കെനിയയിൽ ഹെലികോപ്റ്റർ തകർന്ന് 7 മരണം. മധ്യ കെനിയയിലെ സംബുരു കൗണ്ടിയിലുള്ള ഒലോലോക്വെ പര്‍വതനിരകളിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇക്വഡോറിലെ ഇന്റലിജന്‍സ് മേധാവിയും ഭാര്യയും വിനോദസഞ്ചാരികളായ അമേരിക്കക്കാരും പൈലറ്റുമാണ് മരിച്ചത്.
തലസ്ഥാനമായ നയ്‌റോബിക്ക് വടക്കുള്ള സാംബുരു കൗണ്ടിയിൽ ബുധനാഴ്ച രാവിലെയാണ് അപകടം നടന്നതെന്ന് കെനിയ സിവിൽ ഏവിയേഷൻ അതോറിറ്റി (കെസിഎഎ) അറിയിച്ചു. ലോയിസാബ വന്യജീവി സങ്കേതത്തിൽ നിന്നാണ് ഹെലികോപ്റ്റർ യാത്ര തിരിച്ചത്. അപകടസ്ഥലം തീപിടിച്ചു കത്തുന്ന ദൃശ്യങ്ങൾ കെനിയ റെഡ് ക്രോസിന്റെ എക്‌സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരുന്നു. ദുർഘടമായ ഭൂപ്രദേശം രക്ഷാപ്രവർത്തനത്തിന് തടസ്സമായതായും അവർ വ്യക്തമാക്കി.
ഹെലികോപ്റ്ററിൽ ഒരു പൈലറ്റും ആറ് യാത്രക്കാരു ഉൾപ്പടെ ഏഴ് പേരുണ്ടായിരുന്നതായും ആരും രക്ഷപ്പെട്ടിട്ടില്ലെന്നും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (എഎഐടി) ഡയറക്ടർ ഫ്രെഡ്രിക് കബുംഗെ എഎഫ്പിയോട് പറഞ്ഞു. അപകടത്തിൽ അഞ്ച് അമേരിക്കൻ പൗരന്മാർ മരിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. എന്നാൽ മരിച്ചവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. വിനോദസഞ്ചാരികളെ കാഴ്ചകൾ കാണിക്കുന്നതിനായുള്ള യാത്രയിലായിരുന്നു ഹെലികോപ്റ്ററെന്ന് അധികൃതർ പറഞ്ഞു.

ലോക കൊതുക്ദിന സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ് എഫ് എസ് പാരിഷ് ഹാളിൽ ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു.

പകർച്ചവ്യാധി പ്രതിരോധത്തിൽ ജനങ്ങളുടെ പങ്കാളിത്തവും ജാഗ്രതയും പ്രധാനം:മന്ത്രി കെ. മുരളീധരൻ
ലോക കൊതുക്ദിന സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിർവഹിച്ചു.
കൊതുക് ജന്യ രോഗങ്ങൾ പ്രതിരോധിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനും സമൂഹത്തിന്റെ പൂർണ്ണ പങ്കാളിത്തവും ജാഗ്രതയും അനിവാര്യമാണെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ലോക കൊതുക് ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂർക്കാവ് എസ് എഫ് എസ് പാരിഷ് ഹാളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ നടക്കുന്ന രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങൾ പൂർണമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഡ്രൈ ഡേ കൃത്യമായി ആചരിക്കണം. വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ചകളിൽ സ്വന്തം വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ കൊതുക് ഉറവിട നശീകരണത്തിന് അതീവ പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് പനി പോലുള്ള രോഗലക്ഷണങ്ങൾ കണ്ടാൽ സ്‌കൂൾ അധികൃതർ ഒരു കാരണവശാലും അത് മറച്ചുവെക്കരുത്. രോഗവിവരങ്ങൾ ഉടനടി ആരോഗ്യവകുപ്പിനെ അറിയിക്കുന്നത് അടിയന്തര ഇടപെടലുകൾ നടത്താനും രോഗവ്യാപനം തടയാനും സഹായിക്കും. കുടിവെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി ഹോട്ടലുകളിലും തട്ടുകടകളിലും തിളപ്പിച്ചാറിയ വെള്ളം മാത്രമേ ഉപഭോക്താക്കൾക്ക് നൽകുന്നുള്ളൂ എന്ന് ഉറപ്പാക്കണം. പരിശോധനകൾ കർശനമാക്കുമെന്നും നിർദ്ദേശങ്ങൾ പാലിക്കാത്ത വൃത്തിഹീനമായ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് മരുന്നുകൾ സ്റ്റോക്ക് ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ആരോഗ്യ കേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി, അഡിഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ.പി, ഡോ. ബി ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ഡോ. റീത്ത ചടങ്ങിൽ പങ്കെടുത്തവർക്ക് കൊതുക് നശീകരണ ബോധവൽക്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച തത്സമയ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

