തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ മുൻ രജിസ്ട്രാറും എഴുത്തുകാരിയും എസ്എൻ കോളജുകളിലെ അധ്യാപികയുമായിരുന്ന ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു.
തിരുവനന്തപുരം∙ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലാ മുൻ രജിസ്ട്രാറും എഴുത്തുകാരിയും എസ്എൻ കോളജുകളിലെ അധ്യാപികയുമായിരുന്ന ഡോ.ടി.അനിതകുമാരി (63)അന്തരിച്ചു. സംസ്കാരം ഇന്നു(09) തിരുവന്തപുരം ശാന്തികവാടത്തിൽ രാവിലെ 11ന്. പത്തനംതിട്ട മൈലപ്ര അശോക് ഭവനിൽ പരേതരായ എം.എസ്.തങ്കപ്പന്റെയും ടി.എൻ.ശാരദയുടെയും മകളാണ്. നാഷനൽ ഇൻഷുറൻസിൽ ഡവലപ്മെന്റ് ഓഫിസറായിരുന്ന പരേതനായ സജീവ് രവിയാണു ഭർത്താവ്.നാഷണൽ ഫിലിം സെൻസർ ബോർഡിലും സംസ്ഥാന ടെലിവിഷൻ അവാർഡ് കമ്മിറ്റിയിലും സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയിലും അംഗമായിരുന്നിട്ടുണ്ട്. ജർമനിയിലെ ട്യൂബിംഗൻ സർവകലാശാലയിലെ ഗുണ്ടർട്ട് ചെയർ ഹോൾഡറായിരുന്നു. ചലച്ചിത്രഗ്രന്ഥത്തിനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, ഗവേഷണകൃതിക്കുള്ള ഡോ.കെ.എം.ജോർജ് പുരസ്കാരം, തായാട്ട് പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്.
സൂസന്നയ്ക്ക് പറയാനുള്ളത് (കഥകൾ), ഒരു ഫെമിനിസ്റ്റിന്റെ ദയനീയാവസ്ഥ (കഥകൾ), സാന്ത്വനത്തിന്റെ സന്ധ്യ (നോവൽ), പത്മരാജൻ; സിനിമ സാഹിത്യം ജീവിതം, ഭ്രമാത്മകതയുടെ വസന്തങ്ങൾ (പ്രബന്ധങ്ങൾ), ഭാഷാസാഹിത്യചരിതം: ആറ്റൂർ, (എഡിറ്റർ) തുടങ്ങിയവയാണു രചനകൾ. സുഗതകുമാരിയെപ്പറ്റിയുള്ള ‘കവിത പൂക്കും കാട്’ ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. മകൾ:ഡോ.അപർണ സജീവ്( അസി.പ്രഫസർ, കൊമേഴ്സ് വിഭാഗം, കാലിക്കറ്റ് സർവകലാശാല)

അധ്യാപക സമൂഹം വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നേറണം: മന്ത്രി എൻ. ഷംസുദ്ദീൻ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റേയും, ഇന്റർനെറ്റ് യുഗത്തിലേയും വേഗത്തിനൊപ്പം അധ്യാപക സമൂഹവും വെല്ലുവിളികൾ ഏറ്റെടുത്ത് മുന്നോട്ട് പോകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. തിരുവനന്തപുരത്ത് സീമാറ്റ്-കേരള സംഘടിപ്പിച്ച പ്രഥമാധ്യാപകർക്കുള്ള റസിഡൻഷ്യൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിശീലനം എല്ലാ മേഖലകൾക്കും ആവശ്യമാണ്. മുൻപ് അറിവുകൾ ആദ്യം നേടിയിരുന്നത് അധ്യാപക സമൂഹമായിരുന്നു. എന്നാൽ ഇന്നത്തെ സോഷ്യൽ മീഡിയ കാലത്ത് അധ്യാപകർക്ക് മുൻപേ തന്നെ വിദ്യാർത്ഥികളും അറിവുകൾ നേടുന്നു. അത് കൊണ്ട് തുടർച്ചയായ പഠനം എല്ലാവർക്കും ആവശ്യമാണ്. അധ്യാപകരേയും, വിദ്യാർത്ഥികളേയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടി ചേർത്തു.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. കെ.കെ മഷൂദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ പ്രൊഫ. (ഡോ. പി. നസീർ മുഖ്യ പ്രഭാഷണം നടത്തി. സീമാറ്റ് കേരള ഡയറക്ടർ ആർ. അരുൺകുമാർ, സീമാറ്റ് കേരള അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സുൽഫിക്കർ എസ് തുടങ്ങിയവർ പങ്കെടുത്തു.