ഒരു പ്രകോപനവും കൂടാതെയാണ് വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടത്. പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. വിദ്യാർത്ഥിനിയുടെ കണ്ണിൽ പോലും പോലീസ് ലാത്തികൊണ്ട് അടിച്ചെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വനിതാ പോലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് പെൺകുട്ടികളെ ഉൾപ്പെടെ പോലീസ് ക്രൂരമായി മർദ്ദിച്ചത്.

ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശമാണ് വിദ്യാർത്ഥികൾ വിനിയോഗിച്ചത്. അവരുടെ പ്രതിഷേധത്തെ നേരിടേണ്ടത് ചർച്ചയിലൂടെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെയുമാണ്. അതിനു പകരം ലാത്തിയും ബലപ്രയോഗവും ഉപയോഗിച്ച് പ്രതിഷേധത്തെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമം അംഗീകരിക്കാനാവില്ല.

എതിർശബ്ദങ്ങളെ മർദ്ദിച്ചൊതുക്കുക എന്നതാണ് യു.ഡി.എഫ് സർക്കാരിന്റെ സമീപനമെങ്കിൽ അതിനെ ശക്തമായി ചെറുക്കും. സർക്കാരിന്റെ സംഘപരിവാർ വിധേയത്വത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളോടുള്ള അസഹിഷ്ണുതയാണ് ഈ പോലീസ് അതിക്രമത്തിന് പിന്നിൽ.

വിദ്യാർത്ഥികൾക്ക് നേരെ അന്യായമായി ലാത്തിച്ചാർജ്ജ് നടത്തിയ ഉദ്യോഗസ്ഥരെ ഉടൻ മാറ്റിനിർത്തി സമഗ്രമായ അന്വേഷണം നടത്തണം. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

വിദ്യാർത്ഥികളെ തല്ലിയൊതുക്കി ജനാധിപത്യ ശബ്ദങ്ങളെ ഇല്ലാതാക്കാമെന്ന് ഒരു സർക്കാരും കരുതേണ്ടതില്ല. കേരളത്തിലെ വിദ്യാർത്ഥി സമൂഹത്തിന്റെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.

സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി : സിജെപി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്തിരുന്ന എല്ലാ എഫ്ഐആറുകളും റദ്ദാക്കി സുപ്രീം കോടതി. ജൂലൈ 20 മുതൽ 25 വരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കോടതി നിർദേശം നൽകി.

ഇതേ തുടർന്ന് സെപ്റ്റംബർ 5ന് ഡൽഹിയിൽ നടത്താനിരുന്ന മാർച്ച് സിജെപി പിൻവലിച്ചു. നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന്
ആവശ്യപ്പെട്ടാണ് സിജെപി പ്രക്ഷോഭം നടത്തിയത്. പ്രധാൻ രാജി വയ്ക്കുകയും പ്രക്ഷോഭകർക്കെതിരേ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകുകയും ചെയ്ത സാഹചര്യത്തിലാണ് പ്രക്ഷോഭം പിൻവലിച്ചത്.

എന്നാൽ കേന്ദ്ര സർക്കാർ ഉറപ്പുകൾ പാലിക്കുന്നില്ലെന്നും വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തകർക്കെതിരേ കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് സിജെപി ഡൽഹിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നേതൃത്വം നൽകിയ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് നഷ്ടപരിഹാരംനൽകുന്നതിനായി കേന്ദ്രത്തിന് മൂന്നു മാസം സമയം അനുവദിക്കണമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

കേരളത്തിന്റെ ആരോഗ്യ ചരിത്രരേഖകൾ വെളിച്ചത്തിലേക്ക്:
“Health in History” പുസ്തകം പ്രകാശനം ചെയ്തു.

സംസ്ഥാന പുരാരേഖ വകുപ്പ് തയ്യാറാക്കിയ, കേരളത്തിന്റെ ആരോഗ്യ മേഖലയുടെ വളർച്ചയുടെ ചരിത്രവും സുപ്രധാന നാഴികക്കല്ലുകളും വ്യക്തമാക്കുന്ന പുരാരേഖകളുടെ സമാഹാരമായ “Health in History” എന്ന ഗ്രന്ഥം കായിക, യുവജന ക്ഷേമ, രജിസ്ട്രേഷൻ, മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി ശ്രീ ഒ. ജെ. ജനീഷ്  പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. അച്യുത് ശങ്കർ എസ് നായർ പുസ്തകം ഏറ്റുവാങ്ങി. 

തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നീ പ്രദേശങ്ങളിൽ ആധുനിക ചികിത്സാ സമ്പ്രദായങ്ങൾ ആരംഭിച്ചതും വളർന്നതും എങ്ങനെയെന്നും, കേരളത്തിന്റെ ആരോഗ്യ പൈതൃകത്തിന്റെ അടിത്തറ എങ്ങനെയെല്ലാമാണ് വികസിച്ചത് എന്നും പുരാരേഖകളിലൂടെ വെളിപ്പെടുത്തുന്ന ഗ്രന്ഥമാണ് “Health in History – Selected Documents”.സെൻട്രൽ ആർക്കൈവ്സ് തിരുവനന്തപുരം, പുരാരഖ വകുപ്പ് ഡയറക്ട്രേറ്റ്, റീജ്യണൽ ആർക്കൈവ്സ് എറണാകുളം, റീജ്യണൽ ആർക്കൈവ്സ് കോഴിക്കോട് എന്നിവിടങ്ങളിൽ സൂക്ഷിച്ചുവരുന്ന, 1800 മുതൽ 1956 വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട അപൂർവ്വമായ ഔദ്യോഗിക രേഖകളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പകർച്ചവ്യാധികളെ നേരിടാൻ ഭരണകൂടങ്ങൾ സ്വീകരിച്ച മാർഗങ്ങൾ, മാതൃകകൾ, ലോക്ക്ഡൗൺ, ക്വാറന്റൈൻ സംവിധാനങ്ങൾ, വാക്സിനേഷന്റെ ആരംഭം, അതിനായി ആരംഭിച്ച ക്യാമ്പുകൾ, ആശുപത്രികളുടെ നിർമ്മാണം, ആരോഗ്യമേഖലയിലെ ഇന്റോ നോർവീജിയൻ പദ്ധതി, ജയിലിലെ ആരോഗ്യ പരിപാലന സംവിധാനങ്ങൾ, ആയുർവേദത്തിന്റെ പ്രചാരണം എന്നിവയെക്കുറിച്ചെല്ലാം രേഖകളിലൂടെ ഈ ഗ്രന്ഥം വിശദമാക്കുന്നു. ഒപ്പം സാനിറ്ററി വകുപ്പിന്റെ രൂപീകരണം, രോഗ പ്രതിരോധ നിയമങ്ങൾ, ഡോക്ടർമാർക്കുള്ള ഔദ്യോഗിക ചികിത്സാ മാർഗ്ഗരേഖകൾ എന്നിവയും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.


 കേരളം ഇന്ന് ആരോഗ്യരംഗത്ത് കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ സ്വാതന്ത്ര്യ പ്രാപ്തിക്ക് മുൻപു തന്നെ ഗ്രാമീണ പ്രദേശങ്ങളിൽ ഡിസ്പെൻസറികളും ആശുപത്രികളും സ്ഥാപിച്ച് അടിത്തറ പാകിയിരുന്നതിന്റെ ഫലമാണെന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ഐക്യകേരള രൂപീകരണത്തിനു മുമ്പുതന്നെ വികസിച്ച വികേന്ദ്രീകൃതമായ ആരോഗ്യ പരിപാലന സംവിധാനത്തെക്കുറിച്ചുള്ള കൌതുകകരമായ ഒട്ടേറെ രേഖകൾ ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സവിശേഷമായി കേരളത്തിന്റെ ആരോഗ്യമേഖയുടെ ചരിത്രം പഠിക്കുന്നവർക്കും പൊതുവായി ചരിത്രവിദ്യാർത്ഥികൾക്കും ആരോഗ്യ പ്രവർത്തകർക്കും ഗവേഷകർക്കും ഒരുപോലെ ആശ്രയിക്കാവുന്ന ഈ ഗ്രന്ഥം കേരളത്തിന്റെ ആരോഗ്യ-ഭരണ ചരിത്ര പഠനത്തിന് മുതൽക്കൂട്ടായിരിക്കും.

പുരാരേഖ വകുപ്പ് ഡയറക്ടർ പാർവതി എസ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ, കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള എന്നിവർ ചടങ്ങിൽ സന്നിഹിതരായി.