പൂഞ്ഞാറില്‍ നാലരക്കോടി രൂപ ചെലവഴിച്ചെന്ന വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് പി സി ജോര്‍ജ്. തന്നെ തെറ്റിദ്ധരിപ്പിച്ചതാണെന്നും അങ്ങനെ ഒരു സംഭവമുണ്ടായില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു. എരുമേലിയിലെ ഒന്നിലധികം പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് താന്‍ വെളിപ്പെടുത്തിയത്. ‘ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും ഞാന്‍ ആരോടും വാങ്ങിയിട്ടുമില്ല, കൊടുത്തിട്ടുമില്ല. പാര്‍ട്ടിക്കുള്ളിലെ കുശുമ്പന്മാരാണ് ഈ വൃത്തികെട്ട പ്രചരണമുണ്ടാക്കിയത്. എരുമേലിയിലെ പ്രസംഗത്തിന് ശേഷം ബിജെപി ഔദ്യോഗികമായി കണക്ക് നല്‍കി. നാലരക്കോടി എന്നത് തെറ്റായ കണക്കാണ്. എന്നെ തെറ്റിദ്ധരിപ്പിച്ചതാണ്. ഒരു കാരണവശാലും ആ രീതിയില്‍ പ്രചരണം നടത്തുന്നത് ശരിയല്ല. പച്ചക്കള്ളമാണ്. സജി കുരിക്കാട് സത്യസന്ധനായ അധ്യാപകനാണ്. ആരോടും ഒരു പണം പോലും വാങ്ങില്ല. അയാളൊന്നും വൃത്തികേട് ചെയ്യില്ല’, പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.