണർ കെ.എൽ. സതീഷ്‌കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
തൊഴിലുടമകളെ പ്രതിനിധീകരിച്ച് പ്ലാന്റ് ഹെഡ് ശശികാന്ത കുവാർ, സീനിയർ പ്രൊഡക്ഷൻ മാനേജർ അനൂപ് ആർ. വർമ്മ, സീനിയർ എച്ച്.ആർ. മാനേജർ ഷിജു ഏലാസ്, സീനിയർ എൻജിനീയറിംഗ് മാനേജർ ബിജുമോൻ ചാക്കോ, ചീഫ് അക്കൗണ്ട്സ് മാനേജർ ഡി. വെങ്കട സുബ്ബയ്യ, സീനിയർ മാനേജർ ബിനു ഫ്രാൻസിസ് എന്നിവരും പങ്കെടുത്തു.
തൊഴിലാളികളെ പ്രതിനിധീകരിച്ച് കെ.ജെ. തോമസ്, റെജി സക്കറിയ, ദേവസ്യ പി.എസ്., ബി.എസ്. സമീർ, സുബി വർഗീസ്, സാബു ജോൺ, സുനോജ് വി.എസ്,ചാണ്ടി ഉമ്മൻ, കുഞ്ഞ് ഇല്ലംപള്ളി, ചിന്റു കുര്യൻ ജോയ്, അജു ചാക്കോ, ഷാജി ജോസഫ്, ബിനോയ് സി.ഐ., റിനുമോൻ പി.എം., സൽവിൻ പി. തോമസ്; എസ്. വിനായകുമാർ, കെ.കെ. വിജയകുമാർ, റിജു തോമസ്, ശ്രീനിവാസ പിള്ള എസ്.എസ്., ശ്രീകുമാർ എസ്., സിബി പി. മാത്യു, ശ്യാം കുമാർ സി.ഒ. എന്നിവരും പങ്കെടുത്തു.
