കാസർകോട്: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട കുടുംബങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് സമഗ്ര വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി പറഞ്ഞു. ദളിത് വിദ്യാർഥികൾക്ക് ഐ.എ.എസ് ഉൾപ്പെടെയുള്ള ഉന്നത പഠനത്തിനും മത്സരപരീക്ഷകൾക്കും ആവശ്യമായ പ്രവേശനപരിശീലനവും മറ്റ് സഹായങ്ങളും സർക്കാർ ഉത്തരവാദിത്വത്തോടെ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കാസർകോട് ജില്ലയിലെത്തിയ മന്ത്രിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സി. ഓഫീസിൽ നൽകിയ സ്വീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ഇടതുമുന്നണി സർക്കാരിന്റെ കാലം മുതൽ മന്ത്രി ഓഫീസുകളിൽ ചികിത്സാസഹായം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി നൽകിയ ലക്ഷക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത്തരം അപേക്ഷകൾ പരിശോധിച്ച് അർഹരായവയിൽ അടിയന്തര നടപടി സ്വീകരിച്ചുവരുകയാണെന്നും മന്ത്രി അറിയിച്ചു.
സ്വീകരണയോഗത്തിൽ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി എം.സി. പ്രഭാകരൻ സ്വാഗതം പറഞ്ഞു. സോമശേഖര ഷേണി, കെ. ഖാലിദ്, ഡോ. കെ.വി. ശശിധരൻ, രാജൻ പെരിയ, കെ. ലക്ഷ്മണപ്രഭു, എം. രാജീവൻ നമ്പ്യാർ, പി. രാമചന്ദ്രൻ, മിനി ചന്ദ്രൻ, കെ.കെ. ബാബു, വി. ഗോപി എന്നിവർ സംസാരിച്ചു.

പട്ടികജാതി–പട്ടികവർഗ–പിന്നാക്ക ക്ഷേമ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ.എ. തുളസി
എസ്.സി.–എസ്.ടി. പ്രമോട്ടർമാരുടെ നിയമന നടപടികൾ വേഗത്തിലാക്കും; ഫയൽ അദാലത്തിലൂടെ മുഴുവൻ ഫയലുകളും തീർപ്പാക്കാൻ നിർദേശം
കാസർകോട്: പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി വിവിധ വകുപ്പുകൾ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വകുപ്പ് മന്ത്രി കെ.എ. തുളസി നിർദേശിച്ചു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിലെ പ്രമോട്ടർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ കാസർകോട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

വർഷങ്ങളായി പൂർത്തീകരിക്കാതെ കിടക്കുന്ന പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കുന്നതിന് വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഫയൽ അദാലത്ത് നടത്തി വകുപ്പുകളിലെ മുഴുവൻ ഫയലുകളും തീർപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണം. അർഹരായ ഗുണഭോക്താക്കൾക്ക് ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്നും മന്ത്രി പറഞ്ഞു. ഭവനനിർമാണ പദ്ധതി വകുപ്പ് നേരിട്ട് നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മംഗളൂരുവിൽ പ്ലസ് ടു തലത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനമുറി അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നു മന്ത്രി അറിയിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും എ.കെ.എം. അഷറഫ് എം.എൽ.എയും ഉന്നയിച്ച വിഷയത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നിലവിൽ സംസ്ഥാനത്തിനകത്ത് പഠിക്കുന്ന വിദ്യാർഥികൾക്കാണ് പഠനമുറി അനുവദിക്കുന്നതെന്നും അവർ വ്യക്തമാക്കി.
ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി, നിർവഹണത്തിലെ തടസ്സങ്ങൾ, ക്ഷേമപദ്ധതികളുടെ നടത്തിപ്പ് എന്നിവ യോഗം വിലയിരുത്തി. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മുൻഗണന നൽകണമെന്ന് എം.പിയും എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും ആവശ്യപ്പെട്ടു. പാർശ്വവൽക്കരിക്കപ്പെട്ടവരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടാകരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. പറഞ്ഞു. എസ്.സി.–എസ്.ടി. പ്രമോട്ടർമാരുടെ നിയമനത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

