സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതിക്ക് ഇതുവരെ 298.63 കോടി രൂപ സർക്കാർ അനുവദിച്ചു. സെപ്റ്റംബർ മാസത്തിലെ സൗജന്യ യാത്രയുടെ ചെലവിനായി മാത്രം 88.23 കോടി രൂപയാണ് അനുവദിച്ചത്.
സെപ്റ്റംബറിൽ മാത്രം 4.16 കോടി സൗജന്യ യാത്രകൾ പ്രിയദർശിനിയിലൂടെ നടന്നു. ഓഗസ്റ്റിനെ അപേക്ഷിച്ച് 44.28 ലക്ഷം യാത്രകളുടെ വർധനയാണിത്. ജൂൺ 15ന് പദ്ധതി ആരംഭിച്ചതിന് ശേഷം സ്ത്രീകളുടെ യാത്രാ ചെലവ് കുറയ്ക്കാനും അവരുടെ സാമ്പത്തിക സുരക്ഷയ്ക്ക് പിന്തുണ നൽകാനും പദ്ധതി വലിയ ആശ്വാസമായി മാറുകയാണ്. സൗജന്യ യാത്രയിലൂടെ കെഎസ്ആർടിസിക്കുണ്ടാകുന്ന വരുമാനക്കുറവ് സർക്കാർ നികത്തുന്നതിനാൽ, ഈ ആനുകൂല്യത്തിന്റെ സാമ്പത്തിക ബാധ്യത യാത്രക്കാരുടെ മേൽ വരില്ല.
