കനകക്കുന്നിലെ ഓണം ടൂറിസം വാരാഘോഷത്തിലെ ഒരു പ്രധാന താരമാണ് ലക്കി എന്ന ബീഗിൾ ഇനത്തിൽപ്പെട്ട ആറ് വയസുള്ള സ്നിഫർ നായ. കേരള പോലീസ് ഡോഗ് സ്ക്വാഡിലെ ഒരു മികവുറ്റ താരം കൂടിയാണ് ലക്കി.
ഓണാഘോഷ നഗരിയിലെ ബോംബ് സസ്‌പെക്ട് സെർച്ച് ഉൾപ്പെടെയുള്ള സുരക്ഷാ പരിശോധനകളിലാണ് ലക്കി പ്രധാനമായും പങ്കാളിയാകുന്നത്. മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പ്രമുഖരുടെ സുരക്ഷാ ഡ്യൂട്ടികളിൽ മികവ് പുലർത്തിയ ലക്കി ഇതിനോടകം നിരവധി ഔദ്യോഗിക ബഹുമതികളും സ്വന്തമാക്കിയിട്ടുണ്ട്.ഇംഗ്ലണ്ട് ജന്മദേശമായ ബീഗിൾ ഇനം നായകൾക്ക് 10 മുതൽ 12 വർഷം വരെയാണ് സാധാരണ ആയുസ്സ്. തിരുവനന്തപുരം സിറ്റി ഡോഗ് സ്‌ക്വാഡിലെ സിവിൽ പോലീസ് ഓഫീസർമാരായ ശങ്കർ, രതീഷ് എന്നിവരാണ് ലക്കിയുടെ പരിശീലകരും പരിപാലകരും.

സാങ്കല്പിക ലോകത്തേക്ക് അല്പം സാഹസിക യാത്ര ആയാലോ
ഓണം ടൂറിസം വാരാഘോഷത്തിൽ ജനശ്രദ്ധയാകർഷിച്ച് വെർച്വൽ റിയാലിറ്റി ഗെയിംസുകൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമായ രീതിയിലാണ് ഈ ആധുനിക സാങ്കേതിക വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. വൈകിട്ട് 3 മണി മുതൽ രാത്രി 11 മണി വരെയാണ് പ്രദർശനം നടത്തുന്നത്.
സാഹസികതയും അല്പം പേടിയും ഒരരുപോലെ സമ്മാനിക്കുന്ന വേറിട്ട ആശയങ്ങളാണ് വെർച്വൽ റിയാലിറ്റി ഗെയിമുകളിലൂടെ അവതരിപ്പിക്കുന്നത്. റോളർ കോസ്റ്റർ, ജുറാസിക് വേൾഡ് ആനിമേഷൻ എന്നിവയാണ് വി.ആർ വിഭാഗത്തിലെ പ്രധാന ആകര്‍ഷണങ്ങൾ. കൂടാതെ ആകാശദൃശ്യങ്ങൾ സമ്മാനിക്കുന്ന പ്രത്യേക ഡോം സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
വി.ആറിൽ 4 മിനിറ്റിൽ 360 ഡിഗ്രി കാഴ്ചയും, ഡോമിൽ 7 മിനിറ്റിൽ 180 ഡിഗ്രി ദൃശ്യാനുഭവവുമാണ് ലഭിക്കുന്നത്. സ്പേസ് വേ ഡോംസിന്റെ സഹകരണത്തോടെയാണ് വിവിധ തീമുകളിലുള്ള ഈ ഗെയിമുകൾ അവതരിപ്പിക്കുന്നത്. സാഹസികർക്കായി ‘റോക്ക്ഫാൾസ്’, കുട്ടികൾക്കായി ‘വാട്ടർറൈഡ്’, ഭയപ്പെടുത്തുന്ന അന്തരീക്ഷമൊരുക്കുന്ന ‘വിങ്സ് ഓഫ് ഡാർക്ക്നെസ്’ എന്നിങ്ങനെ വ്യത്യസ്ത സ്വഭാവമുള്ള ആളുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്.

വില്‍പനയില്‍ റെക്കോഡിട്ട് സപ്‌ളൈകോ; ഓണം വിറ്റുവരവ് 422.17 കോടി കവിഞ്ഞു.
ഇക്കുറി ഓണം വിപണിയില്‍ സപ്‌ളൈകോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് (25-08-2026) വൈകിട്ട് 4 മണിവരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ഇത് സമീപകാലത്തെ റെക്കോഡ് നേട്ടമാണ്.
കഴിഞ്ഞവര്‍ഷം തിരുവോണം സെപ്റ്റംബര്‍ 5 നായിരുന്നു. 2025 ആഗസറ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ആഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ട്.
മിക്ക സബ്‌സിഡി സാധനങ്ങള്‍ക്കു വില വര്‍ധിപ്പിക്കാതെയും പലതിനും വിലകുറച്ചിട്ടും ഈ നേട്ടത്തിലെത്താനായത്ജനങ്ങള്‍ സപ്‌ളൈകോയെ മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ആശ്രയിച്ചതിനാലാണ്. വെളിച്ചെണ്ണ 20 രൂപ കുറച്ചു. കഴിഞ്ഞ വര്‍ഷം വെളിച്ചെണ്ണയില്‍നിന്നു മാത്രം 100 കോടി ലഭിച്ചു.

ഓണം ഫെയറുകള്‍:
3 മെഗാ ട്രേഡ് ഫെയറുകള്‍, 11 ജില്ലാ ഫെയറുകള്‍, 126 അസംബ്ലി ഫെയറുകള്‍.
സൗജന്യ യാത്രാ സൗകര്യം:
എറണാകുളം കലൂരില്‍ നടക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് എത്തുന്ന ഉപഭോക്താക്കള്‍ക്കായി വൈറ്റില- കലൂര്‍- വൈറ്റില റൂട്ടില്‍ കെഎസ്ആര്‍ടിസി സൗജന്യ എ.സി. ലോ ഫ്‌ളോര്‍ സര്‍ക്കുലര്‍ ബസ് സര്‍വീസ് ലഭ്യമാക്കി.
ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്‌ളൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോഡാണെന്നും മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.