അംബേദ്കർ സെറ്റിൽമെന്റ് പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർദേശിച്ചു. പട്ടികവർഗ മേഖലകളിലെ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി സമഗ്രമായ റിപ്പോർട്ട് തയ്യാറാക്കാനും കളക്ടർ നിർദേശിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി., എം.എൽ.എമാരായ എ.കെ.എം. അഷറഫ്, കല്ലട്ര മാഹിൻ, കെ. നീലകണ്ഠൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അബ്ദുള്ള കുഞ്ഞി ചെർക്കള, എം. ബാലൻ, സി.എം. മീനാകുമാരി, കാസർകോട് നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലിം എന്നിവർ സംസാരിച്ചു.
ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ്, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഹിമ, പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പട്ടികവർഗ വികസന ഓഫീസർമാരായ കെ. മധുസൂദനൻ, ജോ ഡേവിഡ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മനോഹരൻ, പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മേഖലാ ഓഫീസർ ബി. പ്രബിൻ, കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂൾ (സ്പോർട്സ്) പ്രിൻസിപ്പൽ എന്നിവർ വകുപ്പുകളുടെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ആദിവാസി മേഖലകളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന; എസ്.സി.–എസ്.ടി. ഭവനനിർമാണം വകുപ്പ് നേരിട്ട് നടപ്പാക്കും: കെ.എ. തുളസി
കാസർകോട്: സർക്കാർ നടപ്പാക്കുന്ന വികസന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. വിവിധ കാരണങ്ങളാൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി. കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വകുപ്പുകളുടെ അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പദ്ധതികൾ നടപ്പാക്കുന്നതിലെ പോരായ്മകളും പ്രായോഗിക തടസ്സങ്ങളും കണ്ടെത്തി പരിഹരിക്കുകയാണ് അവലോകന യോഗങ്ങളുടെ പ്രധാന ലക്ഷ്യം. സർക്കാരിന്റെ വികസന നയം ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നതിനും പദ്ധതികളുടെ നിർവഹണം കാര്യക്ഷമമാക്കുന്നതിനും ഇത്തരം യോഗങ്ങൾ സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു.
ആദിവാസി ഗോത്രമേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിയന്തര പ്രാധാന്യം നൽകും. പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്ന വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, വകുപ്പിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾക്ക് മുൻഗണന നൽകി നടപടികൾ സ്വീകരിക്കും. ഇതിനായി മുൻഗണനാപട്ടിക തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.

സർക്കാർ ആവിഷ്കരിക്കുന്ന പദ്ധതികളുടെ പ്രയോജനം താഴെത്തട്ടിലുള്ള അർഹരായ ഗുണഭോക്താക്കളിലേക്ക് കൃത്യമായി എത്തുമ്പോഴാണ് അവ വിജയകരമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നൂറുദിന കർമപരിപാടിയുടെ ഭാഗമായി വകുപ്പ് പ്രഖ്യാപിച്ച 32 പദ്ധതികളും പൂർത്തീകരിച്ചതായും മന്ത്രി പറഞ്ഞു. ലൈഫ് മിഷൻ മുഖേന നേരത്തെ നടപ്പാക്കിയിരുന്ന പട്ടികജാതി, പട്ടികവർഗ കുടുംബങ്ങൾക്കുള്ള ഭവനനിർമാണം വകുപ്പ് നേരിട്ട് നിർവഹിക്കുന്നതിനുള്ള മാർഗരേഖകൾ തയ്യാറായിട്ടുണ്ട്. അർഹരായ ഗുണഭോക്താക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ച് പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചെന്നൈ: തെന്നിന്ത്യൻ ചലച്ചിത്ര സംഗീത സംവിധായകൻ ദേവ (75)അന്തരിച്ചു. 1989-ൽ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി 400-ലധികം സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്. അണ്ണാമലൈ, ബാഷ, ആസൈ, കാതൽകോട്ടൈ, പ്രിയമുടൻ, വാലി, ഖുഷി എന്നിവ സംഗീത സംവിധാനം ചെയ്ത പ്രധാന ചിത്രങ്ങളാണ്. മലയാളത്തിൽ ദി പ്രിൻസ് , കിംഗ് സോളമൻ, ഫാന്റം എന്നീ സിനിമകൾക്ക് സംഗീതം നൽകിയിട്ടുണ്ട്.

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതുയുഗ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ
പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ ‘സംസ്ഥാനതല സെമിനാർ മന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാർ വനിതകളെ ചേർത്തുപിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2013ലെ ‘പോഷ്’ നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പല സ്ഥാപനങ്ങളിലും ഇവ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിലെ അതിക്രമങ്ങളും അപമാനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് തലത്തിൽ ശക്തമായ നിരീക്ഷണവും കർശന പരിശോധനകളും നടത്തുമെന്നും മന്ത്രി ബിന്ദു കൃഷ്ണ വ്യക്തമാക്കി.
കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ജി.വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം, വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി. ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി, വനിതാ കമ്മീഷൻ പി ആർ ഒ ദിവ്യ റ്റി എസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസ്സെടുത്തു.