തിരുവനന്തപുരം മൃഗശാലയ്ക്ക് അഴകായി സീബ്രകളെത്തി
രണ്ടര ദിവസത്തെ യാത്രയ്‌ക്കൊടുവിൽ ഗുജറാത്തിലെ വൻതാരയിൽ നിന്നും തിരുവനന്തപുരം മൃഗശാലയിലേക്ക് രാജകീയ പ്രൗഡിയോടെ അവരെത്തി. ഒമ്പത് കൊല്ലങ്ങൾക്ക് ശേഷമാണ് മൃഗശാലയിലെ സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ മൂന്ന് സീബ്രകളെ എത്തിച്ചത്. ഗുജറാത്തിലെ ഗ്രീൻസ് വൈൽഡ് ലൈഫ് റെസ്‌ക്യൂ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ നിന്നാണ് മൂന്നു വയസ് പ്രായമുള്ള രണ്ടു പെൺസീബ്രകളെയും അഞ്ച് വയസുള്ള ആൺ സീബ്രയെയും മൃഗശാലയിലെത്തിച്ചത്. സന്ദർശകർക്കുള്ള ഓണ സമ്മാനമാണ് സീബ്രകളുടെ വരവെന്ന് ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സീബ്രകളെ കാണുന്നതിന് സന്ദർശകർക്കുള്ള കവാടം തുറന്നു നൽകിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും, ഓണത്തോടനുബന്ധിച്ച് സീബ്രകളെത്തുന്നത് സന്ദർശകർക്ക് മികച്ച ദൃശ്യവിരുന്നാകുമെന്നും മന്ത്രി പറഞ്ഞു.


പ്രത്യേകം തയ്യാറാക്കിയ അനിമൽ ആംബുലൻസിൽ വൻതാരയിലെ വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ 13 അംഗ ടീമാണ് റോഡ് മാർഗം സീബ്രകളെ ഇന്ന് പുലർച്ചെ 5.15 ഓടെ തിരുവനന്തപുരത്ത് എത്തിച്ചത്. മാർഗതടസമുണ്ടാകാതിരിക്കാൻ കേരള അതിർത്തിയിൽ നിന്നും പോലീസ് പൈലറ്റ് വാഹനം അകമ്പടിയേകി. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽ നിന്ന് എത്തിച്ച സീത എന്ന സീബ്ര 2017ൽ പ്രായാധിക്യം മൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്. മൃഗശാല കാണാനെത്തുന്ന കുട്ടികളുടെ സീബ്രയെ കാണണമെന്ന നിരന്തര ആവശ്യമാണ് യാഥാർത്ഥ്യമായതെന്നും പുതിയ അതിഥികൾക്ക് പേരിടുന്നതടക്കമുള്ള നടപടികൾ ആലോചിക്കുന്നതായും മൃഗശാല സൂപ്രണ്ട് ടി.വി അനിൽ കുമാർ വ്യക്തമാക്കി. ദീർഘയാത്രയുടെ അല്പം ക്ഷീണമൊഴിച്ചാൽ സീബ്രകൾ പൂർണ ആരോഗ്യവാൻമാരാണെന്നും സന്ദർശകർക്ക് ഇവയെ കാണുന്നതിന് തടസമുണ്ടാകാത്ത വിധം 21 ദിവസത്തെ തുറന്ന ക്വാറന്റൈൻ മാത്രമാണുള്ളതെന്നും മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ വ്യക്തമാക്കി.
സീബ്രകൾക്കായി രണ്ടാഴ്ചത്തേക്കുള്ള തിമോത്തി ഗ്രാസ് എന്ന ഹൈബ്രിഡ് പുല്ലും വൻതാരയിൽ നിന്നെത്തിച്ചു. ഇനി മുതൽ ഇവിടുത്ത വൈക്കോലും ഇടകലർത്തി നൽകി പുതിയ സാഹചര്യവുമായി ഇവയെ ഇണക്കിയെടുക്കും. സീബ്രകളെ ലഭിച്ചതിന് പകരമായി തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ഒരു ആൺ സിംഹവാലൻ കുരങ്ങനെയും ഒരു രാജവെമ്പാലയെയും വൻതാരയിലേക്ക് നൽകും.
മൃഗശാല ഡയറക്ടർ മഞ്ജുളാദേവി, മൃഗശാല ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.