- ലോക ഒക്യുപ്പേഷണല്‍ തെറാപ്പി ദിനാചരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: വൈകല്യങ്ങളെ അതിജീവിച്ചു ആത്മാഭിമാനത്തോടെ സ്വതന്ത്രമായി ജീവിക്കാന്‍ വ്യക്തികളെ പ്രാപ്തമാക്കുന്നതില്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ ചെയ്യുന്ന സേവനം വിലമതിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍. കേരളാ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച ലോക ഒക്യുപ്പേഷണല്‍ തെറാപ്പി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആരോഗ്യമന്ത്രി.
ആരോഗ്യ പരിചരണ വിജയത്തിന് രോഗമുക്തി മാത്രമല്ല, സ്വാതന്ത്ര ജീവിതം സാധ്യമാണോ എന്നതും അനിവാര്യമാണ്. ജില്ലാ ആശുപത്രികളില്‍ തെറാപ്പിസ്റ്റിന്റെ സേവനം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പുനല്‍കി. ഇതിനായി ആശുപത്രികളില്‍ തസ്തിക സൃഷ്ടിക്കും. ആരോഗ്യമേഖലയില്‍ സാമ്പത്തിക പ്രതിസന്ധി തടസമാകില്ല. ഭിന്നശേഷിക്കാരായ കുട്ടികള്‍, വിവിധ ആരോഗ്യ അവസ്ഥയിലൂടെ കടന്നു പോകുന്ന വ്യക്തികള്‍ എന്നിവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.
ഒക്യുപേഷണല്‍ തെറാപ്പി ഇന്‍ ദ എന്‍.ഐ.സി.യു.: ബ്രിഡ്ജിങ് ന്യൂറോസയന്‍സ് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ് എന്ന വിഷയത്തില്‍ കിംസ് ഹെല്‍ത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. നവിന്‍ ജയിന്‍, മൂവ് ആന്‍ഡ് ഗ്രോ സ്ഥാപക ഡോ. ഗീതാ എം. അറോറ എന്നിവര്‍ ശില്പശാല നയിച്ചു. നൂറ്റമ്പതിലേറെ പ്രതിനിധികള്‍ ശില്പശാലയില്‍ പങ്കെടുത്തു.
‘പാര്‍ട്ടിസിപ്പെഷന്‍ മറ്റേഴ്സ്’ എന്നതാണ് ഇത്തവണത്തെ ഒക്യുപേഷണല്‍ ദിനചാരണത്തിന്റെ പ്രമേയം. ചടങ്ങില്‍ വിവിധ സര്‍വകലാശാലകളില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പ്രൊഫഷണല്‍ എക്‌സലന്‍സ് പുരസ്‌കാരം ഡോ. ജോസഫ് സണ്ണിക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിച്ചു.
കേരളാ ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ.മേരി ഫിലിപ്, സെക്രട്ടറി ഡോ. സ്മൃതി ജോസ് സി., അയോട്ട ഓണററി സെക്രട്ടറി ഡോ. ജോസഫ് സണ്ണി എന്നിവര്‍ സംസാരിച്ചു.
