ഉത്രാടദിനത്തിൽ ശ്രീഗുരുവായൂരപ്പന് കാഴ്ചക്കുല സമർപ്പിച്ച് ദേവസ്വം മന്ത്രി ശ്രീ.കെ.മുരളീധരൻ ഉൾപ്പെടെ ഭക്തർ രാവിലത്തെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ഏഴു മണിയോടെ സ്വർണക്കൊടിമരത്തിന് സമീപം നാക്കിലയിൽ മേൽശാന്തി ബ്രഹ്മശ്രീ’ തെക്കുംപറമ്പത്ത് മനയിൽ നാരായണൻ നമ്പൂതിരി നേന്ത്രക്കുല സമർപ്പിച്ചതോടെയാണ് ഉത്രാട കാഴ്ചക്കുല സമർപ്പണ ചടങ്ങ് തുടങ്ങിയത്. തുടർന്ന് ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്,ദേവസ്വം മന്ത്രി ശ്രീ. കെ.മുരളീധരൻ,
ദേവസ്വം ചെയർമാൻ ശ്രീ.എ.വി.ഗോപിനാഥ്, ദേവസ്വം ഭരണസമിതി അംഗങ്ങളായ ശ്രീ.സി.മനോജ്, ശ്രീ മനോജ് ബി നായർ, ശ്രീമതി എം.യു. ഷിനിജ, ജില്ലാ കളക്ടർ ശ്രീമതി ശിഖ സുരേന്ദ്രൻ ഐ എ എസ്, അഡ്മിനിസ്ട്രേറ്റർ ഹരി ഗോപാൽ. എസ്ക്ഷേത്രം, ഡി എ എം.രാധ, ഭരണ വിഭാഗം ഡി എ
പ്രമോദ് കളരിക്കൽ എന്നിവർ കാഴ്ചക്കുലകൾ സമർപ്പിച്ചു. തുടർന്ന് ഭക്തജനങ്ങളുടെ ഊഴമായി. നൂറുക്കണക്കിന് ഭക്തർ ഭഗവാന് കാഴ്ചക്കുല സമർപ്പിച്ചു ദർശനസായൂജ്യം നേടി.
ശ്രീ ഗുരുവായൂരപ്പന് സമർപ്പിച്ച കാഴ്ചക്കുലകളിൽ ഒരു ഭാഗം നാളെ തിരുവോണ സദ്യയുടെ വിശേഷ വിഭവമായ പഴംപ്രഥമന് ഉപയോഗിക്കും. ക്ഷേത്രാവശ്യങ്ങൾക്ക് ശേഷമുള്ളവ ഭക്തർക്ക് ലേലം ചെയ്ത് നൽകും..

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെ.

പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.

സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും.

കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. അവര്‍ക്കെല്ലാം ഊഷ്മളമായ ആശംസകള്‍ നേരുന്നു.

ഒരു ദിവസം മലയാളിയാകാം’ : അനുഭവവേദ്യ ടൂറിസത്തിൻ്റെ പുതിയ ആശയവുമായ് മന്ത്രി പി. സി. വിഷ്ണുനാഥ്…

കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് നാടിന്റെ തനിമയും സംസ്‌കാരവും നേരിട്ടറിയാൻ ‘ബീ എ മലയാളി ഫോർ എ ഡേ’ (Be a Malayali for a Day) എന്ന അനുഭവവേദ്യ ടൂറിസത്തിൻ്റെ പുതിയ ആശയത്തിന് തുടക്കമിട്ട് സർക്കാർ. ‘കേരളം കാണാൻ വരൂ’ എന്ന പരമ്പരാഗത ശൈലിയിൽ നിന്ന് മാറി ‘കേരളത്തെ അനുഭവിച്ചറിയാൻ വരൂ’ എന്ന പുതിയ സന്ദേശമാണ് ഇതിലൂടെ മുന്നോട്ടുവയ്ക്കുന്നതെന്ന് തിരുവോണ തലേന്ന് നടത്തിയ പ്രസ്താവനയിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് അറിയിച്ചു.
കേരളത്തിലെത്തുന്ന സഞ്ചാരി വെറുമൊരു കാഴ്ചക്കാരനായി നിൽക്കാതെ, അത്തപ്പൂക്കളമിട്ടും കുടുംബത്തോടൊപ്പം ഓണസദ്യയൊരുക്കിയും ഒരു പാരമ്പര്യ കലാകാരനിൽ നിന്ന് കലയുടെ ആദ്യചുവടുകൾ പഠിച്ചും മലയാളി ജീവിതം നേരിട്ട് അനുഭവിച്ചറിയുന്ന തരത്തിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഓരോ ജില്ലയ്ക്കും സ്വന്തമായി സാംസ്കാരിക ടൂറിസം ബ്രാൻഡ് രൂപപ്പെടുത്താനും, പ്രാദേശിക ഉത്സവങ്ങളെയും കലകളെയും അന്താരാഷ്ട്ര ടൂറിസം കലണ്ടറുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കേരളത്തിന്റെ തനത് പൈതൃക കലാരൂപങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്തി സംരക്ഷിക്കുന്നതിനും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ലോകമെമ്പാടും എത്തിക്കുന്നതിനും സർക്കാർ പ്രത്യേക മുൻഗണന നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. നമ്മുടെ പൈതൃകം മ്യൂസിയങ്ങളിൽ അടച്ചുവെക്കാനുള്ളതല്ലെന്നും, അത് പുതുതലമുറയ്ക്ക് ജീവനോടെ കൈമാറാനുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവതലമുറയെ തനത് കലകളിലേക്ക് ആകർഷിക്കുന്നതിനൊപ്പം ഡിജിറ്റലൈസേഷനിലൂടെ നമ്മുടെ സാംസ്കാരിക പൈതൃകത്തിന് അന്താരാഷ്ട്ര ശ്രദ്ധ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പരിപാടികളുടെ ഒരു പരമ്പര എന്നതിലുപരി കേരളത്തിന്റെ സംസ്കാരത്തെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്ന വലിയൊരു സാംസ്കാരിക കൂട്ടായ്മയായാണ് ഇത്തവണത്തെ ഓണം വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്തെ 35 വേദികളിലായി 340-ലധികം കലാപരിപാടികൾ അരങ്ങേറുമ്പോൾ, തലസ്ഥാനത്ത് 3,000-ത്തോളവും സംസ്ഥാനത്താകെ 8,000-ലധികം കലാകാരന്മാരും ഇതിന്റെ ഭാഗമാകുന്നുണ്ട്. നിശാഗന്ധിയിൽ മുടിയേറ്റ്, തോൽപ്പാവക്കൂത്ത്, പടയണി, അർജുനനൃത്തം, പൂതനും തിറയും തുടങ്ങിയ അപൂർവ കലാരൂപങ്ങൾ അവതരിപ്പിക്കപ്പെടുന്നതിനൊപ്പം ജമ്മു കശ്മീർ മുതൽ തമിഴ്‌നാട് വരെയുള്ള പത്ത് സംസ്ഥാനങ്ങളിൽ നിന്നായി 160 പാരമ്പര്യ കലാകാരന്മാരും സമാപന ഘോഷയാത്രയിലടക്കം അണിനിരക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

സഞ്ചാരികളുടെ എണ്ണത്തിനപ്പുറം കലാകാരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സംരംഭങ്ങളെ ശാക്തീകരിക്കുന്നതിനുമുള്ള ഒരു സാമ്പത്തിക മാതൃകയായാണ് സർക്കാർ ടൂറിസത്തെ കാണുന്നതെന്ന് മന്ത്രി പറഞ്ഞു. കേവലം ഏഴു ദിവസത്തെ ആഘോഷം എന്നതിലുപരി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ നാടിന്റെ സാമ്പത്തിക വളർച്ചയുടെ ചാലകശക്തിയാക്കി മാറ്റാനുള്ള ദീർഘകാല കാഴ്ചപ്പാടോടെയാണ് വാരാഘോഷം മുന്നോട്ടുപോകുന്നതെന്നും മന്ത്രി പി. സി. വിഷ്ണുനാഥ് കൂട്ടിച്ചേർത്തു.